ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. ശക്തമായ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് സമയവാമില്ലാതെ പിരിഞ്ഞത്. പ്രധാനമന്ത്രിയെക്കൂടി ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. യോഗത്തില്‍ രണ്ട് കരട് ബില്ലുകള്‍ അവതരിപ്പിച്ച നടപടിയെ പ്രതിപക്ഷം എതിര്‍ത്തു. നിര്‍ണായക വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒറ്റ ബില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ശക്തമായ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജും ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ പോരാട്ടത്തിന് ലോക്പാല്‍ നിയമം അപര്യാപ്തമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. സര്‍വകക്ഷി യോഗത്തിലാണ് നിയമത്തോടുള്ള വിമുഖത പ്രധാനമന്ത്രി പ്രകടമാക്കിയത്.
അഴിമതി തടയാന്‍ നല്ല നിയമവും ശക്തമായ സ്ഥാപനവും അനിവാര്യമാണെങ്കിലും ഇതുകൊണ്ടുമാത്രം കാര്യങ്ങള്‍ നേരെയാവില്ലെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ അഭിപ്രായം. മറ്റ് സ്ഥാപനങ്ങളും നിയമങ്ങളുമായി ചേര്‍ന്നാണ് ലോക്പാല്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനയുടെ അടിസ്ഥാന ഘടന ചട്ടക്കൂട്ടിനുള്ളില്‍നിന്നാണ് അത് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതങ്ങളിലെ അഴിമതി നേരിടാന്‍ ശക്തവും കാര്യക്ഷമവും ത്വരിതഗതിയിലുള്ള സംവിധാനം വിഭാവനംചെയ്യുന്ന ലോക്പാല്‍ നിയമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അതുമാത്രം പോരെന്ന അഭിപ്രായപ്രകടനം മന്മോഹന് നടത്തിയത്. പ്രധാനമന്ത്രിയെക്കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ പൊതുസമൂഹ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും എതിര്‍ക്കുന്നത്.
പാര്‍ലമെന്റിനുള്ളില്‍ എംപിമാരുടെ പെരുമാറ്റം, സിബിഐയുടെ അഴിമതിവിരുദ്ധ വിഭാഗം, രാജ്യവ്യാപകമായി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥവിഭാഗങ്ങള്, ഓംബുഡ്സ്മാന് നിര്‍ണയസമിതി തുടങ്ങിയവരെയെല്ലാം ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും അഭിപ്രായഭിന്നതകള്‍ക്ക് വഴിതെളിക്കുന്നവയാണ്. സംയുക്ത കരട് രൂപീകരണ സമിതിയിലെ പൊതുസമൂഹത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികള്‍ തയ്യാറാക്കിയ കരട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്തതായി അറിയുന്നു.
കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, കപില്‍ സിബല്‍, എം. വീരപ്പമൊയ്ലി, സല്മാന് ഖുര്‍ഷിദ്, പവന്‍കുമാര്‍ ബന്‍സല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കൃഷിമന്ത്രി ശരദ് പവാര്‍, ഖാന വ്യവസായമന്ത്രി പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), ടി.ആര്. ബാലു (ഡിഎംകെ), മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ് (ലോക്സഭ), അരുണ്‍ ജെറ്റ്ലി (രാജ്യസഭ), എന്‍ഡിഎ കണ്‍വീനറും ജനതാദള്‍ (യു) അധ്യക്ഷനുമായ ശരത് യാദവ്, എസ്.എസ്. ധിന്‍സ (ശിരോമണി അകാലിദള്‍), സീതാറാം യെച്ചൂരി (സിപിഎം), ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ (സിപിഐ), ലാലുപ്രസാദ് യാദവ് (ആര്‍ജെഡി), വി. മൈത്രേയന്, എം. തമ്പിദുരൈ (എഐഎഡിഎംകെ), എസ്.സി. മിശ്ര (ബിഎസ്പി), രാംഗോപാല്‍ യാദവ് (എസ്പി) തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: