കൊച്ചി : ആഗോളീകരണവും സ്വകാര്യവത്കരണവും രാജ്യത്തെ അഴിമതിക്ക് ആക്കം കൂട്ടിയെന്നു സ്വാമി അഗ്നിവേശ് പറഞ്ഞു. രാഷ്ട്രീയ രംഗത്തെ എഴുപതു ശതമാനം അഴിമതിയും ഇല്ലാതാക്കാനാണ് ലോക്പാല്‍ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ അണ്ണാ ഹസാരെ ആരംഭിച്ചിട്ടുള്ള പോരാട്ടം ലോക്പാല്‍ ബില്ല് പാസാക്കിച്ചു നടപ്പിലാക്കുകയെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് ഇന്ത്യയില്‍ നിന്ന് അഴിമതിയെ തുടച്ചു നീക്കുന്നതുവരെ നീണ്ട് നില്‍ക്കുന്നതാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
എറണാകുളം പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്. സകല മേഖലകളെയും നിയന്ത്രിക്കുന്നത് രാഷ്ട്രീയമായതുകൊണ്ട് രാഷ്ട്രീയത്തെ അഴിമതിമുക്തമാക്കുക എന്നതാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ആദ്യം വേണ്ടത്. ഈ രംഗത്തെ 70 ശതമാനം അഴിമതിയും ഇല്ലാതാക്കാന്‍ ശക്തമായ ലോക്പാല്‍ നിയമം കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയുടെ ഓഫീസും ഉള്‍പ്പടെ അഴിമതിക്ക് സഹാകമായ നിലപാട് എടുക്കുന്നുവെന്നത് ഇന്ത്യയുടെ ശാപമാണ്. അഴിമതി ഇല്ലാതായാല്‍ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും അതിവേഗം കരഗതമാവും. സ്വിസ് ബാങ്കുകളിലെ നിക്ഷേപം ഇന്ത്യയിലെത്തിയാല്‍ ഇവിടത്തെ ദാരിദ്ര്യത്തിന് പരിഹാരമുണ്ടാവും. ഇപ്പോള്‍ ചോര്‍ന്ന് പൊയ്ക്കൊണ്ടിരിക്കുന്ന അഴിമതിപ്പണവും കൂടി ചേര്‍ന്നാല്‍ ഇന്ത്യ ലോകത്തിലെ ഒന്നാംകിട രാഷ്ട്രമായി തീരുമെന്നും അഗ്നിവേശ് പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. അഴിമതി ആരോപണം നേരിടുന്ന രാജ്യത്തെ ജഡ്ജിമാരില്‍ ഒരാള്‍ കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പേരെടെത്തു പറയാതെയായിരുന്നു അഗ്നിവേശിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: