തുട്ട് വല്ലാത്തൊരു പ്രശ്നം തന്നെയാണ്. അതില്ലെങ്കില്‍ നേരെ ചൊവ്വേ ഒന്നും നടക്കില്ല. അത് വന്‍തോതില്‍ കുന്നുകൂടിയാലോ, പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ലോകം തന്നെ കാല്ക്കീഴില് എന്ന അവസ്ഥയാവും. അത് വിപ്ലവ പാര്‍ട്ടിയായാലും അതെ അല്ലാത്ത വകയായാലും അതെ.
പട്ടിണിപ്പാവങ്ങള്‍ക്കും മര്‍ദ്ദിതര്‍ക്കും ഏഴകള്‍ക്കും വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന വിഎസ്സിന്റെ പാര്‍ട്ടിയെ ഇന്നേവരെ തുട്ട്വിവാദം പൊള്ളിച്ചിരുന്നില്ല. എന്നുവെച്ചാല്‍ മേപ്പടി സംഗതി ഇല്ലെന്നല്ല. അത് മാനം മര്യാദയായി ഇരുമ്പുമറയ്ക്കുള്ളില്‍ പൊതിഞ്ഞുവെക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വല്ലാതെ ജനാധിപത്യബോധം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വന്നിരിക്കുന്നതിനാല്‍ എല്ലാ ഇരുമ്പുമറകളും ദ്രവിച്ചുകഴിഞ്ഞു. ദ്രവിച്ചത് മാറ്റുമ്പോള്‍ കാണുന്ന കാഴ്ചകള്‍ അത്ര പന്തിയുള്ളതല്ലെന്ന് മാത്രമല്ല ഞെട്ടിക്കുന്നതുമാണ്.
യുവജന പ്രസ്ഥാനത്തിന്റെ കണക്ക്സൂക്ഷിപ്പുകാരന്‍ മോള്‍ക്കുവേണ്ടി ചെറിയൊരു വിപ്ലവ വ്യതിയാനം വരുത്തിയതാണ് ഇപ്പോള്‍ ഭീകരമായതും, ഒടുക്കം ടിയാന് തന്നെ പുറത്തായതിനും കാരണം. രമേശനെ ഇത്രകാലം എന്തിന് കാത്തുസൂക്ഷിച്ചു എന്നു ചോദിച്ചാല്‍ ഉത്തരം വളരെ വ്യക്തമാണ്. പാര്‍ട്ടി ആ വിദ്വാനെ വിശ്വസിച്ചു. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ. വിശ്വാസം നഷ്ടപ്പെട്ടപാടെ ടിയാനെ മാറ്റിനിറുത്തി, പിന്നെ പുറത്താക്കി. ഇവിടെ ഇനി ഉയര്‍ന്നു വരാവുന്ന മറ്റൊരു ചോദ്യമുണ്ട്. സാമ്പത്തിക ക്രമക്കേട് എന്ന് പോളിഷ് ചെയ്ത് പറയുന്ന ഒരു വാക്കുണ്ടല്ലോ. അതായത് പണം കക്കല് എന്ന് പച്ചമലയാളം. ഇക്കാര്യമാണല്ലോ മേപ്പടി രമേശന് ചെയ്തത്. ആയതിന് ജനാധിപത്യ സംവിധാനത്തില്‍ ശിക്ഷ ഇതുമതിയോ?
പൊലീസും നീതിന്യായ ഏടാകൂടങ്ങളും സാദാ മനുഷ്യര്‍ക്ക് മാത്രമുള്ളതാണോ? പ്രൊലിറ്റേറിയറ്റ് നിയമം എന്ന് പറയുന്നത് എങ്ങനെ അനീതി ചെയ്താലും അറിഞ്ഞുകഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയാല്‍ മതിയെന്നാണോ? എന്നുവെച്ചാല്‍ ഒരു ലാവലിന്‍ മാത്യക? പക്ഷേ, രമേശനും ചില കാഴ്ചപ്പാടുണ്ട്. പാര്‍ട്ടിയുടെ അണിയായി ചേര്‍ന്നതുമുതല്‍ ഏഴൈ പാവങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണല്ലോ. അങ്ങനെയെങ്കില്‍ കുടുംബാംഗങ്ങളും അതേ വഴിയിലൂടെ തന്നെ യാത്ര ചെയ്യണം. പാര്‍ട്ടി കെട്ടിപ്പടുത്ത ഒരു സ്ഥാപനം വഴി പാവങ്ങള്‍ക്ക് സഹായം കിട്ടണമെങ്കില്‍ അല്പം ചില നീക്കുപോക്കുകള്‍ വേണം. തെരഞ്ഞെടുപ്പ് കാലത്ത് ഇമ്മാതിരി എത്രയെത്ര കാര്യങ്ങള്‍ നടക്കുന്നു. പാര്‍ട്ടിക്കാരനല്ലാത്ത വിദ്വാനെ ജയിപ്പിച്ച് കൊണ്ടുവരികയും അയാള്‍ വഴി പാര്‍ട്ടി നിലപാടുകളും നടപടികളും ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നില്ലേ? അങ്ങനെയല്ലേ പാര്‍ട്ടി വളര്‍ത്തുക.
തികച്ചും ശാസ്ത്രീയമായി പാര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കാനാണ് രമേശന് സഖാവ് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് ഡോക്ടറായി പുറത്തുവരുന്ന മകളിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന പാര്‍ട്ടി നിലപാടിനെ തള്ളിക്കളയാന്‍ ചിലര്‍ തയാറായെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം ഇല്ലെന്ന് പറയേണ്ടിവരും. തുട്ടുണ്ടാക്കുന്നവനെ തട്ടാന്‍ വാരിക്കുന്തവുമായി പാര്‍ട്ടി ഓഫീസിന്റെ പൂമുഖത്ത് നില്ക്കുന്ന വിദ്വാനാണ് പ്രശ്നമുണ്ടാക്കിയത്. പാര്‍ട്ടി അന്തകാലത്തെ പ്രൊലിറ്റേറിയന്‍ ചിന്താഗതിയുമായി മാത്രമേ മുന്നോട്ട് പോകാവൂ എന്നാണെങ്കില്‍ സര്‍വരാജ്യ തൊഴിലാളികള്‍ക്കും പട്ടിണി കിടക്കാം. വിഎസ്സിനും സംഘത്തിനും എന്തും പറയാം. കാരണം എക്സ്പ്പയറിഡേറ്റ് കഴിയാറായി. എന്നാല്‍ മറ്റുള്ളവരുടെ സ്ഥിതി അതല്ല. പ്രൊഫിറ്റേറിയന്‍ സംസ്കാരം വേണമെന്നൊന്നും പറയുന്നില്ല. എന്നാലും ഇത്തിരി കഞ്ഞികുടിച്ച് കഴിയേണ്ടേ? സ്വന്തബന്ധുക്കള്‍ കയ്യയച്ച് രണ്ട് തുട്ട് തരാമെന്ന് പറഞ്ഞാല്‍ വേണ്ടെന്ന് തറപ്പിച്ച് പറയുന്നതെങ്ങനെ. ഇതൊന്നും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞൂഞ്ഞിന്റെ അടിയും കുഞ്ഞാലി സായ്വിന്റെ തൊഴിയും ഏല്‍ക്കുകയത്രേ ഗതി. പാര്‍ട്ടിയുടെ വിശ്വാസം പാര്‍ട്ടിയെ രക്ഷിക്കട്ടെ.
