കൊളംബസ് അമേരിക്ക കണ്ടെത്തിയതുപോലെ ഇന്ത്യയെ കണ്ടെത്തിയ മഹാനായാണ് പുറംലോകത്ത് നെഹ്റുജീയെ നമ്മള് അവതരിപ്പിച്ചിട്ടുള്ളത്. 1947 ആഗസ്റ്റ് 15 ന് ബ്രിട്ടീഷുകാര്‍ കൈമാറിയ സ്വാതന്ത്ര്യം ആഘോഷത്തോടെയും ആരവത്തോടെയുമാണ് നാം സ്വീകരിച്ചത്. ഉറങ്ങാത്ത ആ രാത്രിയുടെ പകുതിയില്‍ നെഹ്റുജി നിയതിയുടെ സമാഗമ മുഹൂര്‍ത്തം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പട്ടികയില്‍ പണിയാനുദ്ദേശിക്കുന്ന കുറെ വിളക്കുകാലുകളുമുണ്ടായിരുന്നു. ഈ വാഗ്ദത്ത വിളക്കുകാലുകള്‍ വൈദ്യുതി വെളിച്ചം പകര്‍ന്നു നല്‍കാനുള്ളവയായിരുന്നില്ല. മറിച്ച് അവ അഴിമതിക്കാരേയും കരിഞ്ചന്തക്കാരേയും കഴുവേറ്റി പ്രദര്‍ശിപ്പിക്കാനുള്ളവയായിരുന്നു! സ്വാതന്ത്ര്യത്തിന്റെ നീണ്ട ആറ് പതിറ്റാണ്ടുകള്‍ക്കുശേഷവും വിളക്കുകാലുകള്‍ക്കുവേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് അനന്തമായി അപകടകരമാംവിധം നീളുകയാണ്. നെഹ്റുവിന് ജീവിതഘട്ടത്തില്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കഴുവേറ്റപ്പെടേണ്ടവരാരെന്ന് ബോധ്യമായതുകൊണ്ടാവാം വിളക്കുകാലുകളുടെ പണി തുടങ്ങാതിരുന്നത്.
2007 മാര്‍ച്ച് 7-ാം തീയതി സുപ്രീംകോടതിയിലെ 7-ാം നമ്പര്‍ കോടതി ഹാളില്‍ തിങ്ങിനിറഞ്ഞുനിന്നിരുന്ന കറുത്ത കോട്ടുകാരേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി ജഡ്ജിമാരായ ജ.സിന്‍ഹയും ജ.മാര്‍ക്കണ്ഡേയ കഡ്ജുവും തുറന്നടിച്ചു പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. “എവിടേയും അഴിമതിയാണ്. ഒന്നും അഴിമതിയില്‍നിന്നും മുക്തമല്ല. എല്ലാവര്ക്കും രാജ്യത്തെ കൊള്ളയടിക്കണം. അഴിമതിക്കു തടയിടാന്‍ ഇവരില്‍ കുറച്ചുപേരെയെങ്കിലും വഴിവക്കിലെ വിളക്കുകാലില്‍ തൂക്കിക്കൊല്ലണം. അത് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പാകും. പക്ഷേ, നിയമം അതനുവദിക്കുന്നില്ല, അല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആ മാര്‍ഗം സ്വീകരിക്കുമായിരുന്നു. ധാര്‍മിക രോഷംകൊണ്ട് പ്രകോപിതരേപ്പോലെ കടുത്ത വാക്കുകള്‍ പ്രയോഗിക്കാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത് കാലിത്തീറ്റ കുംഭകോണ കേസിലെ പ്രതി ബ്രിജ്ഭൂഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ വെളിപ്പെട്ട അഴിമതിയുടെ ഭയാനക വിശ്വരൂപമാണ്. ഈയടുത്ത ദിവസങ്ങളില്‍ സ്വിസ് ബാങ്കില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള കേസിലും 2 ജി സ്പെക്ട്രം കേസിലുമൊക്കെ സുപ്രീംകോടതിയുടെ ധാര്‍മികരോഷം അണപൊട്ടിയൊഴുകുമ്പോള്‍ ന്യായാധിപന്മാരിലൂടെ പുറത്തുവന്ന വാക്കുകള്‍ക്ക് ബോംബിനേക്കാള്‍ തീവ്രതയുണ്ടായിരുന്നു.
1947 ആഗസ്റ്റ് 15 ന് ദല്‍ഹിയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക വഴി അഴിമതിയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം ഇന്നും പാലിക്കപ്പെടാതെ കിടക്കുകയാണ്. അഴിമതി നേരിടുന്നതില്‍ വ്യവസ്ഥാപിത നീതിന്യായ സംവിധാനവും നിസ്സഹായമാണ്. സുപ്രീംകോടതി ജഡ്ജിമാരുടെ ധാര്‍മികരോഷംവഴി വിളംബരം ചെയ്യപ്പെടുന്നത് ഈ നിസ്സഹായതയാണ്. സ്വാതന്ത്ര്യം കിട്ടിയ ദിവസം ദല്‍ഹിയില്‍ അധികാരം നുണഞ്ഞ നേതാക്കള്‍ ആഹ്ലാദതിമിര്‍പ്പില്‍ അരങ്ങുതകര്‍ത്തപ്പോള്‍ വ്രണിതഹൃദയനായി ബംഗാളിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജനമനസ്സുകളെ ഏകോപിപ്പിക്കാന്‍ ഓടിനടക്കുകയായിരുന്നു ഗാന്ധിജി. അന്നേ ദിവസം ഗാന്ധിജിയെ കണ്ട് ആദരവ് പ്രകടിപ്പിച്ച് അനുഗ്രഹം വാങ്ങാനെത്തിയ ബംഗാളിലെ മന്ത്രിമാരോട് ക്രാന്തദര്‍ശിയായ ബാപ്പുജി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. “നിങ്ങള്‍ വലിയ മുള്‍കിരീടമാണ് എടുത്തുതലയിലണിഞ്ഞിട്ടുള്ളത്. ഈ അധികാര കസേര അരോചകമാണ്. അവിടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ വിവേകശാലികളാകണം. അഹിംസാ താല്‍പ്പര്യവും വിനയവും സഹനശക്തിയും കൂടുതല്‍ ഇനിമുതല്‍ നിങ്ങള്‍ക്കുണ്ടാകണം. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് പാവപ്പെട്ടവരേയും ഗ്രാമീണരേയും സേവിക്കാന്‍ വേണ്ടിയാണ്.” ഗാന്ധിജിയുടെ മനസ്സിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന ഈ വാക്കുകളെ അധികാരിവര്‍ഗം തൃണസമാനം വലിച്ചെറിഞ്ഞു എന്നതാണ് നമ്മുടെ ഭരണരംഗം കാട്ടിയ ഏറ്റവും വലിയ പാതകം.
ഗാന്ധിജി കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഒരു പ്രമുഖ പത്രംഅദ്ദേഹത്തെ വിശേഷിപ്പിച്ചത് “റിച്ച് മാന്‍ ഓഫ് നോ പ്രോപ്പര്‍ട്ടി” എന്നായിരുന്നു. 25.1.42 ന് ഹരിജന്‍ മാസികയില്‍ ഗാന്ധിജി എഴുതി “നിയമസഭാംഗങ്ങളായ ജനപ്രതിനിധികള്‍ ജനങ്ങളുടെ യജമാനന്മാരല്ല മറിച്ച വോട്ടര്‍മാരുടേയും നാടിന്റേയും സേവകരാണ്”. പൊതു മുതല്‍ വിലപ്പെട്ടതാണെന്നും അതിലെ ഓരോ ചില്ലിക്കാശിനും കണക്കുപറയാന്‍ പൊതുജന സേവകന് ബാധ്യസ്ഥനാണെന്നും ഗാന്ധിജി നിഷ്കര്‍ഷിച്ചു. ഭൗതിക സമ്പത്ത് ഒന്നുമില്ലാതിരുന്ന ഗാന്ധിജി ആത്മീയ സമ്പത്തില്‍ ഏറ്റവും മുന്നിലെത്തിയ ഭാരതീയനായിരുന്നു. ധാര്‍മിക രാഷ്ട്രീയത്തിനെന്നും അദ്ദേഹം കുലപതിയായിരുന്നു. പൊതുധനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇപ്രകാരമായിരുന്നു. “നമ്മുടെ പൊതുധനം ഭൂമുഖത്ത് ഏറ്റവും പാവങ്ങളായ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കവകാശപ്പെട്ട പണമാണ്. അതുകൊണ്ടുതന്നെ ഏത് പൊതുപ്രസ്ഥാനവും പ്രവര്‍ത്തകനും ഓരോ ചില്ലിക്കാശിനും കണക്കുവെയ്ക്കണം.
ഇതിന് തയ്യാറല്ലാത്തവരെ പൊതുരംഗത്തിന് പുറത്താക്കി കുറ്റിയിടുകയാണ് വേണ്ടത്. അന്നാഹസാരെ പ്രോട്ടോക്കോളില്‍ ആരെന്ന് ചോദിക്കുന്നവര്‍ ഗാന്ധിജിയും അധികാര രാഷ്ട്രീയത്തിലോ പ്രോട്ടോക്കോളിലോ ആരുമായിരുന്നില്ല എന്നറികവേണം. ജനപ്രതിനിധികളല്ലാത്തവര്‍ക്ക് ഭരണകാര്യത്തില്‍ ഇടമില്ലെന്ന തത്വം അംഗീകരിച്ചാല്‍ ഗാന്ധിജിയേയും നാം തള്ളിപ്പറയേണ്ടിവരും! അധികാര രാഷ്ട്രീയത്തേക്കാള്‍ പൊതു സമൂഹത്തിനൊപ്പം ഉയര്‍ത്തപ്പെടുന്ന ധാര്‍മിക രാഷ്ട്രീയം അഥവാ ജനങ്ങളുടെ രാഷ്ട്രീയം അധീശത്വം പുലര്‍ത്തിയ നാടാണിത്. ഗാന്ധിജിയും ജയപ്രകാശ് നാരായണനുമൊക്കെ ഈ ധാര്‍മിക രാഷ്ട്രീയം കയ്യാളിയ ജനനായകന്മാരായിരുന്നു.
ഗാന്ധിജിയുടെ പൊതുധനത്തെക്കുറിച്ചുള്ള കര്‍ശന നിലപാടില്‍ അദ്ദേഹം ഒരിക്കലും വെള്ളം ചേര്‍ത്തിരുന്നില്ല. പൂനയില്‍ ആചാര്യകൃപലാനിയോടൊപ്പം റിക്ഷയില്‍ യാത്ര ചെയ്ത ഗാന്ധിജി യാത്രാക്കൂലിയുടെ ബാക്കിയായ ചെറിയ തുക വാങ്ങാന്‍ മറന്നുപോയ കൃപലാനിയ്ക്ക് ആ ദിവസത്തെ അത്താഴം നിഷേധിച്ച് ആ ചെറിയ തുകയുടെ നഷ്ടംനികത്തിയിരുന്നു. ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായി സംഭാവനയായി കിട്ടിയ 501രൂപയുടെ പഴസ് നഷ്ടപ്പെട്ടവിവരമറിയിച്ചപ്പോള്‍ പ്രസ്തുതതുക ദേശായിയുടെ ശമ്പളത്തില്‍നിന്ന് പിടിക്കാന്‍ മഹാത്മജി നിര്‍ബന്ധിക്കുകയാണുണ്ടായത്. പൊതുമുതല്‍ എത്ര ചെറുതെങ്കിലും നഷ്ടപ്പെടുത്തുന്നതും തിരിമറി നടത്തുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന് സ്വജീവിതംകൊണ്ട് കാട്ടിത്തന്ന ഗാന്ധിജിയുടെ പേരില്‍ ഊറ്റം കൊളളുന്നവരാണ് ഇന്ത്യയില്‍ അഴിമതിയുടെ അപ്പോസ്തലന്മാരായി ഇപ്പോള്‍ മാറിയിട്ടുള്ളത്. സ്വന്തം മകന് തന്റെ പേരുപയോഗിച്ച് അഴിമതി നടത്തിയെന്നറിഞ്ഞപ്പോള്‍ എന്നാല്‍ ഇനിമുതല്‍ തനിക്കങ്ങനൊരു മകനില്ലെന്ന് പ്രഖ്യാപിച്ച മഹാനായിരുന്നു മഹാത്മാഗാന്ധി.
ഗാന്ധിജിയുടെ ഇന്ത്യ ഇപ്പോള്‍ അഴിമതിയില്‍ ഉരുകിത്തീരുകയാണ്. ജനസേവനത്തിന്റെ മേലങ്കിയണിഞ്ഞ് ഗാന്ധിയന്‍ ലേബലുമായി അധികാരത്തിലെത്തിയവരാണ് അധോലോക അഴിമതി മാഫിയകളുമായി ഇവിടെ അരങ്ങുതകര്‍ക്കുന്നത്. രാഷ്ട്രത്തെ തന്നെ വില്‍പ്പനച്ചരക്കാക്കി അധികാരവര്‍ഗം പങ്കിട്ടെടുക്കുന്നുവെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിയില്‍ ഇല്ലാതാകുന്ന നാടിന് ഇന്നത്തെ ദുരവസ്ഥയില്‍നിന്നും മോചനം നേടാനുള്ള ഏകവഴി ജനശക്തിയുടെ ശക്തമായ മുന്നേറ്റം മാത്രമാണ്. അഴിമതിയുടെ ആഴവും അപകടവും അടുത്തറിഞ്ഞ പ്രമുഖ ഗാന്ധിയന്‍ പ്രൊഫ.ജി.കുമാരപിള്ള നാല് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അഴിമതിയെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ചതിവിടെ ഉദ്ധരിക്കട്ടെ. “രാമരാജ്യത്തിലെ റാണി തികച്ചും സംശയാതീതയായിരിക്കണമെന്ന ഉദാത്തമായ സങ്കല്‍പ്പം പാരമ്പര്യമായിട്ടുള്ള ഈ രാജ്യത്ത്, മനഃസാക്ഷിയുടേയും സ്വഭാവദാര്‍ഢ്യത്തിന്റെയും ധാര്‍മിക ചൈതന്യത്തിന്റേയും പ്രസരത്തില്‍ സന്മാര്ഗത്തെ ഏകാന്തദീപ്തമാക്കിക്കൊണ്ട് ധീരമായി മുന്നോട്ട് സഞ്ചരിച്ച ഒരു യുഗപ്രഭാവനായ പ്രവാചകന്റെ നിഴലില്‍നിന്ന് സ്വാതന്ത്ര്യം സമ്പാദിച്ച നാലോ അഞ്ചോ കൊല്ലം കഴിയുന്നതിനുമുമ്പുതന്നെ ഡെന്മാര്ക്കില് എന്തോ അളിഞ്ഞ് നാറുന്നു എന്ന് ജനങ്ങള്‍ മുറവിളി കൂട്ടിത്തുടങ്ങി.
ആദ്യമാദ്യം അതാരും കാര്യമാക്കിയില്ല. പക്ഷെ രാഷ്ട്രശരീരത്തെ വലിഞ്ഞ് ഞെരിക്കുന്ന കിനാവള്ളിയായും രാഷ്ട്രത്തിന്റെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായും അഴിമതി അടിക്കടി പടര്‍ന്നു പിടിക്കുകയാണെന്ന ബോധം ക്രമേണ വളര്‍ന്നുവന്നു.” ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവര്‍ രാഷ്ട്രീയം വഴി ജനസേവനത്തിനിറങ്ങി കോടീശ്വരന്മാരായി മാറുന്ന അത്ഭുത വിദ്യ കണ്ടിട്ടാവാം ഇന്ത്യയില്‍ ഡമോക്രസിയല്ല പ്ലൂട്ടോക്രസിയാണ് ഉള്ളതെന്ന് ഒരു പ്രമുഖ പണ്ഡിതന് ഈയടുത്ത് അഭിപ്രായപ്പെട്ടത്. (പ്ലൂട്ടോ റോമന്‍ പുരാണത്തില്‍ അധോലോകത്തിന്റെ ദേവനാണ്).
സ്വാതന്ത്ര്യത്തോടൊപ്പം അഴിമതിയും പൊതുജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിയ കുറ്റത്തിന് പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ട കക്ഷിയാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യമന്ത്രി ഷണ്മുഖം ചെട്ടിയാര്‍ സ്ഥാനം രാജിവെച്ചൊഴിയേണ്ടിവന്നത് അഴിമതിയുടെ പേരിലായിരുന്നു. മദ്രാസ് പ്രവിശ്യയിലെ ആദ്യകാല ടി പ്രകാശം മന്ത്രിസഭ നിലംപരിശായത് പൊതുധനം ധൂര്‍ത്തടിച്ച കുറ്റം കൊണ്ടായിരുന്നു. 1948 ലെ ജീപ്പ്പ് കുംഭകോണം, 1949 ലെ പ്ലെയ്റ്റ് കുംഭകോണം, 1950 കളുടെ മധ്യത്തില്‍ ഭീഷണിയുയര്‍ത്തിയ ഹരിദാസ് മുന്ധ്ര അഴിമതി, 1957 ലെ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ ജ.രാമന് നായര്‍ കമ്മീഷന് കണ്ടെത്തിയ ആന്ധ്ര അരികുംഭകോണം, പഞ്ചാബ് മുഖ്യമന്ത്രി പ്രതാപ് സിംഗ് കീ്റോണിനെതിരെ തെളിയിക്കപ്പെട്ട അഴിമതികള്‍ എന്നിവ ആദ്യകാല ഭരണരാഷ്ട്രീയം എങ്ങനെ അഴിമതി കേസുകള്‍ കൈകാര്യം ചെയ്തിരുന്നു എന്ന കാര്യം വിളിച്ചോതുന്നു. അഴിമതിക്കാരാവുകയോ അഴിമതിയോട് സന്ധി ചെയ്യുകയോ പൊതുമുതല്‍ കൊളളയടിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയോ ഒക്കെയായിരുന്നു നെഹ്റുവിയന്‍ കോണ്‍ഗ്രസിന്റെ ശൈലി.
നെഹ്റു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയും ധനകാര്യ സെക്രട്ടറി എച്ച്.എം.പട്ടേലും അധികാരത്തില്‍നിന്നും പുറത്തുപോകേണ്ടിവന്നത് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍മൂലം അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെയുള്ള ഗുരുതര സാഹചര്യം വന്നതിനാലാണ്. എന്നാല്‍ മഹാനായ ജവഹര്‍ലാല്‍ നെഹ്റു അതേ കൃഷ്ണമാചാരിയെ പിന്നീട് വകുപ്പില്ലാമന്ത്രിയായി ക്യാബിനെറ്റിലെടുക്കുകയും 1963 ജൂലൈയില്‍ ഇന്ത്യന്‍ ധനകാര്യമന്ത്രിയാക്കുകയും ചെയ്തു. അഴിമതിക്കാരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പ്രഖ്യാപിച്ച നെഹ്റുജീ കുറ്റക്കാരനെന്ന് കണ്ടെത്തിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എച്ച്.വി.ആര്.അയ്യങ്കാരെ തൂക്കിലേറ്റുകയല്ല ചെയ്തത്. അവസരം വന്നപ്പോള്‍ പത്മവിഭൂഷന് നല്കി ആദരിക്കുകയായിരുന്നു. പ്രതാപ്സിംഗ് കീ്റോണിന്റെ കാര്യത്തില്‍ നടപടിയെടുക്കില്ലെന്ന് ശഠിച്ച നെഹ്റുവിനോട് അഴിമതിക്കെതിരായ ഗാന്ധിയന്‍ സമീപനം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ “എല്ലാവര്ക്കും ഗാന്ധിയാകാന്‍ കഴിയില്ലല്ലോ” എന്നായിരുന്നു നെഹ്റുവിന്റെ മറുപടി. നെഹ്റുവിന് ശേഷം അധികാരത്തില്‍വന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് പഞ്ചാബിലെ അഴിമതിക്കാരനായ ഈ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മകളുടെ വിവാഹ ചെലവിന് വേണ്ടി ബാങ്ക് ലോണെടുത്ത ആളായിരുന്നു ശാസ്ത്രിജി. പ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗിക കാര്‍ കടുംബാംഗങ്ങള് ഉപയോഗിക്കാന്‍ പാടില്ലെന്ന് ശഠിച്ച ഈ കുറിയ വലിയ മനുഷ്യന് ഒരു 64 മോഡല്‍ ഫിയറ്റ് കാര്‍ വാങ്ങാനും ബാങ്ക് വായ്പയില്‍ അഭയം തേടിയിരുന്നു. താഷ്കണ്ടില്‍വെച്ച് മരിച്ച ശാസ്ത്രിജീ കുടുംബത്തിനായി അവശേഷിപ്പിച്ചിരുന്നത് 6750 കയുടെ തിരിച്ചടക്കാനുള്ള ബാങ്ക് കടമായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ഗാന്ധിജിയും ശാസ്ത്രിജിയുമായിരുന്നില്ല മാതൃക. നെഹ്റുവിയന്‍ സംസ്കാരത്തില്‍ മുന്നോട്ടുപോയ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യയിലെ അഴിമതിയും ഇരട്ടപെറ്റ മക്കളെപ്പോലെയാണ് ഇവിടെ സുഖസഞ്ചാരം നടത്തുന്നത്.
ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന 2 ജി സ്പെക്ട്രം, കള്ളപ്പണം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതികള്‍ ഇന്ത്യന്‍ ഖജനാവിനെ തകര്‍ക്കുന്ന വന്‍ കൊള്ളകളാണ്. സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ടുകാലം കൊടികുത്തിവാണ അഴിമതി സംഭവങ്ങള്‍ കേവലം അധാര്‍മികതയിലൂന്നിയ ക്രിമിനല്‍ കുറ്റങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുംഭകോണങ്ങള്‍ കൊള്ളകളാണ്. ക്ഷേമരാഷ്ട്രത്തിലെ അഗതികള്‍ക്കും അശരണര്‍ക്കുംവേണ്ടി ഉപയോഗിക്കേണ്ട വന്‍ തുകകളാണ് രാഷ്ട്രത്തിന് നഷ്ടപ്പെടുന്നത്. രാഷ്ട്രത്തെ കാര്‍ന്നുതിന്നുന്ന ഈ അര്‍ബുദത്തിന് തടയിടാന്‍ ഇനി അമാന്തിച്ചുകൂടാ!
-അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: