Categories: India

ഗ്രോവര്‍ വധം: ജെറോമിന്‌ പത്തുവര്‍ഷം തടവ്‌; മരിയക്ക്‌ മോചനം

Published by

മുംബൈ: ടെലിവിഷന്‍ ചാനല്‍ എക്സിക്യൂട്ടീവായിരുന്ന നീരജ്‌ ഗ്രോവര്‍ വധക്കേസില്‍ മലയാളിയും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ ജെറോം മാത്യുവിന്‌ 10 വര്‍ഷം തടവ്‌ ശിക്ഷ. ജെറോമിന്റെ കാമുകിയും കന്നട നടിയുമായ മരിയ മോണിക്ക സുസൈ രാജിന്‌ തെളിവുനശിപ്പിച്ചതിന്റെ പേരില്‍ മൂന്നുവര്‍ഷം തടവും സെഷന്‍സ്‌ കോടതി വിധിച്ചു. 2008 മെയ്‌ 7ന്‌ മുംബൈ നഗരത്തിലെ മലാഡിലുള്ള മരിയയുടെ വസതിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നീരജ്‌ ഗ്രോവറിനെ ജെറോം കുത്തിക്കൊന്നുവെന്നാണ്‌ കേസ്‌. തടവുശിക്ഷക്ക്‌ പുറമെ മാത്യുവിനോട്‌ ഒരുലക്ഷം രൂപയും മോണിക്കയോട്‌ 50,000 രൂപയും ഗ്രോവറിന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരമായി നല്‍കുവാനും കോടതി ഉത്തരവിട്ടു. വിചാരണത്തടവുകാരിയായി മോണിക്ക മൂന്നുവര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനാല്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല.

ജെറോം മാത്യു കൊലപാതകമല്ലാത്ത കരുതിക്കൂട്ടിയുള്ള നരഹത്യയും തെളിവുനശിപ്പിക്കുകയും ചെയ്തതായി സെഷന്‍സ്‌ ജഡ്ജി എം.ഡബ്ല്യു. ചന്ദ്‌വാനി വ്യക്തമാക്കിയിരുന്നു. തെളിവ്‌ നശിപ്പിക്കാന്‍ മരിയ മോണിക്കയും കൂട്ടുനിന്നു. മരിയയുടെ അപ്പാര്‍ട്ട്മെന്റില്‍ നഗ്നനായി കാണപ്പെട്ട ഗ്രോവറെ പെട്ടെന്നുള്ള പ്രകോപനത്തില്‍ ജെറോം കുത്തിക്കൊന്നുവെന്നാണ്‌ കേസ്‌. ഗ്രോവറെ ജെറോം കുത്തുകയും ചവിട്ടുകയും ചെയ്യുന്നത്‌ ഭീതിയോടെ കണ്ടുനിന്ന മോണിക്ക സഹായത്തിനായി ആരെയും വിളിച്ചില്ലത്രെ. അടുത്ത ദിവസം രാവിലെ തൊട്ടടുത്ത മാളില്‍ നിന്ന്‌ വലിയ സ്യൂട്ട്കേസും പ്ലാസ്റ്റിക്‌ ബാഗുകളും ബെഡ്‌ ഷീറ്റുകളും മറ്റും വാങ്ങിയെത്തിയ ജെറോം ഗ്രോവറുടെ മൃതശരീരം വെട്ടിനുറുക്കി. പിന്നീട്‌ രക്തം പുരണ്ട കര്‍ട്ടനുകളും ബെഡ്ഷീറ്റുകളും ഒപ്പം മൃതശരീരഭാഗങ്ങളും പ്ലാസ്റ്റിക്‌ ബാഗില്‍ കുത്തിനിറച്ച്‌ ജെറോമും മോണിക്കയും ചേര്‍ന്ന്‌ താനെ ജില്ലയില്‍ കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കാനും കത്തിച്ചുകളയാനും മോണിക്കയും സഹായിച്ചതായി കണ്ടെത്തി.

ജെറോമിനെതിരെ കൊലക്കുറ്റം ചുമത്താന്‍ പ്രോസിക്യൂഷന്‍ ഏറെ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സെഷന്‍സ്‌ കോടതിവിധിക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ പ്രോസിക്യൂഷന്‍ കൗണ്‍സില്‍ ആര്‍.വി. കണി പറഞ്ഞു. സെഷന്‍സ്‌ കോടതി വിധി തൃപ്തികരമല്ലെന്നും പ്രതികള്‍ വധശിക്ഷക്ക്‌ അര്‍ഹരാണെന്നും നീരജ്‌ ഗ്രോവറുടെ അച്ഛന്‍ അമര്‍നാഥ്‌ ഗ്രോവര്‍ പ്രതികരിച്ചു. ഒരേ കുറ്റം ചെയ്ത രണ്ടുപേര്‍ക്ക്‌ വ്യത്യസ്ത ശിക്ഷ വിധിച്ച നടപടി അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്‌. കേസ്‌ പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by