മിണ്ടാതിരിക്കുന്നത് നല്ല ബുദ്ധിയാണെന്ന് ചിന്തിച്ച് വലിയ പ്രശ്നങ്ങളില്ലാതെ പോവുകയായിരുന്നു. മാഡമാണെങ്കില്‍, ഒന്നിനും പോവണ്ട; എല്ലാം എനിക്കുവിട്ടേക്കു എന്ന സ്റ്റെയിലിലും. അതുകൊണ്ടുണ്ടായ പൊട്ടലും ചീറ്റലും വരുത്തിയ നാണക്കേട് അതിഭീകരമാണ്. അതില്‍ നിന്ന് കരകേറാനുള്ള ഏറ്റവും നല്ല വഴി മാധ്യമമഹിതാശയന്മാരെ സോപ്പിടുക എന്നത്രേ. ആയതിന് വാര്‍ത്താ സമ്മേളനം, പ്രസ്മീറ്റ,് ബ്രീഫിങ് എന്നൊക്കെ പറയും. പേരെന്തായാലും ഒരു കാര്യം ഉറപ്പ്. പിടിച്ചുനില്‍ക്കാനുള്ള നല്ല വഴിതേടല്‍. ഷൂ, ചെരിപ്പ്, പേന, പേപ്പര്‍ വെയിറ്റ് ഇത്യാദി സാധനങ്ങളെക്കൊണ്ടുള്ള ഏറ് ഒഴിവാക്കാന്‍ കഴുകന് കണ്ണുള്ളവരുടെ എല്ലാ പരിശോധനക്കും ശേഷമേ കടത്തി വിടൂ; അതും ദിനംപ്രതി മൂന്നോ നാലോ പേരെ. അവരോട് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞാല്‍ പിന്നെ ഒരു പ്രശ്നവുമില്ല. അവര്‍ നല്കിയ വാര്‍ത്തക്ക് എതിരായി മുഖപ്രസംഗം, വിശകലനം, നിരീക്ഷണം തുടങ്ങിയ ഏടാകൂടങ്ങള് എടുത്തുവീശാനുമാവില്ലല്ലോ.
ഏതായാലും ഒരു കാര്യത്തില്‍ ഇന്ത്യാ മഹാരാജ്യത്തെ ബഹുകോടികള്‍ക്ക് ആശ്വസിക്കാം. ഇന്ത്യയില്‍ വിലക്കയറ്റം ഭീതിജനകമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കയ്യില്‍ ആയത് കുറയ്ക്കാനുള്ള മാന്ത്രിക വടിയൊന്നുമില്ല. ച്ചാല്‍ എന്തെങ്കിലും തിന്ന് അങ്ങ് കഴിഞ്ഞോളീന്ന്. പിന്നെ മറ്റൊരു സംഗതിയുണ്ട്. ആഗോള പ്രതിഭാസമായ മേപ്പടി വിലക്കയറ്റം കണിശമായി 2012 മാര്‍ച്ചില്‍ അവസാനിക്കും. അവിടുന്ന് തികച്ചും പത്തൊമ്പതുമാസം കഴിഞ്ഞാല്‍ വോട്ടുകുത്തല് (അമര്‍ത്തല്‍) വരും. അപ്പോള്‍ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പറയാം. അതുവരേക്കും ബഹുമാന്യജനങ്ങളേ ഗാന്ധിജിയെ ഓര്‍ത്ത് (ഒരു കാര്യം:അണ്ണാ ഹസാരയുടെ ഗാന്ധിയല്ല) ക്ഷമിക്കുക. മാഡം അങ്ങനെയൊക്കെ പറയാനാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാഡം രേഖയില്‍നിന്ന് കടുകിട മാറാന്‍ താല്പര്യമില്ല, തയാറുമല്ല. ഈ പരമാനന്ദത്തില്‍ ലയിച്ചിരിപ്പതത്രേ സുഖം.
പശു ചത്താലും മോരിന്റെ പുളി മാറില്ലെന്ന് പറഞ്ഞത് എത്ര ശരിയാണ്. കേരളത്തിലെ വോട്ടമര്‍ത്തല്‍ കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും അന്നത്തെ വിഎസ് ഫാക്ടര്‍(അതെന്തോന്ന് സാധനം എന്ന് പലരും ചോദിക്കുന്നു) അനാഥപ്രേതം പോലെ അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങുകയാണ്. ചോറ്റാനിക്കരയോ മേറ്റ്വിടെയെങ്കിലുമോ ആണിയടിച്ച് മേപ്പടി ഫാക്ടറിനെ തളച്ചിടാമോ എന്ന ചിന്ത ചിലര്‍ക്കുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്(ജൂലായ് 2) അക്കാര്യത്തില്‍ മുമ്പന്തിയിലാണ്. അവരുടെ ജൂണ്‍ 19ന്റെ ലക്കം പറഞ്ഞത് തെളിവുകളിതാ, വിഎസ് തരംഗമില്ല എന്നായിരുന്നു. മുഴക്കോലും മട്ടത്രികോണവും ഡിവൈഡറുമായി ഇക്കാര്യം വിശദീകരിക്കാന്‍ രംഗത്തുവന്നത് പ്രഗത്ഭനായ കെ.എം ഷാജഹാന്. കൂടെനിന്നവനല്ലേ കുഴപ്പങ്ങളെക്കുറിച്ച് ശരിക്കറിയാനാവൂ.
എന്നാല്‍ ഇത്തവണത്തെ കവര്‍ പേജു വഴി അതൊക്കെ ചാവുകടലിലേക്ക് വലിച്ചെറിയാനാണ് മറ്റൊരു പ്രതിഭാധനനായ എ.ജയശങ്കര്‍ ശ്രമിക്കുന്നത്.
മൂപ്പരുടെ ലേഖന(അങ്ങനെ പറയാമോ എന്നറിയില്ല; സത്യവാങ്മൂലമാണല്ലോ)ത്തിന്റെ തലക്കെട്ട് ഇങ്ങനെ: അച്യുതാനന്ദന്; അല്ലാതാര്! കേഡര്‍ പാര്‍ട്ടിയുടെ കേളീവിലാസത്തെപ്പറ്റി തരിമ്പും ബോധമില്ലാത്ത ജയശങ്കര്‍ അച്യുതാനന്ദനെ മിശിഹയാക്കാന്‍ വെമ്പല്‍ കൊള്ളുന്നതിന്റെ പിന്നില്‍ ആ പാര്‍ട്ടിയിലെ മറ്റാര്‍ക്കെതിരെയോ ഉള്ള കുശുമ്പാണ്, അസൂയയാണ്. അര്‍ധരാത്രിയില്‍ കുട പിടിക്കാന്‍ അച്യുതാനന്ദനെ പ്രേരിപ്പിച്ച ജയശങ്കര്‍മാരുടെ ലീലാവിലാസം കൊണ്ടാണ് കുഞ്ഞൂഞ്ഞ് രക്ഷപ്പെട്ടത്. അതെങ്കിലും മനസ്സിലാക്കാനുള്ള സംയമനം ജയശങ്കറിനുണ്ടാവണമായിരുന്നു. ഏതായാലും ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ വെളിച്ചത്തില്‍ ജയശങ്കറിന് അത്താഴം കഴിക്കാനായി. വായനക്കാര്‍ക്ക് 12 രൂപ നഷ്ടപ്പെടാനും.
തൊട്ടുകൂട്ടാന്‍
പ്രതികാരം കത്തിനിന്നസിരകളില്‍നിന്ന്
അധികാരം കുടചൂടിയ മനസ്സുകള്‍ പാഞ്ഞുവന്ന്
ചാരം തട്ടിത്തെറിപ്പിച്ച് വിളിച്ചുകൂകി
“വരിക നമുക്ക് വിശുദ്ധമായ കൊള്ളതുടരാം
നമുക്ക് കൊന്ന് മുന്നേറാം”
നേമം പുഷ്പരാജ്
കവിത: വിശുദ്ധയാത്ര
കലാകൗമുദി (ജൂലായ് 03)
-കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: