ന്യൂദല്‍ഹി: രാജിവച്ച സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടു തല്‍സ്ഥാനത്തു തുടരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭ്യര്‍ഥിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണു ഗോപാല്‍ സുബ്രഹ്മണ്യം രാജിവച്ചത്. രാജിക്കത്ത് കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറി. 2ജി സ്പെക് ട്രം കുംഭകോണക്കേസില്‍ ടെലികോം മന്ത്രാലയത്തെ പ്രതിനിധീകരിക്കാന്‍ രോഹിംഗ്‌ടണ്‍ നരിമാന്‍ എന്ന സ്വകാര്യ അഭിഭാഷകനെ ടെലികോം മന്ത്രി കപില്‍ സിബല്‍ ഏര്‍പ്പെടുത്തിയതാണ് സുബ്രഹ്മണ്യത്തെ ചൊടിപ്പിച്ചത്.
സംഭവത്തില്‍ അതൃപ്തനായ സുബ്രഹ്മണ്യം രാജി നല്‍കിയെങ്കിലും നിയമമന്ത്രി വീരപ്പ മൊയ്‌ലി സ്വീകരിച്ചിരുന്നില്ല. ഇതിനിടെ സുബ്രഹ്മണ്യം രാഷ്‌ട്രപതി പ്രതിഭ പാട്ടീലുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ടുണ്ട്. രാജിയിലേക്കു നയിക്കാനുള്ള സാഹചര്യം രാഷ്‌ട്രപതിയെ അറിയിക്കും.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതികളില്‍ ഹാജരാകുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് സോളിസിറ്റര്‍ ജനറല്‍. ഇന്ത്യക്കാരുടെ വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കേന്ദ്രത്തെ പലതവണ വിമര്‍ശിച്ചിരുന്നു. മാത്രമല്ല കള്ളപ്പണം കേസിനായി സുപ്രീംകോടതി തന്നെ ഒരു സമിതിയെ നിയോഗിച്ചത് സര്‍ക്കാരിന് ക്ഷീണമായി.
കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ സംരക്ഷിക്കുന്നതിന് സോളിസിറ്റര്‍ ജനറലിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ഗോപാല്‍ സുബ്രഹ്മണ്യത്തിനു നേരെ ഉയര്‍ന്നിരുന്നു. ഇതും രാജിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: