ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കണ്ടെത്തിയ വസ്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും രാജ കുടുംബവും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
നേരത്തേ ‘ബി’ അറ തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി കേടുപാടുകള്‍ പറ്റാതെ വാതിലുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം സമിതിയിലുള്ളവര്‍ മുന്നോട്ടുവെച്ചത്. എ അറയുടേതിന് സമാനമായ നിധിശേഖരം ബി അറയിലുണ്ടെന്നാണ് വിശ്വാസം.
എന്നാല്‍ എ നിലവറയില്‍ നിന്നും കണ്ടെത്തിയ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. പരിശോധന വീഡിയോയില്‍ പകര്‍ത്തണം. എന്നാല്‍ വീഡിയോ ക്യാമറ ക്ഷേത്രത്തിനുള്ളില്‍ കയറ്റുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ എങ്ങനെയാണ് വീഡിയോഗ്രാഫി നടത്തേണ്ടതെന്ന് ആശയകുഴപ്പമുണ്ടെന്ന് രാജ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ പറഞ്ഞു.
മറ്റ് ക്ഷേത്രാചാരങ്ങളെ തടസപ്പെടുത്താതെ പരിശോധന മാത്രം ചിത്രീകരിക്കാനാണ് നിര്‍ദ്ദേശിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കണ്ടെത്തിയ വസ്തുക്കള്‍ രാജകുടുംബത്തിന്റേതല്ലെന്നും ക്ഷേത്രം വകയാണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. കണ്ടെത്തിയ വസ്തുക്കളുടെ മൂല്യം നിശ്ചയിക്കണമെന്നും ക്യൂറേറ്ററായി ദേശീയ മ്യൂസിയത്തിലെ ക്യൂറേറ്റര്‍ രാജേഷ് പ്രസാദിനെ നിയമിക്കാമെന്നും രാജ കുടുംബം നിര്‍ദ്ദേശിച്ചു.
ക്ഷേത്രത്തില്‍ ഇപ്പോള്‍ കണ്ടെത്തിയ അമൂല്യമായ നിധികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ രാജകുടുംബവും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: