Categories: Kerala

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി

Published by

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച്‌ നീട്ടിവച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന തമിഴ്‌നാടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ കേസ്‌ നീട്ടിയത്‌.

ചൊവ്വാഴ്ചയാണ്‌ ഭരണഘടനാബഞ്ച്‌ അപേക്ഷ പരിഗണിക്കാനിരുന്നത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. ബേബി ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡാം നിര്‍മ്മാണവുമായി മുന്നോട്ട് പോകൂവെന്ന് കാണിച്ച് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ബേബി ഡാമിന്റെ അറ്റകുറ്റപ്പണി അനുവദിക്കാന്‍ കഴിയില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്. ഇതിന് തമിഴ്‌നാട് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് തമിഴ്‌നാട് ഇന്ന് അപേക്ഷിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സംസ്ഥാന ജലസേചന മന്ത്രി പി.ജെ ജോസഫ് ദല്‍ഹിയിലെത്തി നിയമ വിദഗ്‌ദ്ധരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by