കൊച്ചി: സംസ്ഥാന ധനവകുപ്പില്‍ വാണിജ്യമേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബ്യൂറോ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വാണിജ്യ മേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന വാണിജ്യമേഖലയിലെ സംഘടനയുടെ ആവശ്യം പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ധന വകുപ്പില്‍ ബ്യൂറോ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി രൂപീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന ബജറ്റിനെകുറിച്ച് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നികുതി വകുപ്പില്‍ നികുതി പിരിവുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി വിദഗ്ധരെ ഉള്പപെടുത്തിയുള്ള മോണിറ്ററിംഗ്് സമിതിയുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണാഭരണ മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളുടെ ടേണ്‍ഓവര്‍ കൂടി കണക്കിലെടുത്ത് നികുതി പിരിക്കുന്നതിനുള്ള തീരുമാനത്തില്‍ അപാകതകളില്ലെന്നും നിലവിലുള്ള കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ വ്യാപരാസ്ഥാപനങ്ങള് നല്കുന്ന അസസ്മെന്റിനോടൊപ്പം ടേണ്‍ ഓവര്‍ കൂടി പരിശോധിച്ച് ഏതാണ് കൂടുതല്‍ എങ്കില്‍ അതിന് നികുതിയെന്നതാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഈ തീരുമാനം വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ധനമന്ത്രിയുടെ വെബ്സൈറ്റ് ഉടന്‍ ആരംഭിക്കുമെന്നും നിശ്ചിത സമയത്ത് ഈ വെബ്സൈറ്റിലൂടെ മന്ത്രിയുമായി ആശയവിനമയം നടത്തുന്നതിനും പരാതികള്‍ ശ്രദ്ധയില്പ്പടുത്തുന്നതിനും സൗകര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റ് മനോഹരമാണെന്നും കുറ്റമററതാണെന്നുമുള്ള അഭിപ്രായം തനിക്കില്ല. എല്ലാ ആവശ്യങ്ങളും പൂര്‍ണമായി നിറവേറ്റാന്‍ ഒരു ബജറ്റിനും കഴിയാറില്ല. ആവശ്യങ്ങള്‍ എല്ലായ്പ്പോഴും അധികമായിരിക്കുമെന്നും മാണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് പൂര്‍ണമായ ബജറ്റ് അല്ലാത്തതിനാല്‍ എല്ലാവിഷയങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ മാണി ജനങ്ങള്‍ സ്വാഗതം ചെയ്ത ബജറ്റാണ് തന്റെതെന്നും അവകാശപ്പെട്ടു.കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. നുറ് ശതമാനവും തികഞ്ഞതല്ല തന്റെ ബജറ്റ് എന്നതിനാല്‍ തന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാനും സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രായോഗിക സമീപനമില്ലാതെ സൈദ്ധാന്തിക ശാഠ്യങ്ങളോടെയുള്ള ബജറ്റാണ് മാണി അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ധനമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടത്തിലായി, സംസ്ഥാനം കടക്കെണിയിലായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടയുള്ള പ്രസ്താവനകളാണ് ധനമന്ത്രി നടത്തിയ പ്രസംഗത്തിലുള്ളതെന്നും മുന്‍ ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ ബജറ്റ് പ്രസംഗത്തോടൊപ്പമുള്ള ധനവിനിയോഗത്തെ സംബന്ധിച്ച് നയരേഖയില്‍ പ്രൊഫഷണല്‍ സമീപനമാണുള്ളതെന്നും സംസ്ഥാനത്തിന്റെ സമ്പദ്ഘടന മുന്നോട്ട് കുതിക്കുകയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ തോമസ് ഐസക്ക് ഈ രണ്ട് സമീപനങ്ങളും എങ്ങിനെയാണ് ചേരുകയെന്നും ചോദിച്ചു. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, കുറച്ചുപണം മാത്രമെയുള്ളു ഉള്ളപണം ഉപയോഗിച്ച് കാര്യങ്ങള്‍ നടത്താമെന്ന ധനമന്ത്രി മാണിയുടെ യാഥാസ്ഥിതിക സമീപനത്തെതുടര്ന്നാണ് ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കുവരെ റോഡും പാലങ്ങളും ലഭിച്ചില്ലെന്ന് പറഞ്ഞ് വിലപിക്കേണ്ടിവന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: