Categories: Kerala

സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്നും നാളെയും ചര്‍ച്ച

Published by

തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കി സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ പ്രതിപക്ഷ കക്ഷികളുള്‍പ്പെടെയുള്ളവരുടെ പൂര്‍ണപിന്തുണ ലഭിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാശ്രയപ്രശ്നം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്‌ മെഡിക്കല്‍ മാനേജ്മെന്റുകളുമായും നാളെ എന്‍ജിനീയറിംഗ്‌ മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ പുരോഗതി പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനെയും എം.എ.ബേബി എംഎല്‍എയെയും അറിയിക്കും. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനെയും ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടുണ്ട്‌. സമൂഹത്തിന്റെ പൊതുവികാരം മനസ്സിലാക്കി സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാ മാനേജ്മെന്റുകളും തയ്യാറാകണമെന്ന്‌ ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും പോസിറ്റീവായി ഉള്‍ക്കൊള്ളും. പ്രശ്നം പരിഹരിക്കുന്നതിനുള്ള കേന്ദ്രനിയമം ഇത്തവണയും പ്രവേശന നടപടികള്‍ക്ക്‌ പോംവഴിയാകില്ല. ഏകീകൃത ഫീസ്‌ എന്നത്‌ പഠിക്കാന്‍ സമര്‍ഥരായ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവസരം കുറയ്‌ക്കും. ഈ പറയുന്നത്‌ പരിയാരം ഉള്‍പ്പെടെയുള്ള കോളേജുകള്‍ക്ക്‌ ബാധകമാണ്‌, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്‌, അടൂര്‍ പ്രകാശ്‌, കെ.സി.ജോസഫ്‌, ഷിബുബേബിജോണ്‍, പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, യുവമോര്‍ച്ചാ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആര്‍.എസ്‌.രാജീവ്‌, സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, സി.ദിവാകരന്‍, എം.എ.ബേബി, എന്‍.കെ.പ്രേമചന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വിവിധ കക്ഷി നേതാക്കളായ രമേശ്‌ ചെന്നിത്തല, മാത്യു ടി.തോമസ്‌, എ.കെ.ശശീന്ദ്രന്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍, വര്‍ഗീസ്‌ ജോര്‍ജ്‌, ജോര്‍ജ്‌ സെബാസ്റ്റ്യന്‍, കെ.പി.എ.മജീദ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്വാശ്രയ വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നും ഉള്ള ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ട്‌. എന്നാല്‍ ഇതു സംബന്ധിച്ച നിജസ്ഥിതി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളെ സ്വസമുദായക്കാരായ പുരുഷന്മാര്‍ തന്നെ പീഡിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇവരെ മറ്റു വിഭാഗക്കാര്‍ പീഡിപ്പിച്ചാല്‍ നിയമാനുസൃതം നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഈ പീഡനത്തിനിരയായവര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by