“തെല്ലൊരു വെളിച്ചമി
ല്ലോമനേയിനിയെന്റെ
പുല്ലുമാടവും കത്തി
യെത്തുക, യാണീ ദാസന്‍”…..മരണമില്ലാത്ത കവിതകള്‍ മലയാളത്തിനു സമ്മാനിച്ച് ഇരുപത്തിയേഴാം വയസ്സില്‍ മരണത്തെ സ്വയം വരിച്ച് കടന്നുപോയ കവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അവസാന കവിതയിലെ വരികളാണിത്….. മരണത്തെ സദാകൂടെക്കൊണ്ടു നടന്നിരുന്ന കവി. 1936 ജൂലൈ നാലിന് കവി ആത്മഹത്യ ചെയ്യുമ്പോള്‍ ഒരിക്കലും മരിക്കാത്ത നിരവധി കവിതകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. എങ്കിലും ഇടപ്പള്ളിയെ മലയാളി കൂടുതല്‍ അറിയുന്നത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്ന ചങ്ങമ്പുഴകൃഷ്ണപിള്ളയുടെ ‘രമണന്‍’ എന്ന കാവ്യത്തിലൂടെയാണ്. രാഘവന്‍പിള്ളയുടെ പ്രേമസുരഭിലമായ ജീവിതവും അതിന്റെ ദാരുണാന്ത്യവും വിവരിച്ച വിലാപകാവ്യമായിരുന്നു ചങ്ങമ്പുഴയുടെ ‘രമണന്‍’. കവിയുടെ മരണത്തിന് ഇന്ന് 75 വയസ്സുതികയുന്നു. മരണത്തിനു മുമ്പ് അദ്ദേഹമെഴുതിയ കവിതകളെല്ലാം മരണത്തെകുറിച്ചുള്ള ഭാവനകള്‍ നിറച്ചവയായിരുന്നു.
പ്രണയം കൊണ്ട് കവിത സൃഷ്ടിക്കുകയും പ്രണയത്തിനുവേണ്ടി ജീവിക്കുകയും പ്രണയത്തിനുവേണ്ടിത്തന്നെ അദ്ദേഹം മിരിക്കുകയും ചെയ്തു. എറണാകുളത്തെ ഇടപ്പള്ളിയില്‍ 1909 മെയ് 30ന് ജനിച്ച രാഘവന്‍പിള്ള, സ്കൂളില്‍ ചങ്ങമ്പുഴ കൃഷ്ണപിളളയുടെ സതീര്‍ത്ഥ്യനായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ കഷ്ടപ്പാടുകള്‍ വേദനതീര്‍ത്ത ജീവിതമായിരുന്നു ഇടപ്പള്ളിയുടേത്. രോഗിയായിരുന്ന അമ്മ മീനാക്ഷിയമ്മ അര്‍ബുദത്തിന്റെ വേദനയില്‍ നിന്ന് രക്ഷനേടാന്‍ രാഘവന്‍പിള്ളയുടെ കുട്ടിക്കാലത്തുതന്നെ ആത്മഹത്യചെയ്തു. അമ്മയുടെ മരണം സമ്മാനിച്ച വേദന താങ്ങാനാകാതെ ജ്യേഷ്ഠ സഹോദരന്‍നാടുവിട്ടു. പിന്നീട് പിതാവ് നീലകണ്ഠപ്പിള്ള വിവാഹം ചെയ്ത സ്ത്രീയില്‍നിന്ന് രാഘവന്‍പിള്ളയ്‌ക്ക് ഏറെ ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്നു. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന യാതനകളാകാം അദ്ദേഹത്തെ വിഷാദത്തിന്റെ കവിയാക്കിയത്.
സുഹൃത്തായ ചങ്ങമ്പുഴയെപ്പോലെ ചെറുപ്രായത്തില്‍ത്തന്നെ കവിയെന്ന നിലയില്‍ ഇടപ്പള്ളി പ്രശസ്തി നേടി. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം, അവ്യക്തഗീതം എന്നിവയാണ് ഇടപ്പള്ളിയുടെ പ്രധാന കവിതാസമാഹാരങ്ങള്‍. നിരാശയും മരണബോധവുമാണ് കവിതകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. “മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നു ഞാന്‍” എന്നു തുടങ്ങുന്ന ‘മണിനാദം’ എന്ന കവിതയാണ് ഏറ്റവും പ്രസിദ്ധം. ചില കഥകളും അദ്ദേഹം എഴുതിയിരുന്നു.
ചങ്ങമ്പുഴയായിരുന്നു ഇടപ്പള്ളിയുടെ ഏറ്റവുമടുത്ത സുഹൃത്ത്. ചങ്ങമ്പുഴ ആലുവയില്‍ പഠിക്കാന്‍ പോയതോടെ ഇടപ്പള്ളി തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിലെ കലുങ്കിലിരുന്ന് കാറ്റുകൊള്ളുന്നത് ഇടപ്പള്ളിയുടെ ശീലങ്ങളിലൊന്നായിരുന്നു. ചങ്ങമ്പുഴയുമായി പിരിഞ്ഞിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ചെറുകഥകളെഴുതിയത്. ആ കഥകളിലും മരണത്തിന്റെ നീലിമ കലര്‍ന്നിരുന്നു. പ്രേമം മനസില്‍ കത്തിജ്വലിക്കുന്ന കാലഘട്ടത്തിലാണ് ഈ കഥകളുടെ പിറവി. കഥയുടെ ഭൂമിക പേരണ്ടൂര്‍ റെയില്‍വേ കലുങ്കും ക്ഷേത്രക്കുളവും.
സ്കൂള്‍ ഫൈനലിനു പഠിക്കുമ്പോള്‍ ഇടപ്പള്ളിയിലെ ഒരു വീട്ടില്‍ താമസിച്ച് അവിടുത്തെ കുട്ടികള്‍ക്കു ട്യൂഷനെടുത്തിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ഒരു ശിഷ്യയുമായി തീവ്രപ്രണയത്തിലായി. പ്രണയരഹസ്യം പരസ്യമായപ്പോള്‍ നാട്ടില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ട ഇടപ്പള്ളി തകര്‍ന്ന ഹൃദയത്തോടെ തിരുവനന്തപുരത്തേക്കു വണ്ടികയറി. തിരുവനന്തപുരത്ത് കഴിഞ്ഞ അദ്ദേഹം ‘ശ്രീമതി’ പത്രത്തിലും ‘കേരള കേസരി’യിലും ജോലി നോക്കി. ഉള്ളൂരിന്റെ അവതാരികയോടെ ‘തുഷാരഹാരം’ എന്ന പ്രഥമ കാവ്യസമാഹാരം പുറത്തിറങ്ങിയത് അക്കാലത്താണ്. ആദ്യസമാഹാരം കൊണ്ടുതന്നെ കാവ്യസ്നേഹികളുടെ ഹൃദയത്തില്‍ അദ്ദേഹം ഇടംകണ്ടെത്തി.
“എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ല
മുന്നോട്ടു നോക്കിയാല്‍ ഘോരമാമരണ്യം
പിന്നിലോ ശൂന്യമരുപ്പരപ്പ്
കാലൊന്നിടറിയാല്‍ വീണുപോം ഗര്‍ത്തത്തില്‍
കൂലത്തിലാണ് ഞാന്‍ നില്‍പതിപ്പോള്‍”
സ്നേഹിക്കാനും സ്നേഹത്തിനായി കരയാനും മാത്രമറിയുന്നൊരു ഹൃദയത്തിനുടമയാണ് ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന് ഈ വരികള്‍ കാട്ടിത്തന്നു. സ്നേഹിക്കാന്‍ ആര്‍ത്തിയുള്ളൊരു മനസിനുടമ. സ്നേഹത്തിനപ്പുറം കാമുകിയെ ദേവതയായിക്കണ്ട ആ ഹൃദയത്തിന് കാമുകിയുടെ സ്നേഹം കൈവിട്ടുപോയത് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.
1936 ജൂലൈ നാലിന്, കൊല്ലത്തുവച്ച് ഇടപ്പള്ളി ജീവനൊടുക്കി. താന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത് ആ പ്രേമസുരഭിലഹൃദയത്തിന് താങ്ങാനായില്ല. കാമുകി സ്വന്തം വിവാഹത്തിന് കാമുകനെ ക്ഷണിച്ചുകൊണ്ട് കത്തുമയച്ചിരുന്നു. കത്ത് കിട്ടുകകൂടി ചെയ്തതോടെ കവി ആകെ തളര്‍ന്നു. കഴുത്തില്‍ ഒരു മുല്ലപ്പൂമാലയുമണിഞ്ഞാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെന്ന കാമുകകവി തൂങ്ങി മരിച്ചത്. കാമുകി മറ്റൊരു പുരുഷന്റെ കഴുത്തില്‍ വരണമാല്യമണിഞ്ഞ അതേമുഹൂര്‍ത്തത്തിലായിരുന്നു രാഘവന്‍പിള്ള മരണത്തെ സ്വയം വരിച്ചത്. നൈരാശ്യം ബാധിച്ച ജീവിതത്തിന്റെ ദുഃഖങ്ങള്‍ അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്നു. മരണത്തിലൂടെ അദ്ദേഹം ജീവിതത്തോട് പ്രതികാരം ചെയ്തു.
പ്രിയ സുഹൃത്തിന്റെ ദാരുണാന്ത്യത്തില്‍ മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള രമണന് ജന്മം നല്‍കി. ഇടപ്പള്ളിയുടെ മരണം കാവ്യലോകത്തെ ദുഃഖത്തിലാഴ്‌ത്തിയപ്പോള്‍ രമണനിലൂടെ മറ്റൊരു സന്തോഷം ജനിച്ചു. ഇടപ്പള്ളി മരിച്ച് ദിവസങ്ങള്‍ക്കകമാണ് രമണനെന്ന വിലാപകാവ്യം ജനിക്കുന്നത്. 1936ല്‍ തന്നെ രമണന്‍ പുസ്തകമായി പുറത്തിറങ്ങി. അന്നുമുതല്‍ കാവ്യാസ്വാദകര്‍ രമണന്‍ വായിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു അനശ്വര പ്രണയത്തിന്റെയോ, പ്രണയച്ചതിയുടേയോ കഥപറയുന്ന കാവ്യം.
-ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: