Categories: Kottayam

അമിതവേഗതയിലെത്തിയ ലോറി ബസിലിടിച്ച്‌ 12 യാത്രക്കാര്‍ക്ക്‌ പരിക്ക്‌

Published by

കുറവിലങ്ങാട്‌: അമിതവേഗതയിലെത്തിയ ലോറി ബസിലിടിച്ച്‌ യാത്രക്കാര്‍ക്ക്‌ പരിക്ക്‌ എം.സി. റോഡില്‍ ലോറി ബസിലിടിച്ചുണ്ടായ ആപകടത്തില്‍ ബസ്‌ യാത്രക്കാരായ പതിനഞ്ചിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. ലോറിയുടെ അമിതവേഗമാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. ഞായറാഴ്ച വൈകിട്ട്‌ 2.30 ഓടെ കോട്ടയത്തുനിന്നും പാലക്കാട്‌ ചിറ്റൂരിന്‌ പോവുകയായിരുന്ന ബസ്‌ കുറവിലങ്ങാടിന്‌ സമീപമാണ്‌ അപകടത്തില്‍ പെട്ടത്‌. കെ.എസ്‌.ആര്‍.ടി.സി. ചിറ്റൂറ്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഹരിദാസ്‌ (45) നെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്‌ യാത്രക്കാരായ പെരുമ്പാവൂറ്‍ കുറുപ്പുംപടി പുതുകുന്നത്ത്‌ അന്നമ്മ (58), ഉഴവൂറ്‍ സെണ്റ്റ്‌. സ്റ്റീഫന്‍സ്‌ എല്‍.പി. സ്ക്കൂള്‍ അദ്ധ്യാപിക പുതുവേലി മോനിപ്പള്ളി ആശാ ജോസ്‌ (40), കൊടകര സ്വദേശി ബിനീഷ്‌ ബാബു (23), എറണാകുളം കരയാംപറമ്പ്‌ മാളിയേക്കല്‍ ചാത്തുണ്ണി (38), എടത്വാ സ്വദേശികളായ ടി.ടി. ഫ്രാന്‍സീസ്‌ (67), ടി.എ. തോമസ്‌ (65), മൂവാറ്റുപുഴയില്‍ താമസിച്ചു വരുന്ന തമിഴ്നാട്‌ സ്വദേശികളായ പ്രമോദ്‌ (30), ഭാര്യ ലത (25) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലും കോട്ടയം വേളൂറ്‍ ബീമാമന്‍സില്‍ ജമീലബീവി (50), കോഴാ നിധീരിപാവയ്‌ക്കല്‍ സിജോ ചെറിയാന്‍ (24) എന്നിവരെ കുറവിലങ്ങാടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വെമ്പള്ളി വടക്കേ കവലയക്കും കാളികാവ്‌ പള്ളിയ്‌ക്കും ഇടയിലുള്ള ചെറിയ വളവിന്‌ സമീപത്തു വച്ചാണ്‌ അപകടം നടന്നത്‌. അപകടത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ. കോട്ടയം ഭാഗത്തേക്ക്‌ അമിത വേഗത്തില്‍ വരികയായിരുന്ന ലോറിയുടെ പിന്‍വശം ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്‌ നീയന്ത്രണം വിട്ട്‌ സമീപത്തെ പുറമ്പോക്ക്‌ ഭൂമിയിലേക്ക്‌ പോവുകയായിരുന്നു. ബസിലിടിച്ച ലോറി റോഡില്‍ വട്ടം തിരിഞ്ഞ്‌ സമീപത്തെ കയ്യാലയില്‍ ഇടിച്ചാണ്‌ നിന്നത്‌. അപകടം നടന്ന ഉടനെ വിവരമറിഞ്ഞെത്തിയ കുറവിലങ്ങാട്‌ പോലീസ്‌ സ്റ്റേഷനിലെ എസ്‌.ഐ. കെ.ആര്‍. മോഹന്‍ദാസിണ്റ്റെ നേതൃത്വത്തിലുള്ള സംഘം പോലീസ്‌ ജീപ്പിലാണ്‌ പരിക്കേറ്റവരെ ആസ്പത്രികളില്‍ എത്തിക്കുന്നത്‌. ആരുടെയും നില ഗുരുതരമല്ല. പെരുമ്പാവൂരില്‍ തടി ഇറക്കിയ ശേഷം തിരികെ വരികയായിരുന്നു അപകടം വിതച്ച ലോറി. ലോറി ഡ്രൈവര്‍ കോട്ടയം പെരുമ്പായിക്കാട്‌ നെടമ്പ്രത്തലയ്‌ക്കല്‍ എന്‍.ഡി. സജുമോനെ പ്രതി ചേര്‍ത്ത്‌ കുറവിലങ്ങാട്‌ പോലീസ്‌ കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by