Categories: Ernakulam

ശബരി റെയില്‍ പാത: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

Published by

മൂവാറ്റുപുഴ: അങ്കമാലി – ശബരി റെയില്‍ പാത യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന്‌ പി. ടി. തോമസ്‌ എം. പി. ശബരി റയില്‍ പാത നടക്കാന്‍ സാധ്യതയില്ലെന്ന രീതിയില്‍ റയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റേതായി പുറത്ത്‌ വന്ന വാര്‍ത്തയോട്‌ പ്രതികരിക്കാന്‍ വിളിച്ച്‌ ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാതയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഈ മാസം അവസാനവാരത്തില്‍ മുഖ്യമന്ത്രിക്കും, സംസ്ഥാനത്ത്‌ റയില്‍ വിഭാഗം നോക്കുന്ന ആര്യാടന്‍ മുഹമ്മദിനുമൊപ്പം പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും. അങ്കമാലിയില്‍ 7കിലോമീറ്ററോളം പൂര്‍ത്തിയാക്കിയ പാതയില്‍ കാലടി, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, നെല്ലിപ്പാറ, പത്തനംതിട്ട എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ്‌ പൂര്‍ത്തീകരിക്കേണ്ടത്‌.

പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുമ്പോള്‍ 113 കിലോമീറ്റര്‍ ദൂരം പാതയ്‌ക്ക്‌ ഉണ്ടാവും. തുടര്‍ന്ന്‌ പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരം വരെ പാത നീട്ടുവാനും തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ പാത നീട്ടല്‍ നടന്നാല്‍ കോട്ടയം, ആലപ്പുഴ കഴിഞ്ഞാല്‍ മൂന്നാമത്തെ റൂട്ടായി ഇത്‌ മാറുന്നതോടെ കിഴക്കന്‍ മലയോര മേഖലയുടെ വന്‍ വികസനത്തിനും ഇത്‌ വഴിവയ്‌ക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80കോടി പാതയ്‌ക്ക്‌ അനുവദിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത്‌ വിനയോഗിക്കുവാന്‍ സാധിച്ചില്ല. എന്നാല്‍ ഇക്കുറി 85 കോടി രൂപ റയില്‍വേ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌. സ്ഥലമെടുപ്പ്‌ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ഈ തുക കൊണ്ട്‌ സാധിക്കും.

ഇപ്പോള്‍ പാത കടന്നുപോകുന്ന എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 1223 പേരുടെ വീടുകള്‍ മാത്രമാണ്‌ നഷ്ടപ്പെടുന്നുള്ളൂ. ഏകദേശം 3702 പേരുടെ സ്ഥലം ഇതിനായി ഏറ്റെടുക്കുകയും വേണം.

ഇതിനോടനുബന്ധിച്ച്‌ കൊച്ചി – മധുര പാതയ്‌ക്കായുള്ള ഭൂതല, ഉപഗ്രഹ സര്‍വ്വേയ്‌ക്കുള്ള കടലാസ്‌ പണികള്‍ തുടങ്ങിയതായും എം. പി. അറിയിച്ചു. ഇത്തരത്തിലുള്ള ഒരു പാത വല്ലാര്‍പാടം, രാമേശ്വരം പോലുള്ള ടെര്‍മിനലുകള്‍ക്ക്‌ ചരക്ക്‌ എത്തിക്കുവാനുള്ള എളുപ്പമാര്‍ഗ്ഗമാവുമെന്ന്‌ കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by