തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തിട്ടപ്പെടുത്തിയിട്ടുള്ള സ്വത്ത് ക്ഷേത്രത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ട സ്വത്താണിത്. ക്ഷേത്രത്തില്‍ത്തന്നെ ഇത് സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്രത്തിനു നല്‍കേണ്ട സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ചരിത്രപരവും പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്. ഇത് കേരള സംസ്കാരത്തിന്റെ പ്രതീകമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിന്റെ കടമയും ആവശ്യവും ആണെന്ന് സര്‍ക്കാര്‍ കരുതുന്നു. ശ്രീ പത്മനാഭസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ട ഈ സ്വത്ത് ക്ഷേത്രത്തില്‍ത്തന്നെ സുരക്ഷയോടുകൂടി സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനത്തിനുള്ളതാണ്. സര്‍ക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ആചാരാനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരുവിധത്തിലും തടസം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് ഒരുവിധത്തിലും കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത്. താത്ക്കാലികവും സ്ഥിരവുമായ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഉദ്ദേശിക്കുന്നത്. താത്ക്കാലിക സംവിധാനങ്ങള്‍ ഉടനടി നിലവില്‍ വരും. സുരക്ഷാക്രമീകരണങ്ങള്‍ക്ക് ആവശ്യമായ സംവിധാനത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിക്ക്, കമ്മറ്റി അഗം കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടി കെ. ജയകുമാര്‍ സര്‍ക്കാരിനുവേണ്ടി നിര്‍ദേശം സമര്‍പ്പിക്കും. സുപ്രീംകോടതിയുടെ അനുമതിയോടെയാകും സ്ഥിരമായ സുരക്ഷാസംവിധാനങ്ങളൊരുക്കുക.
സുരക്ഷയെ സംബന്ധിച്ച് മഹാരാജാവിനോടും തന്ത്രിയോടും കൂടി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സുരക്ഷയുടെ പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇത് സര്‍ക്കാരിന്റെ കടമയാണ്. തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ കണ്ട്രോള് റൂം ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ഷേത്രത്തിനു പുറത്ത് സൗകര്യപ്രദമായ കെട്ടിടം ലഭിച്ചാല്‍ ഈ സംവിധാനം അങ്ങോട്ടു മാറ്റും. ക്ഷേത്രത്തിനു ചുറ്റും 24 മണിക്കൂര്‍ മൊബെയില്‍ പട്രോളിംഗ് ഉണ്ടായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുരക്ഷക്ക് കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ആധുനികമായ സുരക്ഷാസംവിധാനങ്ങളാകും ഒരുക്കുക. പത്മനാഭസ്വാമിക്ഷേത്രത്തിലേത് കേവലം സ്വത്തുമാത്രമല്ല, വിശ്വാസം കൂടിയാണ്. അതെല്ലാം പരിഗണിച്ചാകും സുരക്ഷ ഒരുക്കുക.
സ്വത്ത് ഏതുതരത്തില്‍ സൂക്ഷിക്കണമെന്നതിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തതയുണ്ട്. കണ്ടെത്തിയ സ്വത്തിന്റെ മൂല്യം എത്രയെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ എല്ലാ കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ഡിജിപി ജേക്കബ്പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, എഡിജിപിമാരായ വേണുഗോപാല്‍ കെ.നായര്‍, ഹേമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: