ദേശീയ ജലപാത മൂന്നുമായി ബന്ധിപ്പിച്ച് കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് അതിവേഗ ജലപാത പെരിയാറിനെ മലിനമാക്കുമെന്ന് വളരെ വ്യക്തമാണ്. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി വിശാലകൊച്ചി മേഖലയിലെ കുടിവെള്ള വിതരണം താറുമാറാക്കും. പെരിയാറിലെ ഈ പദ്ധതി ഉപ്പു കലര്‍ന്നതും രാസമാലിന്യം കലര്‍ന്നതുമായ കുടിവെള്ളം വിതരണം ചെയ്യുന്ന അവസ്ഥയിലെത്തിക്കും. 50 ലക്ഷത്തില്‍ പരം ആളുകളാണ് പെരിയാറിനെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. സ്വദേശിക്കും വിദേശിക്കും വിനോദസഞ്ചാരം ഒരുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഒരു വലിയ കുടിവെള്ള വിതരണശൃംഖലയാണ് മലിനീകരണത്തിന്റെ പേരില്‍ തകരുക. ആലുവ കുടിവെള്ള പമ്പിംഗ് സ്റ്റേഷന് വഴിയും ചൊവ്വര പമ്പിംഗ് വഴിയും വിതരണം ചെയ്യുന്ന കുടിവെള്ളം ആശ്രയിച്ചാണ് കൊച്ചി നഗരം നിലനില്‍ക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ പമ്പിംഗ് നിലച്ചാലും കുഴല്‍ കിണറോ കുളങ്ങളോ കിണറുകളോ വഴി ശുദ്ധജലം ലഭ്യമാണ്. എന്നാല്‍ കൊച്ചി നഗരത്തില്‍ എവിടെ കുഴിച്ചാലും ഉപ്പുവെള്ളമാണ് ലഭിക്കുക. ഈ നഗരം കുടിവെള്ളത്തിന് മാത്രമല്ല എല്ലാ ആവശ്യങ്ങള്‍ക്കും പെരിയാറിനെയാണ് ആശ്രയിക്കുന്നത്. അതും ജല അതോറിറ്റിയുടെ ആലുവ-ചൊവ്വര പമ്പിംഗിനെ. ജലപാതയുടെ പേരില്‍ പാതാളം ബണ്ട് തുറന്നിടുകയും നദിയില്‍ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടുകയും പുഴയിലൂടെ നിരന്തരം ബോട്ട് സര്‍വീസുകള്‍ നടത്തുകയും ചെയ്താല്‍ പമ്പിംഗ് സ്റ്റേഷനുകള്‍വരെ ഉപ്പുവെള്ളവും മലിനജലവും വേലിയേറ്റ സമയത്ത് കയറുകയും നിലവിലുള്ള ജലശുദ്ധീകരണ പ്രക്രിയയിലൂടെ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ വരികയും ചെയ്യും. പെരിയാര്‍ കേരളത്തിന്റെ ജീവനാഡിയാണ്. കുടിവെള്ളം, കൃഷിക്കാവശ്യമായ ജലം, വൈദ്യുതി ഉല്‍പ്പാദനം, ഉള്‍നാടന്‍ മത്സ്യസമ്പത്ത്, വ്യവസായം എന്നിവയ്ക്കായി കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിനെ ആശ്രയിക്കുന്നത്ര കേരളത്തിലെ മറ്റൊരു നദിയേയും നാം ആശ്രയിക്കുന്നില്ല. പെരിയാറിന് 244 കിലോമീറ്റര്‍ ദൂരം നീളമുണ്ട്. അതില്‍ വെറും 23 കിലോമീറ്ററാണ് ദേശീയ ജലപാത മൂന്നുമായി ബന്ധപ്പെടുത്തി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാതയ്ക്കായി ഉപയോഗിക്കുവാന്‍ പോകുന്നത്. ഈ ഭാഗത്താണ് കേരളത്തിന്റെ വ്യവസായ ശൃംഖലയായ 300 ഓളം വ്യവസായങ്ങളുമായി ഏലൂര്‍-എടയാര്‍ വ്യവസായ മേഖല സ്ഥിതി ചെയ്യുന്നത്. വ്യവസായ ശാലകള്‍ നിരന്തരമായി പുറത്തുവിടുന്ന ടീറ്റ് ചെയ്യാത്ത മാലിന്യങ്ങള്‍ വഴി പെരിയാര്‍ നിറംമാറി ഒഴുകുകയും മത്സ്യക്കുരുതി നടക്കുകയും ചെയ്യുന്നതും ഈ മേഖലയിലാണ്. പെരിയാറിന്റെ വരാപ്പുഴ മുതല്‍ പാതാളംവരെയുളള ഭാഗത്ത് ആളുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കുളിക്കുവാന്‍പോലും പെരിയാറിനെ ഉപയോഗിക്കുവാന്‍ മടിക്കുന്നു. ഈ ഭാഗത്തുനിന്നും ആലുവാ പമ്പിംഗ് സ്റ്റേഷന്‍വരെ ഓരുവെള്ളവും മലിനജലവും വേലിയേറ്റ സമയത്ത് കയറി വരാതിരിക്കുവാനാണ് 1980 കളില്‍ പാതാളത്ത് ബണ്ട് കെട്ടുവാന്‍ ആരംഭിച്ചത്. പണ്ടൊക്കെ ബണ്ട് നിര്‍മാണം അറ്റ വേനലായ ഏപ്രില്‍-മേയ് മാസങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ പിന്നീട് പെരിയാറില്‍ അണക്കെട്ടുകളുടെ എണ്ണം പെരുകുകയും വൃഷ്ടി പ്രദേശ വനപ്രദേശം നഷ്ടമാകുകയും ചെയ്തപ്പോള്‍ മഴമാറിയാല്‍ ഓരുവെള്ള ഭീഷണി എന്ന നിലയായി. അതിനാല്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍തന്നെ ബണ്ടുനിര്‍മാണം തുടങ്ങേണ്ട അവസ്ഥയാണിന്ന്. ഈ സാഹചര്യത്തില്‍ പെരിയാറ്റില്‍ പാതാളത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ച് റെഗുലേറ്റര്‍ ഭാഗം കൂടെ കൂടെ ചരക്ക് ഗതാഗതത്തിനും യാത്രക്കാര്‍ക്കുമായി നിരന്തരം തുറക്കുന്ന സ്ഥിതി വന്നാല്‍ തീര്‍ച്ചയായും കുടിവെള്ള പമ്പിംഗ് സ്റ്റേഷന്‍വരെ ഓരുവെള്ളവും മാരകമാലിന്യങ്ങളും വേലിയേറ്റ സമയത്ത് ഇരച്ചുകയറും. നിലവില്‍ ആലുവായിലോ ചൊവ്വരയിലോ കുടിവെള്ളത്തില്‍നിന്നും മാരക രാസമാലിന്യങ്ങള്‍ മാറ്റുന്നതിനോ, ജലം ഡിസലൈന് ചെയ്യുന്നതിനോ സംവിധാനമില്ല. അത് സ്ഥാപിക്കുന്നത് ചിലവേറിയതുമാണ്. ലക്ഷക്കണക്കിനാളുകള്‍ പെരിയാറിലെ കുടിവെള്ളം ആശ്രയിക്കുകയും ഒരു നഗരവും പ്രാന്തപ്രദേശങ്ങളും പൂര്‍ണമായും പെരിയാറിലെ ജലം നിത്യ ഉപയോഗത്തിനായി ഉപയോഗിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാതയുടെ പേരില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. കൊച്ചി എയര്‍പോര്‍ട്ടിനുവേണ്ടി ജനങ്ങളുടെ കയ്യില്‍നിന്നും ഭൂമി തുച്ഛമായ വിലയ്ക്ക് തട്ടിപ്പറിച്ചെടുത്ത് സായ്പിന് ഗോള്‍ഫ് കളിക്കുവാന്‍ സംവിധാനം ഒരുക്കിയതുപോലെ നിലവിലുള്ള ശുദ്ധജലവിതരണം തടസ്സപ്പെടുത്തി അതിവേഗ ജലപാത നിര്‍മിച്ച് സമ്പന്നര്‍ക്ക് വിനോദസഞ്ചാരം ഒരുക്കുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതാണ്. സാമൂഹ്യനീതിയ്ക്ക് മുന്തിയ പരിഗണന നല്കുന്ന യുഡിഎഫ് സര്‍ക്കാര്‍ 103.77 കോടി രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാത കേരളത്തിലെ സാധാരണക്കാരന്റെ ഏതെങ്കിലും പ്രശ്നത്തിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല. കാര്‍ഗോ നീക്കത്തിനായി ഈ ജലപാത ഉപയോഗിക്കാമെന്നതും ആലുവ-എറണാകുളം റൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നതും പെരിയാറിനെ കുറിച്ചോ, എറണാകുളത്തെ ഗതാഗതക്കുരുക്കിനെക്കുറിച്ചോ ചരക്ക് നീക്കത്തെ കുറിച്ചോ ഒന്നുമറിയാത്തവര്‍ നടത്തിയ ചില പഠനങ്ങളുടെ വെളിച്ചത്തിലുള്ള വിലയിരുത്തലുകളാണ്. ഒരു സര്‍ക്കാര്‍ ഈ അശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനദ്രോഹപരമാണ്. തോട്ടപൊട്ടിച്ച് മീന്‍പോലും പിടിക്കുവാന്‍ നിയമം അനുവദിക്കാത്തിടത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പെരിയാറിന്റെ ആഴംകൂട്ടുകയെന്ന പേരില്‍ പാറവെടിവയ്ക്കാനും ഡ്രഡ്ജ് ചെയ്യാനും തുനിയുന്നത്. ഒരു നദിയെ വികൃതമാക്കുവാനേ പെരിയാറ്റിലെ പാറപൊട്ടിക്കല്‍ കാരണമാകൂ. പെരിയാറിന്റെ ആഴം കൂട്ടുകയെന്നത് ശേഷിക്കുന്ന മണല്‍ ശേഖരം കൊള്ളയടിക്കുകയെന്ന ഗൂഢലക്ഷ്യത്തിനപ്പുറം ഒന്നുമില്ല. പെരിയാറില്‍ അടിയ്ക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിക്ക് കാരണമെന്തെന്നോ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി വരുന്നത് പ്രത്യേകിച്ചും എവിടെവരെയാണെന്നോ, രാസമാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരാനുള്ള സാധ്യതയെ കുറിച്ചോ പഠിക്കാതെ പുഴ ആഴം കൂട്ടുകയും പെരിയാറ്റിലെ പാതാളം ബണ്ട് തുറന്നിടുകയും ചെയ്ത് പാസഞ്ചര്‍ ബോട്ടുകളും കാര്‍ഗോ ബോട്ടുകളും ഓടിച്ച് ശുദ്ധജലം മലിനമാക്കുന്ന അവസ്ഥ സൃഷ്ടിക്കുവാന്‍ ഒരു ജനാധിപത്യ സര്‍ക്കാരും തയ്യാറാകരുത്. വിനോദസഞ്ചാരവും മറ്റും വികസിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ കുടിവെള്ളത്തിനാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. പദ്ധതിയുടെ ആകെയുള്ള 53.5 കിലോമീറ്ററില്‍ പെരിയാറിലൂടെയുള്ള 26 കിലോമീറ്റര്‍ ശുദ്ധജലപാത മലിനമാകാതെ പദ്ധതിക്കായി ഉപയോഗിക്കുക അസാധ്യമാണ്. പാതാളം ബണ്ടിന് മുകളില്‍ കാഞ്ഞൂര്‍ വഴി ചെങ്ങല്‍തോട്ടില്‍ എത്തിച്ചേരണമെങ്കില്‍ പെരിയാറിന്റെ അടിത്തട്ട് പൊളിക്കണം. 2001 ലെ നദീസംരക്ഷണം മണല്‍വാരല്‍ നിയന്ത്രണനിയമത്തില്‍ നദിയുടെ അടിത്തട്ട് പൊളിച്ച് മണല്‍വാരുന്നത് നിയമം വഴി തടഞ്ഞിട്ടുള്ളതാണ്. അതാണ് ഡ്രഡ്ജിംഗ് വഴി ലംഘിക്കുവാന്‍ പോകുന്നത്. ഇതുവഴി നദിയില്‍ വെള്ളം കലങ്ങിമറിയുകയും നദീ ആവാസവ്യവസ്ഥ തകിടം മറിയുകയും ചെയ്യും. ഇത് ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ളം മലിനമാക്കും. 2011 ലെ കേന്ദ്ര ഇക്കോ ടൂറിസം നിയമത്തിന്റെ കരടില്‍ ആവാസവ്യവസ്ഥകള്‍ക്ക് ഭംഗം വരുത്തി ടൂറിസം പാടില്ല എന്ന് വ്യവസ്ഥയുണ്ട്. നദിയുടെ അടിത്തട്ടില്‍ പാറപൊട്ടിക്കുന്നത് പ്രാദേശിക ജലസ്രോതസ്സുകളെ തകര്‍ക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ടത് സായ്പിനെ പ്രതീപ്പെടുത്തണോ അതോ കേരളീയരായ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളം മുട്ടിക്കണോ എന്നതാണ്. മന്ത്രിമാര്‍ പ്രസ്താവന നടത്തിയതുകൊണ്ട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാതയിലെ പാരിസ്ഥിതിക ആഘാതം കുറയില്ല. അതിനായി ശാസ്ത്രസാങ്കേതിക-ഭൗതിക-രാസ ജലസ്രോതസ്സ് പഠനമാണാവശ്യം. ഓരുവെള്ള കയറ്റം, രാസമാലിന്യ നീക്കം, ആഴം കൂട്ടുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍, കുടിവെള്ളത്തിന് ബദല്‍ സംവിധാനങ്ങള്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുവേണം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാത യാഥാര്‍ത്ഥ്യമാക്കുവാന്‍. പെരിയാര്‍ സംരക്ഷിക്കാതെ ജലപാതയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ “ലക്ഷ്യം” മനസ്സിലാക്കും പ്രതികരിക്കും. കാരണം കുടിവെള്ളം കഴിഞ്ഞുതന്നെയാണ് ജനങ്ങള്‍ക്ക് വിനോദസഞ്ചാരം. അതിവേഗ ജലപാത ഒരു തരത്തിലും കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: