ന്യൂയോര്‍ക്ക്: ഐ.എം.എഫ് മുന്‍ മേധാവി ഡൊമിനിക് സ്ട്രോസ് കാനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. കാനെതിരായ ലൈംഗികാതിക്രമ കേസ് ദുര്‍ബലമായെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് മോചനം. പരാതിക്കാരിയുടെ വിശ്വാസ്യതയില്‍ ഉണ്ടായ സംശയമാണ് കാന്റെ മോചനത്തിന് വഴി തുറന്നത്.
മാന്ഹട്ടിനില് സോഫിറ്റെല്‍ ഹോട്ടലിലെ പരിചാരികയാണ് കാനെതിരേ പരാതി നല്‍കിയത്. മന്‍ഹാട്ടനിലെ ഹോട്ടല്‍ മുറിയില്‍വച്ച് സ്ട്രാസ്കാന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജീവനക്കാരി പരാതിപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് പാരീസിലേക്കുള്ള വിമാനത്തില്‍ നിന്ന് സ്ട്രാസ്കാനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഐ.എം.എഫ് മേധാവിയുടെ പദവി അദ്ദേഹം രാജി വച്ചിരുന്നു.
എന്നാല്‍, പരാതിക്കരി പറഞ്ഞ പലകാര്യങ്ങളും ശരിയല്ലെന്നു പിന്നീടു തളിഞ്ഞു. മുറിയില്‍ പ്രവേശിച്ചപ്പോള്‍ കാന്‍ ബാത്ത് റൂമിലായിരുന്നെന്നു പരിചാരിക മൊഴി നല്‍കിയിരുന്നു. ബാത്ത് റൂമില്‍ നിന്നു നഗ്നനായി പുറത്തുവന്ന കാന്‍ പുറത്തേക്കോടിയ പരിചാരികയെ പിന്തുടര്ന്നു പിടി കൂടിയെന്നാണു കേസ്. തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു കാന്റെ മേല്‍ ന്യൂയോര്‍ക്ക് പോലീസ് ചുമത്തിയത്.
യു.എസില്‍ സ്ഥിരതാമസം നേടുന്നതിനു പരാതിക്കാരി സമര്‍പ്പിച്ച അപേക്ഷയില്‍ ചില പിശകുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവരെ സാമ്പത്തിക ക്രമക്കേട്, മയക്കുമരുന്ന് ഇടപാട്, ക്രിമിനല്‍ പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന സൂചനകളും ലഭിച്ചു. കാന്‍ അറസ്റ്റിലായ ശേഷം പരാതിക്കാരി ജയിലില്‍ കഴിയുന്ന ഒരാളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പ്രോസിക്യൂട്ടര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്.
കേസുമായി മുന്നോട്ടു പോയാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചായിരുന്നത്രേ ചര്‍ച്ച. രണ്ടു വര്‍ഷത്തിനിടെ പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയള് 100,000ലധികം ഡോളര്‍ കൈമാറ്റം ചെയ്തിരുന്നെന്നും കണ്ടെത്തി.
അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന സ്ട്രാസ്കാനിന്റെ വലിയ രാഷ്ട്രീയ ഭാവിയാണ് ലൈംഗികാപവാദത്തില്‍ ഉടഞ്ഞെന്നു കരുതിയത്. കേസ് പൊളിഞ്ഞതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശരിക്കും ചൂടുപിടിക്കും. 60 ലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച കാന്‍ അന്നുമുതല്‍ സായുധ ഭടന്മാരുടെ നിരീക്ഷണത്തില്‍ മന്‍ഹാട്ടനില്‍ വീട്ടുതടങ്കലിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: