Categories: Varadyam

മധുരം മലയാളം

Published by

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ പരീക്ഷാ ഫലങ്ങള്‍ പത്രത്തില്‍ വന്നത്‌ വായിച്ചപ്പോള്‍ മൂക്കത്ത്‌ വിരല്‍ വച്ചുപോയി. എല്ലാം ബിഎ പരീക്ഷകളാണ്‌. വേഷം, ചുട്ടി, ചെണ്ട, മദ്ദളം, പാട്ട്‌ (അതില്‍ പൊന്നാനിയും ശിങ്കിടിയും വേറെയുണ്ടോ എന്നറിയില്ല) മോഹിനിയാട്ടം, ചാക്യാര്‍ക്കൂത്ത്‌, മിഴാവ്‌ കൊട്ട്‌ തുടങ്ങിയ ഇനങ്ങളുടെ ബിഎ പരീക്ഷയുടെ റാങ്ക്‌ വിവരവും പത്രത്തിലുണ്ട്‌. മലയാള ഭാഷയ്‌ക്ക്‌ ഔദ്യോഗിക ഭാഷാ പദവിയെന്ന്‌ അനുദിനം ആണയിട്ട്‌ പറയുന്നതിനിടെയാണിത്‌. പണ്ടൊക്കെ കലാരത്നം, കലാതിലകം, വിദൂഷകരത്നം, പാണിവാദതിലകം മുതലായ ബിരുദങ്ങളാണ്‌ നല്‍കിയിരുന്നത്‌.
രാമപാണിവാദന്‍ തന്നെയോ കുഞ്ചന്‍ നമ്പ്യാര്‍ എന്ന തര്‍ക്കം ഭാഷാ ഗവേഷകര്‍ പരിഹരിച്ചോ എന്നറിയില്ല. ചുവന്ന താടി ബിഎ, മിനുക്ക്‌ എംഎ, കത്തി ബിഎ, കുറ്റിച്ചാമരം പിഎച്ച്ഡി മുതലായബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഇനി സമ്മാനിക്കപ്പെടാന്‍ കാലതാമസമുണ്ടാവില്ല. തെയ്യം കെട്ടുകാരെക്കൂടി കലാമണ്ഡലത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍, ഘണ്ഡാകര്‍ണന്‍ ബിഎ, തീച്ചാമുണ്ടി എംഎ, കുട്ടിച്ചാത്തന്‍ ബിഎ, വൈരിഘാതകന്‍ ബിഎ, പൊട്ടന്‍തെയ്യം ബിഎ, കരിങ്കാളി എംഎ, മൂന്ന്‌ പെറ്റുമ്മ ബിഎ തുടങ്ങിയ ബിരുദങ്ങളും വന്നുകൂടായ്കയില്ല.

ആയുര്‍വേദ പാഠശാലകളില്‍ മുമ്പൊക്കെ ആര്യവൈദ്യന്‍, ആയുര്‍വേദാചാര്യന്‍, ഭിഷഗ്‌ ഭൂഷണം, വൈദ്യവിഭൂഷണം, വൈദ്യകലാ നിധി മുതലായ ബിരുദങ്ങളാണ്‌ കൊടുത്തിരുന്നത്‌. അതിന്‌ അതിന്റേതായ തനിമയും മഹിമയും മണ്ണിന്റെ മണവും സാംസ്ക്കാരിക ഉള്ളടക്കവുമുണ്ടായിരുന്നു. ഇപ്പോഴതൊക്കെ ബിഎഎംഎസ്‌ എന്ന ഒരൊറ്റ മുഴക്കോല്‍ അളവായിരിക്കുന്നു. അതിലാണ്‌ ലോകോത്തര പാരമ്പര്യമുള്ള കേരളത്തിലെ ആയുര്‍വേദരംഗം ചെന്നുപെട്ടിരിക്കുന്നത്‌. ആയിരക്കണക്കിന്‌ വര്‍ഷത്തെ ചരിത്രമുള്ള അഷ്ടവൈദ്യന്മാര്‍ക്കും സിദ്ധവൈദ്യന്മാര്‍ക്കും കഷായത്തിന്‌ കുറിപ്പടിയെഴുതാന്‍ ഇനി ബിഎഎംഎസ്‌ വാല്‍കൂടി വേണം. നമ്മുടെ മുഴുവന്‍ പാരമ്പര്യവും ഏതാനും, അക്ഷരങ്ങളും അക്കങ്ങളുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. മലയാളം ജയിക്കട്ടെ.

മലയാളത്തെ രക്ഷിക്കാന്‍ പള്ളിക്കൂടങ്ങളില്‍ അതിനെ ഒന്നാം ഭാഷയാക്കിയതുകൊണ്ട്‌ കാര്യമില്ല. പഠനത്തെയും പൊതുജീവിതത്തെയും ഭരണത്തെയും ഇംഗ്ലീഷിന്റെ അന്തരീക്ഷത്തില്‍നിന്ന്‌ മോചിപ്പിക്കണം. അതിന്‌ അധികാരിവര്‍ഗം തയ്യാറാകുമോ? ഇംഗ്ലീഷിന്റെ അന്തരീക്ഷമാണ്‌ സകലയിടങ്ങളിലും നിലനില്‍ക്കുന്നത്‌. ആയുര്‍വേദത്തിന്റെ കാര്യം പറഞ്ഞാല്‍ മുമ്പൊക്കെ നാട്ടിലെ ഏറ്റവും ബഹുമാന്യ വ്യക്തികള്‍ അധ്യാപകരും (പള്ളിക്കൂടം വാധ്യാര്‍), വൈദ്യന്മാരുമായിരുന്നു. ഇന്ന്‌ ഒരു വൈദ്യനും വൈദ്യനെന്ന്‌ വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. ഡോ…… (ഐഎസ്‌എം) എന്നെഴുതാനാണ്‌ താല്‍പ്പര്യം. തങ്ങള്‍ അലോപ്പതിക്കാര്‍ക്കൊപ്പംതന്നെയാണെന്ന്‌ നടിക്കാനുള്ള ത്വരയാണവിടെ. ആയുര്‍വേദമെന്ന്‌ പറയാതെ ഇന്ത്യന്‍ സിസ്റ്റം ഓഫ്‌ മെഡിസിന്‍ (ഐഎസ്‌എം) എന്ന്‌ പറയാനാണവര്‍ക്കിഷ്ടം.

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ അതിലേറെ മിഥ്യാഭിമാനികളാണ്‌. പഴയകാലത്ത്‌ ഭരണവകുപ്പിലെ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ അധികാരിയും കോല്‍ക്കാരനും മലബാറിലും, പ്രവൃത്തിയാര്‍, പിള്ള, മാസ്പടി എന്നിവര്‍ തിരുവിതാംകൂറിലുമായിരുന്നു. അംശം, ദേശം, പകുതി, കര തുടങ്ങിയ കീഴ്പ്രദേശങ്ങളുമുണ്ടായിരുന്നു. അവയിന്ന്‌ വില്ലേജ്‌ ഓഫീസറും ക്ലാര്‍ക്കും ക്ലാസ്ഫോറും വില്ലേജും വാര്‍ഡുമായി മാറി. പണ്ട്‌ ഐക്യനാണയ സംഘങ്ങളും പരസ്പര സഹായസഹകരണസംഘങ്ങളുമുണ്ടായിരുന്നു. ഇന്നവ കോ-ഓപ്പറേറ്റീവ്‌ ബാങ്കുകളും സൊസൈറ്റികളുമായി. അവയുടെയൊക്കെ ശിലാസ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന്റെയും സ്മാരകഫലകങ്ങള്‍ ഇംഗ്ലീഷില്‍തന്നെ എഴുതിയതാവണം. അയോധ്യാ മുദ്രണാലയത്തിന്റെ ആ ഫലകങ്ങള്‍ സംസ്കൃതത്തിലും മലയാളത്തിലുമാവണം എന്നാഗ്രഹിച്ച്‌ സ്ഥാപിച്ചത്‌ ഇന്നും കാണാന്‍ കഴിയും. പട്ടം താണുപിള്ള തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കന്യാകുമാരിയില്‍ നിര്‍മിച്ച ഗാന്ധിസ്മാരകത്തിന്റെ ഫലകം മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായിരുന്നുവെന്ന്‌ കാണാം. ആലുവയിലെ ദേശത്ത്‌ മംഗലപ്പുഴ പാലം രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ്‌ ഉദ്ഘാടനം ചെയ്തതിന്റെ ഫലകവും മലയാളത്തിലാണ്‌ തയ്യാറാക്കിയത്‌.

