കോഴിക്കോട്: സ്വതന്ത്രഭാരതത്തിലെ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. വര്‍ദ്ധിപ്പിച്ച ഡീസല്‍- പാചകവാതകവില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇന്‍കംടാക്സ് ഓഫീസിലേക്ക് മഹിളാമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിലക്കയറ്റം മൂലം സാധാരണജനങ്ങള്‍ ബുദ്ധിമുട്ടികൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ല . വിലകുറയ്‌ക്കുന്നതിനാവശ്യമായ യാതൊരുവിധ നടപടികളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. പെട്രോളിയം കമ്പനികള്‍ പറയുന്നത്കേട്ട് ഇന്ധനവില വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അഴിമതിക്കെതിരെ സ്വാതന്ത്ര്യസമരത്തെപ്പോലെ ശക്തമായ സമരത്തിന് രംഗത്തിറങ്ങേണ്ട സമയമാണിത്.
കേരളം ഭരിക്കുന്ന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ജനവിരുദ്ധ നടപടികളുടെ കാര്യത്തില്‍ ഭിന്നരല്ല. സ്വാശ്രയ കേളേജ് പ്രവേശനകാര്യത്തില്‍ കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യത്തേക്കാള്‍ മാനേജ്മെന്റിന്റെ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാപ്രസിഡന്റ് ശോഭാരാജന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ചന്ദ്രിക ടീച്ചര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.പി രാജന്‍, ജില്ലാ സെക്രട്ടറി ടി.പി സുരേഷ്, എം.സി ശശീന്ദ്രന്‍, ജില്ലാ വൈസ്പ്രസിഡന്റ് പി.രമണീഭായ്, ജയാ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനിത, പങ്കജം പൈക്കാട്ട്, ഇന്ദിര, ബിന്ദു കുരുവട്ടൂര്‍, പി. അഖില, ശ്രീജാ ബാലചന്ദ്രന്‍, ബിന്ദു മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: