ഇന്ന് ഭാരതമെമ്പാടും ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ് അഴിമതി. വ്യാധി വരാതിരിക്കാനും വന്നാല്‍ മാറ്റാനും മരുന്നുണ്ട്. എന്നാല്‍ അഴിമതി – അതുമാത്രം മതി – എന്ന രോഗത്തിന് എന്താണൊരു മരുന്ന്? കോഴിക്ക് കാവലായി കുറുക്കനെ ചുമതലപ്പെടുത്തുന്നതുപോലെയല്ലേ ഇന്നത്തെ അവസ്ഥ. കോഴിക്കൂടിന്റെ പഴുതും ബലഹീനതയും കുറുക്കനറിയുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ. കുറുക്കന്മാര് അത് ശരിക്കും മുതലാക്കുന്നു.
താഴെ തട്ടിലുള്ള ദേഹാധ്വാനി മുതല്‍ ഭരണ തലപ്പത്തിരിക്കുന്നവര്‍ വരെയുള്ളവരെ പരിശോധിച്ചാല്‍ സത്യത്തിന്റെ കണിക ഒരിടത്തും കാണാനാവുന്നില്ല. കര്ത്തവ്യനിഷ്ഠയില്ല. ഉത്തരവാദിത്വമില്ല.
“സദാചാരം മതമല്ല, എന്നാല്‍ സദാചാരവും മതവും പര്യായപദങ്ങള്‍ പോലെ ബന്ധിതമാകണം.” – ഗാന്ധിജി പറയുന്നു. അമ്പലത്തിലും പള്ളിയിലും പോയി കാണിക്കയിട്ട് കാര്യം കാണാന്‍ കാക്കാപിടിക്കുന്നതല്ല ഈശ്വര വിശ്വാസത്തിന്റെ ലക്ഷണം. വെന്തുനീറുന്ന സഹജീവികളുടെ വേദനയില്‍ ഹൃദയം ഭ്രമിക്കാത്ത ഒരാളെയും ഈശ്വര വിശ്വാസി എന്നും പറയാനാകില്ല.
അവതാരപുരുഷന്മാരുടെയും മന്ത്രദ്രഷ്ടാക്കളായ ഋഷീശ്വരന്മാരുടെയും പുണ്യവാണി ശ്രവിച്ച് നിര്‍വാജ്യം അതനുസരിച്ച് ജീവിക്കുമ്പോഴാണ് ഒരാള്‍ ഈശ്വരവിശ്വാസിയാകുന്നത്.
പിതാവിന്റെ ആജ്ഞ സ്വീകരിക്കുന്നവന് പിതൃഭക്തന്‍. ഭര്‍ത്താവിനെ അനുസരിക്കുന്നവള്‍ ഭര്തൃവിശ്വാസിയുമാകുന്നതു പോലെ ഈശ്വരാജ്ഞ – ഗുരുജനങ്ങളിലൂടെ നമ്മിലെത്തുന്നത് – അനുസരിക്കുന്നവരാണ് ഈശ്വരവിശ്വാസി. അത്തരം വിശ്വാസമില്ലായ്മയാണ് മേല്പറഞ്ഞ അഴിമതിക്ക് കാരണമായി തീരുന്നത്. ഇത്തരത്തില്‍പെട്ട വിശ്വാസികള്‍ ഒരു സമൂഹത്തില്‍ എത്ര കൂടുതലുണ്ടാകുന്നുവോ അത്ര കണ്ട് സമൂഹം ഉത്കൃഷ്ടമായിരിക്കും.
ഇന്ന് ചെറുപ്പക്കാര്‍ വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ അവരുടെ പാരമ്പര്യവിശ്വാസത്തില്‍ നിന്നു മാറ്റി മറ്റൊരു ലക്ഷ്യത്തിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്നു. അങ്ങനെ പഴയ കുപ്പിയിലെ പഴയ വീഞ്ഞിന്റെ സ്ഥാനം പുതിയ വീഞ്ഞ് കയ്യടക്കുന്നു. അതോടെ അവര്‍ ശീലിച്ചും പാലിച്ചും വന്ന സ്വതസിദ്ധമായ ദയ, കാരുണ്യം, സ്നേഹം എന്നീ മാനുഷിക മൂല്യങ്ങള്‍ക്ക് കോട്ടം തട്ടുന്നു. ജീവിതം തന്നെ കേവലം സ്വാര്‍ഥ താത്പര്യത്തിലധിഷ്ഠിതമാവുന്നു.
അഴിമതി അതിന്റെ സകല സീമകളെയും ഭേദിച്ച് അത്യുഗ്രമാം വിധം താണ്ഡവമാടുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയില്‍ വരെ നാം എത്തിനില്‍ക്കുന്നു.
70,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു നാട്ടില്‍ ഒരു വ്യക്തി ഒരുമാസം 70 ലക്ഷം രൂപയുടെ വൈദ്യുതി സ്വന്തം വീട്ടിലുപയോഗിക്കുന്നു. ശവം മറവുചെയ്യാന്‍ ആറടി മണ്ണില്ലാത്തതിനാല്‍ അടുക്കളയില്‍ ശവം മറവു ചെയ്ത നാട്ടില്‍ വെറും അഞ്ചുപേര്‍ക്കു താമസിക്കാന്‍ നാലുലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 560 അടി ഉയരത്തില്‍ 8000 കോടി രൂപ ചെലവിട്ട് വീടുനിര്മിക്കുന്നു. അഞ്ചുപേര്‍ക്ക് പരിചാരകരും പരിരക്ഷകരുമായി 600ലധികം സ്ഥിരം ജീവനക്കാര്‍.
വിശപ്പടക്കാന്‍ 80 ലക്ഷത്തില്‍പ്പരം സ്ത്രീകള്‍ ലൈംഗിക തൊഴില്‍ സ്വീകരിച്ച നാട്ടില്‍ നക്സലൈറ്റുകളും തീവ്രവാദികളും ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഒരു പുസ്തകമെഴുതിയാല്‍ സ്വന്തം പേരുപോലും എഴുതാതെ പ്രശസ്തിയെ അവഗണിച്ചവരുടെ നാട്ടിലെ സ്ഥിതിയാണിത്. രാജചിഹ്നങ്ങളും പുത്രകളത്രാദികളെയും വെടിഞ്ഞ് ജീര്‍ണ വസ്ത്രം സ്വീകരിച്ച് ത്യാഗഗീതമാലപിച്ചവരെ പ്രസവിച്ച നാടാണിത്. മനസ്സാക്ഷി മരവിക്കാത്ത ആര്‍ക്കെങ്കിലും ഇത് നോക്കിക്കണ്ട് അടങ്ങിയിരിക്കാനാകുമോ?
എന്നായിരുന്നു ഈ അവസ്ഥയുടെ ആരംഭം. എന്നെങ്കിലും ഇതിനൊരന്ത്യം കുറിക്കാന്‍ നമുക്കാകുമോ? ശുദ്ധികലശം എവിടെ നിന്നുവേണം ആരംഭിക്കാന്‍? ഓരോ ദിവസവും ആഴത്തില്‍ നിന്ന് ആഴത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന നമുക്കൊരുയര്ത്തെഴുന്നേല്പ്പില്ലേ? പൂച്ചയ്ക്ക് ആര് മണികെട്ടും?
ഭാസ്കരന് മാസ്റ്റര്‍ നാട്ടിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: