ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.പി.ജീവന് റെഡ്ഡി അധ്യക്ഷനായുള്ള പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. ജസ്റ്റിസ് എം.ബി.ഷാ സമിതി ഉപാധ്യക്ഷനായിരിക്കും. സര്‍ക്കാര്‍ നേരത്തെ നിയമിച്ച ഉന്നതാധികാരസമിതി പുതിയ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി.സുദര്ശന് റെഡ്ഡി, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.
കള്ളപ്പണം സംബന്ധിച്ച് അധികാരികള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ എല്ലാവരുടെയും പേരുവിവരം സര്‍ക്കാര്‍ ഉടന്‍ വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ലിച്ചിന്സ്റ്റെന് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരും അന്വേഷണം നേരിടുന്നവരുമായവരുടെ കാര്യത്തിലേ ഈ ഉത്തരവ് ബാധകമാവൂ എന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്തിന് അങ്ങേയറ്റം ഹാനികരമാണ് കള്ളപ്പണമെന്നും ദുര്‍ബലമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തെ പരോക്ഷമായി കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച വിദേശ ആഭ്യന്തര സുരക്ഷയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പൂനെയിലെ വിവാദ വ്യവസായിയും കള്ളപ്പണക്കാരനുമായ ഹസന് അലിഖാനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഇടപെടേണ്ട അവസ്ഥയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കൂടുതല്‍ നടപടി ആഗ്രഹിക്കുന്നതിനാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞു. കോടതിയുടെ തുടര്‍ ഇടപെടല്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതുതായി നിയമിച്ച പ്രത്യേക അന്വേഷണസമിതി കള്ളപ്പണം സംബന്ധിച്ച എല്ലാ കേസുകളും ഏറ്റെടുക്കാനും സ്ഥിതിവിവരം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ദൈനംദിന നിലയില്‍ കേസ് പരിഗണിക്കാന്‍ മറ്റ് കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സാധ്യമല്ലെന്നും കോടതി അറിയിച്ചു. നികുതി പിരിക്കാന്‍ അധികൃതര്‍ പരാജയപ്പെടുന്നതിനാലാണ് വിദേശ ബാങ്കുകളിലേക്ക് കള്ളപ്പണം ഒഴുകുന്നതെന്നും കോടതി വിലയിരുത്തി. 91-97 കാലയളവില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നു ബി.പി.ജീവന് റെഡ്ഡി. വിരമിച്ചശേഷം 15-ാം ലോ കമ്മീഷന് ചെയര്‍മാനായി നിയമിതനായി. ജസ്റ്റിസ് എം.ബി.ഷാ 98-2003 സപ്തംബര്‍ വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: