മരട്: വാഹനയാത്രികരുടെ നടുവൊടിക്കുന്ന പൊതുമരാമത്ത് റോഡിന്റെ ദുരവസ്ഥക്കെതിരെ പനങ്ങാട് ജനരോഷം ശക്തമാവുന്നു. ബൈപാസിലെ മാടവന ജംഗ്ഷനില്‍നിന്നും തുടങ്ങുന്ന പനങ്ങാട് പിഡബ്ല്യുഡി റോഡാണ് പൂര്‍ണമായും തകര്‍ന്ന് വാഹനഗതാഗത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്. കുടിവെള്ളം കൊണ്ടുപോവാനുള്ള പൈപ്പിടാനായി റോഡിന്റെ മധ്യഭാഗത്തായി നാലടിയോളം വീതിയില്‍ വെട്ടിപ്പൊളിച്ചതോടെയാണ് പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡിന്റെ ദുര്‍ഗതി തുടങ്ങിയത്.
വെള്ളക്കെട്ടുള്ള പ്രദേശത്തുകൂടി കടന്നുപോവുന്ന റോഡ് കുറച്ചുകാലം മുമ്പാണ് പുതുക്കി പണിതത്. കുടിവെള്ള പൈപ്പിടുവാന്‍ വേണ്ടി വൈകാതെതന്നെ റോഡിന്റെ പകുതിയോളം വെട്ടിപ്പൊളിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചാണ് പൈപ്പ് സ്ഥാപിക്കുന്ന പണികള്‍ തുടങ്ങിയത്. സ്വകാര്യ ബസ്സുകളും കാറുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മാടവന ജംഗ്ഷനില്‍നിന്നും പനങ്ങാട് ഭാഗത്തേക്ക് വാഹനയാത്രക്കായി ഈ പിഡബ്ല്യുഡി റോഡ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കടുത്ത പൊടിശല്യം പരിസരത്തെ വീടുകളിലുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. റോഡിലുടനീളം ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്ത് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണ് ദിനംപ്രതി ഒട്ടേറെ വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിക്കുന്നത്.
റോഡിന്റെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. റോഡ് തകര്‍ന്നതുകാരണം ഓട്ടോറിക്ഷകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബസ്സുകളും ട്രിപ്പ് മുടക്കുന്നതിനാല്‍ യാത്രാ ദുരിതവും വര്‍ധിച്ചിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ കുമ്പളം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: