എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്നത് യുവാക്കളിലാണല്ലോ! രാഷ്ട്രപുരോഗതിയും രാഷ്ട്രസംരക്ഷണവുമെല്ലാം യുവാക്കളെ ആശ്രയിച്ചാണ്. യുവാക്കള്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ചാടിപ്പുറപ്പെടരുത്. അത് അപകടം വരുത്തി വയ്ക്കും. പക്വമതിയായിരുന്ന ഗാന്ധിജി പോലും തീരുമാനമെടുത്തിരുന്നത് പ്രാര്‍ഥനയോടെ പലവട്ടം ചിന്തിച്ചിട്ടായിരുന്നു. എന്നിട്ടും വലിയ തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ഗാന്ധിജി തന്നെ സമ്മതിക്കുന്നു.
വിഷയങ്ങള്‍ക്കു പുറകെ യഥേഷ്ടം പൊയ്ക്കൊണ്ടിരിക്കുന്ന മനസ് യുവാക്കളെ ദുര്‍മാര്‍ഗികളാക്കുന്നു. നമുക്കാദ്യം വേണ്ടത് സംശുദ്ധവും വിഷയവിരക്തവുമായ മനസ്സാണ്.
മനഃകൃതം കൃതം രാമാ ന ശരീരം കൃതം കൃതം
മനപ്രാധാന്യത്തെ കുറിച്ച് യോഗവാസിഷ്ടം പറയുന്നു. മനസ് നല്ല വിളഭൂമിയാണ്. തരിശിട്ടാല്‍ അവിടെ കള വിളയും ക്ഷുദ്രജീവികള്‍ താവളമാക്കുകയും ചെയ്തു. ഗുരൂപദേശം സ്വീകരിച്ച് വിധി നിഷേധമനുഷ്ഠിച്ചാല് ജന്മസാഫല്യം നേടാം.
സുഖാന്വേഷിയായ ചഞ്ചല സ്വഭാവിയാണ് മനസ്.
ചഞ്ചലം ഹി മനഃ കൃഷ്ണ! പ്രമാദീ ബലവദൃഡം
തസ്യാഹം നിഗ്രഹം മന്യേ വയോരിവ സുദുഷ്കരം – ഗീത
മനോ നിരോധം കാറ്റിനെ നിരോധിക്കും പോലെ ദുസാധ്യമാണ്. കാരണം അത് സ്വാഭാവികമായും ചഞ്ചലവും ബലവത്തുമാണെന്ന് അര്ജുനന് പറയുന്നു. അര്ജുനന് പറഞ്ഞത് സത്യമാണെന്ന് കൃഷ്ണനും സമ്മതിക്കുന്നു.
മനോനിഗ്രഹി -ജിതേന്ദ്രിയന്‍- രാഗദ്വേഷ മോചിതനായിരിക്കും. രാഗദ്വേഷാധീനന് ശാന്തിയില്ല. ജിതേന്ദ്രിയന്‍ എല്ലാ കര്‍മമണ്ഡലങ്ങളിലും വിജയം വരിക്കും. മനോജയം നല്കുന്ന ശാന്തി-സാമ്യാവസ്ഥ സുഖം അനുഭവിക്കാത്തവര്‍ക്ക് മനസിലാകില്ല. എന്നാല്‍ വിഷയ സുഖമാണ് യഥാര്‍ഥ സുഖമെന്ന് അവിവേകികള്‍ ധരിക്കുന്നു.
പ്രപഞ്ച ജയത്തെക്കാള്‍ ശ്രേഷ്ഠമാണ് മനോജയമെന്ന് മഹാത്മാക്കള്‍ അഭിപ്രായപ്പെടുന്നു. ഒരു ജന്തു ഓടാനുപയോഗിക്കുന്ന ശക്തിയുടെ ഇരട്ടിശക്തി ഉപയോഗിച്ചാലേ അതിനെ പിടിച്ചടക്കി നിര്‍ത്താനാകൂ. മനസടക്കുക എന്നത് ക്ഷിപ്രസാധ്യമല്ല.
മനസംയമനം ഒരാവശ്യ വിഷയമായി ഇന്നത്തെ യുവാക്കള്‍ കരുതുന്നില്ല. കാരണം അതിന്റെ പ്രാധാന്യം അവര്‍ ക്കറിയില്ല. ആരും അവരെ ബോധവാന്മാരാക്കുന്നില്ല. ഭാരതത്തിന് അതിന്റേതായ സംസ്കാരമുണ്ട്. ഒരിക്കലും നാമതിനെ ലഘൂകരിച്ച് കാണരുത്. എന്നാല്‍ യാഥാസ്ഥിതികത്വം നമ്മുടെ നയവുമല്ല. നന്മ എവിടെ കണ്ടാലും സ്വീകരിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്.
അനാചാരങ്ങള്‍ തുടച്ചു മാറ്റേണ്ടതുണ്ട്. പല അനാചാരങ്ങളും പല കാലങ്ങളിലായി നാം നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്. അനാചാരങ്ങള്‍ ശാസ്ത്രീയമായി ചിന്തിച്ച് മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാം സ്വയം ശുദ്ധരാകണം. നമ്മിലെ ദുര്‍ഗണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാരത സംസ്കാരത്തില്‍ അഭിമാനിതരായി അതില്‍ പ്രതിഷ്ഠിതരാകണം. നമ്മിലെ നന്മ മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കും. ഒരിക്കലും നാം നിര്മതരാകരുത്. മതമെന്തെന്നറിയാതെ മതത്തെ പഴിക്കരുത്. മതമില്ലാത്ത രാജതന്ത്രം ആത്മനാശം വരുത്തുന്ന മരണക്കുടുക്കായിരിക്കുമെന്ന് ഗാന്ധിജി പറയുന്നു. നമുക്കു വേണ്ടത് നാം എന്തില്‍ നിന്ന് സ്വീകരിച്ചു വളര്‍ത്തുന്നുവോ അതിനെ പാടെ പിഴുതു മാറ്റുന്ന സമീപനം നാം സ്വീകരിക്കരുത്. പാരമ്പര്യത്തില്‍ നിന്നുള്ള അകല്‍ച്ച നമ്മെ ഇല്ലാതാക്കും. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം സൃഷ്ടിക്കുന്ന ഭീകരത ആറ്റംബോംബ് കൊണ്ടുണ്ടാകുന്നതിനെക്കാള്‍ വലുതാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറയുകയുണ്ടായി.
പാശ്ചാത്യര്‍ പടിയിറങ്ങി പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും ഇംഗ്ലീഷ് ഭാഷയോട് നമുക്കുള്ള ആഭിമുഖ്യത്തിന് അല്പവും കോട്ടം തട്ടിയിട്ടില്ല. ഇന്ന് നാം വിദ്യാഭ്യാസം ആരംഭിക്കുന്നതു തന്നെ ഇംഗ്ലീഷില്‍ നിന്നാണ്. നമ്മെ പോലെ മാതൃഭാഷാ ബഹുമാനമില്ലാത്ത ജനത ലോകത്ത് വേറെ ഉണ്ടോ എന്നു തന്നെ സംശയമാണ്.
നമ്മുടെ വസ്ത്രധാരണ രീതി, ആഹാരരീതി മറ്റാചാരാനുഷ്ഠാനങ്ങളെല്ലാം തന്നെ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു. മദ്യപാനം, മാംസാഹാരം മയക്കുമരുന്നു പ്രയോഗം, ഭീകരവാദ പ്രവര്‍ത്തനം, ആത്മഹത്യ എന്നിവയിലെല്ലാം മറ്റു സംസ്ഥാനങ്ങളെക്കാള്‍ നമ്മളല്ലേ മുന്‍പന്തിയില്‍. ഇതിന് പരിഹാരം ശക്തമായ ആധ്യാത്മിക അടിത്തറയുള്ള യുവാക്കളിലൂടെയേ ഉണ്ടാക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: