കുമളി: സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാംഘട്ടപരിശോധനകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് കേരളാ-തമിഴ്നാട് അധികൃതരുമായി കൂടിയാലോചനകള്‍ നടത്താന്‍ വിദഗ്ദ്ധസംഘമെത്തി. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസേര്‍ച്ച് സ്റ്റേഷന് ഡയറക്ടര്‍ ഡോ. ദേശായിയും സംഘവുമാണ് ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്.
കേരളത്തിന്റെ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് എം.കെ. പരമേശ്വരന്‍നായര്‍, അന്തര്‍സംസ്ഥാന നദീജലബോര്‍ഡ് (ഐഡിആര്‍ബി) ചീഫ് എഞ്ചിനീയര്‍ പി. ലതിക എന്നിവര്‍ക്കും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഇന്നലെ രാവിലെ 11.30ഓടെയാണ് ഡോ. ദേശായി അണക്കെട്ടിലെത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെ സാങ്കേതിക വിദഗ്ദ്ധര്‍ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ സംവിധാനമുപയോഗിച്ച് അണക്കെട്ടില്‍ നടത്തിയ ആദ്യഘട്ട പരിശോധനകള്‍ ജൂണ്‍ 6ന് അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട പരിശോധനകള്‍ തുടങ്ങുന്നതിനായി ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചത്.
പ്രധാന അണക്കെട്ടിന്റെ മുകള്‍ ഭാഗത്തുനിന്നും താഴേക്ക് തുരന്ന് അണക്കെട്ടു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പഠനത്തിന് വിധേയമാക്കുകയാണ് രണ്ടാംഘട്ട പരിശോധനകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: