തൃശൂര്‍ : എസിയുടെ പ്രവര്‍ത്തനം നിലച്ചും വെള്ളവും വെളിച്ചവുമില്ലാതെയും തൃശൂര്‍ ജില്ലയിലെ ആശുപത്രികളില്‍ മുപ്പതോളം ശസ്ത്രക്രിയകള്‍ മുടങ്ങി. മുളംകുന്നത്തുകാവ് മെഡിക്കല്‍കോളേജില്‍ ഇരുപതോളം ചെറുതും വലുതുമായ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇതോടെ രോഗികള്‍ ഏറെ ദുരിതത്തിലായി. ഇന്നലെയാണ് മെഡിക്കല്‍ കോളേജിലെ രണ്ട് ഓപ്പറേഷന് തീയേറ്ററുകളിലെ എസികള്‍ പ്രവര്‍ത്തനം നിലച്ചത്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 20ലേറെ ശസ്ത്രക്രിയകളാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ നാലെണ്ണം രാവിലെ ചെയ്തിരുന്നു. എന്നാല്‍ അണുബാധ വരാന്‍ സാധ്യത ഏറെ ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഏതാനും ദിവസമായി എസിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇന്നലെ ശസ്ത്രക്രിയകള്‍ ഏറെയുണ്ടെന്നും അടിയന്തരമായി എസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെ ധരിപ്പിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രോഗികളെയും കൊണ്ട് ബന്ധുക്കളും മറ്റും ആശുപത്രിയില്‍ എത്തിയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബ്ലൂസ്റ്റാര്‍ കമ്പനിയാണ് എസിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതിഷേധമുയര്‍ന്നതോടെ എസിയുടെ പ്രവര്‍ത്തനം ശരിയാക്കുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മെഡിക്കല്‍ കോളേജില്‍ ആകെ നാല് ഓപ്പറേഷന് തീയേറ്ററുകളാണ് ഉള്ളത്. ആയിരക്കണക്കിന് രോഗികളാണ് ദിവസവും അന്യ ജില്ലകളില്‍ നിന്നടക്കം ഇവിടെ ചികിത്സ തേടി എത്തുന്നത്.
വെള്ളവും വെളിച്ചവുമില്ലാത്തതിനെത്തുടര്ന്ന് ചാലക്കുടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലും ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇന്നലെ വൈദ്യുതി വിതരണം നിലച്ചതോടെ ഏഴോളം ശസ്ത്രക്രിയകളാണ് നടത്താന്‍ സാധിക്കാതിരുന്നത്.
ഇതില്‍ പ്രസവമടക്കമുള്ള ശസ്ത്രക്രിയകളുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് നേരത്തെ തീയതി നിശ്ചയിച്ചതനുസരിച്ച് രോഗികളും ബന്ധുക്കളും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാരും എത്തിയെങ്കിലും വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മറ്റീവ്ക്കുകയായിരുന്നു.
വൈദ്യുതി മുടങ്ങുമ്പോള്‍ കേബിള്‍ വഴി വൈദ്യുതി എത്തിക്കുവാനുള്ള സംവിധാനമുണ്ട്.എന്നാല്‍ ഇതും ഇന്നലെ തകരാറിലായി. കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ബിഡി ദേവസ്സി എംഎല്‍എ കെഎസ്ഇബി അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
വൈദ്യുതി ഇല്ലാത്തതിനാല്‍ കുടിവെള്ളവിതരണവും മുടങ്ങി.ഡോക്ടര്‍മാരുടെ കുറവും ഇവിടെയെത്തുന്ന രോഗികള്‍ക്ക് ദുരിതമാവുകയാണ്. അഞ്ച് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ഇനിയും നിയമനം നടത്തിയിട്ടില്ല. കാഷ്വാലിറ്റിയില്‍ ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാല്‍ അപകടത്തില്‍പെട്ട് ഇവിടെ എത്തുന്നവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: