തിരുവനന്തപുരം: ഒരുവശത്ത് സാമൂഹികനീതിയുടെ പേരുപറഞ്ഞ് നിരപരാധികളായ വിദ്യാര്‍ത്ഥികളെ സമരമുഖത്തിറക്കുകയും മറുവശത്ത് ഇന്റര്‍ചര്‍ച് കൗണ്‍സിലിന്റെ നിലപാട് സ്വീകരിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വികൃതമുഖമാണ് പരിയാരത്ത് കണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പരിയാരത്ത് തുട്ടു മേടിച്ചവര്‍ക്കു പാര്‍ട്ടിക്കു പുറത്താണു സ്ഥാനമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഒരു രമേശന് മാത്രമാണ് പുറത്തായത്. പരിയാരം മാനേജ്മെന്റിനെ ഒന്നു തൊടാനെങ്കിലും സിപിഎമ്മിനു കഴിഞ്ഞോ? സമരം കണ്ടാല്‍ പേടിക്കുന്ന സര്‍ക്കാരല്ല ഇത്. അക്രമസമരങ്ങള്‍ കൊണ്ടു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ആരും കരുതുകയും വേണ്ട.സാമൂഹിക നീതിയില്‍ സിപിഎമ്മിനു ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ പരിയാരത്തു ഇങ്ങനെയൊരു സാഹചര്യമുണ്ടാകുമായിരുന്നില്ല. ഇനിയെങ്കിലും സര്‍ക്കാരുമായി സഹകരിക്കാന്‍ പ്രതിപക്ഷവും മാനേജ്മെന്റുകളും തയാറാകണം അദ്ദേഹം പറഞ്ഞു.
കേരളം പോലൊരു സംസ്ഥാനത്ത് 21ാം നൂറ്റാണ്ടില്‍ സാമൂഹിക നീതി നിഷേധിച്ച് ആര്‍ക്കെങ്കിലും മുന്നോട്ടു പോകാനാകുമോ? അങ്ങനെ നീങ്ങിയാല്‍ ഒരു സര്‍ക്കാരിന് അത് അംഗീകരിക്കാനാകുമോ?- ഉമ്മന്‍ചാണ്ടി ചോദിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പക്ഷെ സാമൂഹിക നീതി നിഷേധിച്ചുകൊണ്ടാവരുതെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. സാമൂഹിക നീതിയും ന്യൂനപക്ഷ അവകാശങ്ങളും സമന്വയിപ്പിച്ചു മുന്നോട്ടുപോകാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സഹകരിക്കണം. അഞ്ചുവര്‍ഷം ഭരിച്ചിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു പരിഹരിക്കാന്‍ കഴിയാത്തതാണ് സ്വാശ്രയ വിഷയം. എ.കെ. ആന്റണിയുടെ സ്വാശ്രയ നിയമം അട്ടിമറിച്ചതാണ് കഴിഞ്ഞ സര്‍ക്കാരിനു സംഭവിച്ച ആദ്യത്തെ പാളിച്ച. ആന്റണി കൊണ്ടുവന്ന നിയമത്തിലെ ഒറ്റ വ്യവസ്ഥ ഒഴിച്ച് ബാക്കിയെല്ലാം കോടതി അംഗീകരിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം അഞ്ചുവര്‍ഷം നടന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നിട്ടിപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ഏതു കാര്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കണം.
യഥാസമയം സീറ്റ് അലോട്ട് ചെയ്തില്ല എല്‍ഡിഎഫ് ആക്ഷേപം. അടിസ്ഥാന രഹിതമാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും ചുമതലയേല്‍ക്കുന്നത് മെയ് 23നാണ്. 28നു തന്നെ മാനെജ്മെന്റുകളുടെ യോഗം വിളിച്ചു. സീറ്റുകള്‍ അലോട്ട് ചെയ്തുപോയെന്നും 50-50 പ്രവേശനം സാധ്യമല്ലെന്നുമായിരുന്നു ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട്. അവര്‍ക്ക് കോഴ്സ് അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കൗണ്‍സില്‍ നിലപാടിനു കീഴടങ്ങുകയല്ല ചെയ്തത്. 50% സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോടതിയെ സമീപിച്ചപ്പോഴും സര്‍ക്കാര്‍ കൈയും കെട്ടിയിരുന്നില്ല. ഒരേസമയം സുപ്രീംകോടതിയും ഹൈക്കോടതിയിലും കേസ് നടത്തി. കോടതി വിധി വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കൗണ്‍സിലിങ് തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: