ഓരോതരം വിത്തും സംരക്ഷിക്കേണ്ടതിനെപ്പറ്റി കൗടില്യന്റെ അര്‍ഥശാസ്ത്രം പറയുന്നു. ധാന്യവിത്തുകള്‍ ഏഴു ദിനരാത്രങ്ങള്‍ രാത്രി മഞ്ഞില്‍ പൊതിഞ്ഞും പകല്‍ വെയിലത്ത് ഉണക്കിയും വയ്‌ക്കണം. പയര്‍വിത്തുകളാണെങ്കില്‍ മൂന്നോ നാലോ ദിനരാത്രങ്ങള്‍ മതി. കാണ്ഡബീജങ്ങളെ സംബന്ധിച്ചിടത്തോളം അവ മുറിച്ച സ്ഥലത്ത് തേനും നെയ്യും പന്നിക്കൊഴുപ്പും ചാണകം ചേര്‍ത്ത് പുരട്ടണം. കിഴങ്ങുകള്‍ക്ക് തേനും നെയ്യുമാണ് പുരട്ടേണ്ടത്. കുരുക്കള്‍ക്ക് ചാണകം പുരട്ടിയാല്‍ മതി. വൃക്ഷങ്ങള്‍ കുഴിയില്‍ വെണ്ണീരിട്ടതിനുശേഷം നടണം. യഥാകാലം പശുവിന്റെ എല്ലുപൊടിയും ചാണകവും വളമായി ചേര്‍ക്കുകയും വേണം. (2. 24. 24).
ബൃഹത്സംഹിത വിവരിക്കുന്നു: വിത്ത് പത്തുദിവസം പാലില്‍ നനച്ച്, നെയ് പുരട്ടി കൈകൊണ്ട് യോജിപ്പിച്ച്, ചാണകത്തില്‍ പല തവണ പൊതിഞ്ഞ്, പന്നിയുടെയും മാനിന്റെയും മാംസം കൊണ്ട് പുകച്ച്, മാംസവും പന്നിക്കൊഴുപ്പും ചേര്‍ത്ത്, നന്നായി ഒരുക്കിയ മണ്ണില്‍ നട്ട്, പാലും വെള്ളവും കലര്‍ത്തി നനച്ചാല്‍ അത് പൂക്കള്‍ നിറഞ്ഞുവളരും. നെല്ല്, ഉഴുന്ന്, എള്ള്, ബാര്‍ലിപ്പൊടി എന്നിവ ചീഞ്ഞ മാംസം ചേര്‍ത്ത് നനയ്‌ക്കുകയും മഞ്ഞള്‍ കൊണ്ട് നിരന്തരം പുകയ്‌ക്കുകയും ചെയ്താല്‍ പുളിങ്കുരുപോലും മുളച്ചുവളര്‍ന്ന് തളിരണിയും (ബൃഹത്സംഹിത, 55. 19-21). ഏതു വിത്തും നൂറുവട്ടം അഴിഞ്ഞില്‍ക്കായ്‌പ്പശയിലോ അഴിഞ്ഞിലെണ്ണയിലോ നറുവരയുടെ കായിലോ പൊതിഞ്ഞ് മഞ്ഞുകലര്‍ന്ന മണ്ണില്‍ നട്ടാല്‍ വേഗത്തില്‍ അത് തളിരണിഞ്ഞ് ഫലഭാരാമ്പിതമായ ശാഖയായിത്തീരും. നരുവരിവിത്തുകളുടെ പുറന്തോട് പൊളിച്ച്, അഴിഞ്ഞില്‍ക്കായ്‌പ്പശയില്‍ വെള്ളം ചേര്‍ത്ത് അതിലിട്ട്, തണലത്ത് ഉണക്കി, ഇപ്രകാരം ഏഴുതവണ ആവര്‍ത്തിക്കുക. അനന്തരം ആ വിത്തുകള്‍ പോത്തിന്‍ ചാണകത്തില്‍ ഇട്ടുരച്ച്, അതിന്റെ വരടിയില്‍ (ഉണക്കച്ചാണകത്തില്‍) സൂക്ഷിച്ച്, മഞ്ഞുവെള്ളം കലര്‍ത്തിയ മണ്ണില്‍ നട്ടാല്‍ വേഗം മരം വളര്‍ന്ന് ഫലഭൂയിഷ്ഠമാകും. (ബൃഹത്സംഹിത, 55. 27-29)
വിത്തുസംരക്ഷണത്തെപ്പറ്റി സുരപാലന്‍ സവിസ്തരം പ്രതിപാദിക്കുന്നതുകാണാം. അദ്ദേഹം എഴുതുന്നു: ഉചിതമായ കാലത്ത് പാകം വന്ന കായ ഉണക്കി അതില്‍നിന്ന് വിത്ത് പുറത്തെടുത്ത് പാലില്‍ നനച്ച് അഞ്ചുദിവസം ഉണക്കി വിഴാലരി ചേര്‍ത്ത നെയ്യുകൊണ്ട് പുകയ്‌ക്കുക. പാല്‍കൊണ്ട് നനച്ച വിത്ത് വഴുതിനപ്പൊടിയും എള്ളും വെണ്ണീരും നെയ്യും ചേര്‍ത്ത് പുരട്ടി ചാണകത്തില്‍ ഉരച്ച് കൊഴുപ്പുകൊണ്ട് പുകച്ച് നട്ടാല്‍ വേഗം വളരും. പാലില്‍ കുതിര്‍ത്ത വിത്ത് പ്രത്യേകമായി ചാണകത്തിലുരച്ച് തേനും വിഴാലരിപ്പൊടിയും ചേര്‍ത്ത് പല തവണ ഉരച്ചാല്‍ തീര്‍ച്ചയായും മുളച്ചുവരും. പാലില്‍ കുതിര്‍ത്ത് തണലത്ത് നല്ലപോലെ ഉണക്കി നെയ്യില്‍ കലര്‍ത്തിയ വഴുതിന, എള്ള്, താമരത്തണ്ട് എന്നിവ ചേര്‍ത്തു കത്തിച്ച ഭസ്മത്തില്‍ ചാലിച്ച വിത്തും പാകാന്‍ ഏറ്റവും പറ്റിയതാണ്. മാവ്, ഞാവല്‍, പ്ലാവ് എന്നിവയുടെ പുതിയ വിത്തുകള്‍ക്കും കുറ്റിപോലെ കൂര്‍ത്ത അറ്റമുള്ള പഴമൂണ്‍പാല, ഇലഞ്ഞി എന്നിവയുടെ ഉണങ്ങിയ വിത്തുകള്‍ക്കും മുന്‍ വിവരിച്ച പ്രക്രിയ ശ്രേഷ്ഠം തന്നെ. വെള്ളരിയുടെ വിത്ത് ധാരാളം വെല്ലം ചേര്‍ത്ത വെള്ളത്തില്‍ കുതിര്‍ത്ത് അനേകം ഇലകള്‍ കോര്‍ത്തുണ്ടാക്കിയ കുട്ടയില്‍ മൂന്നുദിവസം സൂക്ഷിച്ച് ഭൂമിക്കടിയില്‍ വച്ച് എപ്പോഴും തീയിട്ട് പുകച്ച് പുറത്തെടുത്താല്‍ പാകുന്നതിന് പറ്റിയതാകും. എല്ലാത്തരം വിത്തുകളും ഇപ്രകാരമുള്ള പ്രക്രിയയ്‌ക്കം വിധേയമാക്കിയാല്‍ ശോഭനമായിത്തീരും. അവയില്‍ നിന്ന് മുളച്ചുവരുന്ന മരങ്ങള്‍ വേഗത്തില്‍ നല്ലപോലെ തളിരണിഞ്ഞ് ധാരാളം പൂക്കളും കായ്കളും വഹിക്കുന്നു. വിത്തിട്ടേടത്ത് പുല്ലുകൊണ്ട് മൂടി പാലും വെള്ളവും ചേര്‍ത്ത് നനയ്‌ക്കണം. നനവെള്ളംകൊണ്ട് മുള പൊട്ടുമ്പോള്‍, മൂടിയ പുല്ല് മാറ്റി, ഉണങ്ങാന്‍ വിടണം. (വൃക്ഷായുര്‍വേദം, 4, 7-14).
പ്രതികരിക്കാൻ ഇവിടെ എഴുതുക: