Categories: Kerala

തച്ചങ്കരിയെ തിരിച്ചെടുത്താല്‍ നിയമനടപടി സ്വീകരിക്കും: വി.എസ്‌

Published by

തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അപലപനീയമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പ്രതികരിച്ചു. തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിന്‌ എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ത്‌ തെറ്റായ തീരുമാനവും എടുക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌. ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാരെ ആവശ്യമുണ്ടെന്ന പത്രപരസ്യത്തിന്റെ കുറവേ ഇനി ഉള്ളൂവെന്നും വി.എസ്‌ പറഞ്ഞു. കരിമ്പിന്‍ തോട്ടത്തില്‍ കയറിയ ആനക്കുട്ടനെപ്പോലെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയാണ്‌.

തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്യാന്‍ ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നുവെന്നും വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ഇടത്‌ അദ്ധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വി.എസ്‌. തീവ്രവാദ ബന്ധമടക്കമുള്ള നിരവധി കേസുകള്‍ തച്ചങ്കരിക്കെതിരായിയുണ്ട്‌. എന്നിട്ടും തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ്‌ സര്‍ക്കാര്‍ തുടരുന്നത്‌.

ബാലകൃഷ്‌ണപിള്ളയെ ജയിലില്‍ നിന്ന്‌ പുറത്തു വിടാന്‍ നടത്തുന്ന ശ്രമത്തിലൂടെ നീതിപീഠത്തെ സര്‍ക്കാര്‍ കളിയാക്കുകയാണ്‌. 70 വയസ്‌ കഴിഞ്ഞ ഏതൊരാള്‍ക്കും അഴിമതി നടത്താമെന്നും ശിക്ഷയില്ലെന്നും പറഞ്ഞ്‌ നിയമസഭയില്‍ സര്‍ക്കാര്‍ ബില്ല്‌ കൊണ്ടുവന്നാല്‍ അതിശയിക്കേണ്ടതില്ലെന്നും വി.എസ്‌ പറഞ്ഞു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ച ആളെ വിജിലന്‍സ്‌ ഡയറക്ടറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കപ്പെടുകയാണ്‌. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിന്റെ തുടക്കമായിട്ടാണ്‌ സി.ബി.എസ്‌.ഇ. സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കിയത്‌. പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതിയും ശാസ്‌ത്രീയമായി പരിഷ്കരിക്കുന്ന നമുക്ക്‌ ഇനി സി.ബി.എസ്‌.ഇ സിലബസ്‌ മതിയെന്നാണ്‌ മുഖ്യമന്ത്രി തന്നെ പറയുന്നതെന്നും വി.എസ്‌. പറഞ്ഞു.

നമ്മുടെ സംസ്കാരത്തിന്‌ അനുസൃതമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതിക്ക്‌ പകരം സായിപ്പിന്റെ പാഠ്യപദ്ധതി തിരിച്ചുകൊണ്ടുവരാനാണ്‌ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by