സര്‍ക്കാരിനും രാഷ്‌ട്രീയ നേതാക്കള്‍ക്കും സമൂഹത്തിലെ സ്വാധീനവിഭാഗത്തിനും ഇഛാശക്തിയുണ്ടെങ്കില്‍ കണ്ണടച്ച്‌ തുറക്കുന്നതിന്‌ മുമ്പ്‌ മലയാളത്തിന്‌ മാന്യസ്ഥാനം നല്‍കാന്‍ സാധിക്കും. ഉദാഹരണത്തിന്‌ നമ്മുടെ മന്ത്രിമാര്‍ നടത്തുന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ കത്തെടപാടുകള്‍ മലയാളത്തിലായിരിക്കുമെന്ന്‌ നിശ്ചയിക്കണം. വേണമെങ്കില്‍ അവയുടെ വിവര്‍ത്തനം ഇംഗ്ലീഷിലോ ഹിന്ദിയിലോ കൊടുക്കാം. പക്ഷേ നിയമപരമായ ആവശ്യങ്ങള്‍ക്ക്‌ മൂലരൂപമായ മലയാളം മാത്രമായിരിക്കും സാധ്യമെന്ന്‌ ചട്ടമുണ്ടാക്കണം.

വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ ഇതിന്‌ സമാനമായ വ്യവസ്ഥയുണ്ടല്ലൊ, ഇൗ‍സ്റ്റ്‌ഇന്ത്യാ കമ്പനിക്കാര്‍പോലും 200 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടുരാജാക്കന്മാരുമായി മലയാളത്തിലാണ്‌ എഴുത്തുകുത്തുകള്‍ നടത്തിയത്‌. പഴയകാലത്ത്‌ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ രാജ്യഭരണ വിവരങ്ങള്‍ മലയാളത്തില്‍ സൂക്ഷിച്ചിരുന്നത്‌ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ വായിക്കാം. സര്‍. സി.പിയെ ദിവാനായി നിയമിച്ച രാജകല്‍പ്പനയുടെ ഔദ്യോഗികനീട്ടും മലയാളത്തിലായിരുന്നു.

ഒരുകോടിയില്‍ താഴെമാത്രം ജനസംഖ്യയുള്ള ലോകത്തെ നൂറോളം രാജ്യങ്ങള്‍ തങ്ങളുടെ മുഴുവന്‍ നടപടികളും സ്വന്തം ഭാഷയില്‍ നിര്‍വഹിക്കുമ്പോള്‍ മൂന്നരക്കോടി ജനങ്ങളില്‍ 92 ശതമാനം അഭ്യസ്തവിദ്യരും അവരില്‍ പകുതിയോളം കമ്പ്യൂട്ടര്‍ സാക്ഷരരും വന്‍ രാജ്യങ്ങളുടെപോലും വിവര സാങ്കേതിക മേഖലയില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നവരുമുള്ള കേരളത്തിന്‌ സ്വന്തം ഭാഷയ്‌ക്ക്‌ അര്‍ഹമായ സ്ഥാനം നല്‍കാന്‍ കഴിയില്ല എന്നത്‌ ലജ്ജാകരമാകുന്നു.
ജ്യോത്സ്യന്മാര്‍ക്കാവശ്യമായ ജോതിഷ സോഫ്റ്റ്‌വെയര്‍ നിലവിലുണ്ട്‌. നമ്മുടെ പത്രമാസികകള്‍ തപാലില്‍ അയക്കുമ്പോള്‍ അവയുടെ മേല്‍വിലാസങ്ങള്‍ ഇംഗ്ലീഷിലേ പാടുള്ളൂവെന്ന്‌ നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. കേരളത്തിനകത്തുള്ളതെങ്കിലും മലയാളത്തിലായാല്‍ എന്താണപകടം? ഒരു കത്ത്‌ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇംഗ്ലീഷിലുള്ള സംബോധനയോടും വിടവാങ്ങലോടുമാണ്‌, ഒപ്പും ഇംഗ്ലീഷില്‍ത്തന്നെ. വിവാഹ ക്ഷണപത്രികകളാകട്ടെ അനിവാര്യമായും ഇംഗ്ലീഷിലായിരിക്കും. അവയുടെ വാചകങ്ങളും വിശേഷണങ്ങളും തെറ്റും വിലക്ഷണങ്ങളുമായിരിക്കും. മലയാളത്തെയും സ്വദേശിയുടെയും കേരളീയ സംസ്ക്കാരത്തെയും കുറിച്ച്‌ വാതോരാതെ കപടഭാഷണം നടത്തുന്നവരും അതില്‍നിന്നൊഴിവാകുന്നില്ല.

മലയാളത്തെ പിഴപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക്‌ നിര്‍വഹിക്കുന്നത്‌ നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നവരും, അതില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ രംഗങ്ങളിലെ താരപരിവേഷം നടിക്കുന്നവരുമാണ്‌. ‘മല്യാലം ശരിക്ക്‌ പരയാന്‍ അരിയില്ല’ എന്നതിലാണവര്‍ക്ക്‌ അഭിമാനം. മലയാളത്തെ ഇങ്ങനെ വ്യഭിചരിക്കാന്‍ ഈ ദൃശ്യമാധ്യമക്കാര്‍ വിശേഷാല്‍ പരിശീലനം കൊടുക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ആകാശവാണിയില്‍ പണ്ടൊക്കെ ഭാഷയിലും സംജ്ഞാനാമങ്ങളിലും ഉച്ചാരണങ്ങളിലും പിഴവ്‌ വരാതിരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയതായി റോസ്കോട്ട്‌ കൃഷ്ണപിള്ള പറഞ്ഞതോര്‍ക്കുന്നു. സി.വി.രാമന്‍പിള്ളയുടെ കൊച്ചുമകനും ഇ.വി.കൃഷ്ണപിള്ളയുടെ മകനുമായ റോസ്കോട്ട്‌ അങ്ങനെ ചെയ്തത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. മലയാളം നന്നാവണമെന്ന ആഗ്രഹം ഇന്നാര്‍ക്കെങ്കിലുമുണ്ടോ?

ഇന്ന്‌ കേരളത്തിലെ ഏതെങ്കിലും പട്ടണത്തിന്റെ പ്രധാന വീഥികളിലൂടെ നടക്കുമ്പോള്‍ നാം പോകുന്നത്‌ മലയാളനാട്ടിലൂടെയാണെന്ന്‌ തോന്നുമോ? നിരത്തിനിരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും മറ്റും വച്ചിരിക്കുന്ന പരസ്യപ്പലകകളും ബോര്‍ഡുകളും നോക്കിയാല്‍ തോന്നുമോ? മഹാരാഷ്‌ട്രയിലെ ബോര്‍ഡുകളില്‍ ഒന്നാംസ്ഥാനം മറാഠിക്ക്‌ നല്‍കണമെന്ന്‌ ശിവസേനയും തമിഴ്‌നാട്ടില്‍ അവ തമിഴിലാകണമെന്ന്‌ അവിടുത്തുകാരും പഞ്ചാബില്‍ ഗുരുമുഖിയിലെഴുതിയ പഞ്ചാബി ഭാഷയിലാകണമെന്ന്‌ അകാലിദളുകാരും ശഠിക്കുന്നതിനെ നാം ഭാഷാ ഭ്രാന്തെന്നും സങ്കുചിത ചിന്തയെന്നും അധിക്ഷേപിക്കുന്നു. നാമാകട്ടെ മലയാളത്തെ മറന്നും അവഹേളിച്ചും വിശാലഹൃദയരാകുന്നു. നമ്മുടെ മലയാളസ്നേഹം മലയാളദിനാചരണത്തിലൊതുങ്ങുന്നു. ഗ്രാമസേവകനെന്നും ഗ്രാമലക്ഷ്മിയെന്നുമുള്ള മനോഹരവും അര്‍ഥഗര്‍ഭവുമായ ഉദ്യോഗപ്പേരുകളില്‍ അപമാനബോധംകൊണ്ട്‌ തലകുനിഞ്ഞവര്‍ സര്‍ക്കാരില്‍ നിവേദനം നടത്തിയാണ്‌ വില്ലേജ്‌ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്ന ആണും പെണ്ണുംകെട്ട പേര്‌ സ്വന്തമാക്കിയത്‌.

മലയാളത്തിന്‌ ക്ലാസിക്‌ പദവി നേടിയെടുക്കാന്‍ ബദ്ധപ്പെടുന്ന രാഷ്‌ട്രീയ നേതാക്കള്‍ സ്വന്തം ഹൃദയത്തിലെങ്കിലും അതിന്‌ അര്‍ഹമായ മാന്യസ്ഥാനം നല്‍കി ആദരിക്കാന്‍ തയ്യാറാവുമോ എന്നാണ്‌ നോക്കേണ്ടത്‌.

-പി. നാരായണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts