Categories: India

കപില്‍ സിബലിനെതിരായ ഹര്‍ജി പരിഗണിക്കാനാവില്ല – സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി കപില്‍ സിബലിനെതിരേ അഡ്വ. പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. ടെലികോം സേവനം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്‌ പിഴ ചുമത്തിയതില്‍ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ഇളവ്‌ നല്‍കിയെന്ന ആരോപണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സ്പെക്ട്രം ലൈസന്‍സ് ലഭിച്ച റിലയന്‍സ് കമ്പനി യാതൊരു മുന്നറിയിപ്പുമില്ലാതെ ചില മേഖലകളില്‍ സേവനം നിര്‍ത്തിവച്ചുവെന്നും ഇതിന് ഈടാക്കേണ്ട വലിയ തുകയുടെ പിഴ കപില്‍ സിബല്‍ ഇടപെട്ടു വെട്ടിക്കുറച്ചുവെന്നും ആരോപിച്ചാണു സത്യവാങ്മൂലം പ്രകാരമുള്ള പരാതി നല്‍കിയത്. 550 കോടി രൂപ പിഴ ഈടാക്കേണ്ടതിനു പകരം 5 കോടി രൂപ മാത്രമാണ് ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. 2 ജി സ്പെക്ട്രം കേസുകള്‍ക്കൊപ്പമായിരുന്നു സത്യവാങ്മൂലം സമര്‍പ്പിച്ച പരാതി കോടതി പരിഗണിച്ചത്.

എന്നാല്‍ 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും ലൈസന്‍സ് ലഭിച്ച ശേഷം പ്രവര്‍ത്തനം തുടങ്ങാത്ത കേസുകള്‍ ഇതിന്റെ കൂടെ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐയും ഹര്‍ജിക്കാരന്റെ ആവശ്യത്തെ എതിര്‍ത്തു. പരാതി ഫയലില്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണു 2ജി കേസുകളോടൊപ്പം പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ജി.എസ്. സിങ് വി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

പ്രശാന്ത് ഭൂഷന്റെ പരാതി തള്ളുന്നില്ലെന്നും കോടതി അറിയിച്ചു. 2010 ഡിസംബര്‍ ഒക്‌ടോബര്‍ 10നും ഡിസംബര്‍ ഏഴിനും ഇടയ്‌ക്ക്‌ വച്ച്‌ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ ഗ്രാമങ്ങളിലെ 13 സര്‍ക്കിളുകളില്‍ ടെലികോം സേവനം തടസപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഒരു സര്‍ക്കിളിന്‌ 50 കോടി രൂപ പ്രകാരം 650 കോടി രൂപ പിഴ ഈടാക്കാനാണ്‌ നിര്‍ദ്ദേശിച്ചിരുന്നത്‌.

എന്നാല്‍ പിഴ 650 കോടിയില്‍ നിന്ന്‌ അഞ്ചു കോടി രൂപയായി കപില്‍ സിബല്‍ ഇളവ്‌ ചെയ്‌തുവെന്നാണ്‌ ആരോപണം. അതേസമയം താന്‍ ടെലികോം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിന്‌ മുമ്പ്‌ റിലയന്‍സ്‌ സേവനം പുനസ്ഥാപിച്ചെന്നും, അതിനാല്‍ അഞ്ചു കോടി രൂപ മാത്രമെ പിഴ ഈടാക്കാന്‍ കഴിയുകയുമുള്ളുവെന്ന്‌ സിബല്‍ വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by