Categories: India

കേന്ദ്രമന്ത്രി മുരളീ ദേവ്‌റ രാജി വച്ചു

Published by

ന്യൂദല്‍ഹി: കേന്ദ്ര കമ്പനി കാര്യമന്ത്രി മുരളി ദേവ്‌റ രാജിവെച്ചു. രാജിക്കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ കൈമാറി. സി.എ.ജി റിപ്പോര്‍ട്ടിനെച്ചൊല്ലി കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ രാജിക്ക്‌ ഇടയാക്കിയതെന്ന്‌ സൂചന.

കൃഷ്ണ-ഗോദാവരി തടത്തില്‍ പര്യവേഷണത്തിന്‌ സ്വകാര്യ കമ്പനികളെ വഴിവിട്ട്‌ സഹായിച്ചുവെന്നായിരുന്നു സി.എ.ജി കണ്ടെത്തിയത്‌. മകന്‍ മിലിന്ദ്‌ ദേവ്‌റയെ സഹമന്ത്രിയാക്കണമെന്നും മുരളി ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്‌.

രാജിക്കത്ത്‌ ഒരാഴ്ച മുമ്പ്‌ തന്നെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയ്‌ക്ക്‌ ദേവ്‌റ കൈമാറിയിരുന്നു. എന്നാല്‍ രാജി സംബന്ധിച്ച്‌ സോണിയാ ഗാന്ധിയോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാജിയെ കുറിച്ച്‌ പ്രതികരിക്കാന്‍ മുരളി ദേവ്‌റയും തയ്യാറായില്ല.

മന്‍മോഹന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ്‌ മന്ത്രിയായി താന്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെന്നും, പ്രായം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്‌ വിലങ്ങ്‌ തടിയാകുന്നുവെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by