തിരുവനന്തപുരം: അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ബജറ്റ് തിരുത്തണമെന്ന ആവശ്യവുമായി ഭരണപക്ഷവും കോണ്‍ഗ്രസ്സ് എംഎല്‍എമാരാണ് ധനമന്ത്രിയുടെ പക്ഷപാതത്തില്‍ അപസ്വരം പ്രകടിപ്പിച്ചത്. ബജറ്റിന് അനുകൂലമായി നിയമസഭയില്‍ പ്രസംഗിക്കണമെങ്കില്‍ കാര്യമായ തിരുത്തല്‍ വേണമെന്ന് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് നിരാശനായ ടി.എന്‍.പ്രതാപന് പ്രതികരിച്ചു.
32 എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന തീരദേശത്തെ ബജറ്റ് പാടേ അവഗണിച്ചതായി മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നല്കിയ കത്തില്‍ പ്രതാപന് കുറ്റപ്പെടുത്തി. അതേസമയം കോട്ടയം ജില്ലയ്ക്ക് പ്രത്യേകിച്ച് പാലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കിയതായി ആക്ഷേപിക്കുന്നവര്‍ക്ക് മാണിക്ക് മറുപടിയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബജറ്റില്‍ പാല എന്നൊരു വാക്കില്ല. ആ കുറവ് നികത്താന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് മാണിയുടെ വാദം.
കോണ്‍ഗ്രസ് എംഎല്‍എമാരായ ബന്നിബഹനാനും വി.റ്റി.ബലറാമും ബജറ്റ് സന്തുലിതമല്ലെന്ന അഭിപ്രായക്കാരാണ്. മലപ്പുറത്തിന് മെഡിക്കല്‍ കോളേജും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേക പദവികളുമെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പാലക്കാട് ജില്ല അവഗണിക്കപ്പെട്ടതിലാണ് ബലറാമിന് അസംതൃപ്തി.
എറണാകുളത്തെ അവഗണിച്ചതായാണ് ബന്നിബഹനാന്‍ പരാതി. കോട്ടയം, മലപ്പുറം ജില്ലകള്‍ക്ക് പുതിയ പദ്ധതികളും സ്ഥാപനങ്ങളും ഫണ്ടും അനുവദിച്ചപ്പോള്‍ മറ്റ് ജില്ലകള്‍ക്ക് നാമമാത്രമായ പരാമര്‍ശം മാത്രമാണെന്നാണ് പരാതി.
കെ.കരുണാകരന്റെ പേരില്‍ മാളയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന് കായികവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. അതവഗണിച്ച ധനമന്ത്രി നവീകരിക്കുന്ന സ്പിന്നിംഗ് മില്ലിന് കരുണാകരന്റെ പേരിടുമെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം മന്ത്രിയുടെ മണ്ഡലമായ പാലയില്‍ ഒരു സിന്തറ്റിക് ട്രാക് നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. ബജറ്റ് പ്രസംഗം തടസ്സപ്പെടും വിധം പ്രതിപക്ഷം പലതവണ മന്ത്രിയുടെ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
പ്രതിപക്ഷത്തിന്റെ വാദത്തെ ശരിവയ്ക്കുംവിധമാണ് ഭരണകക്ഷി എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പടുത്തിയിട്ടുള്ളത്. ബജറ്റില്‍ കാര്യമായ മാറ്റം വരുത്തുമന്ന് ഉറപ്പ് ലഭിച്ചാലേ അനുകൂലമായ നിലപാട് സഭയില്‍ സ്വീകരിക്കൂ എന്ന ഭീഷണിയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: