ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ് ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിന് സമയം നീട്ടിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കരിന് സുപ്രീംകോടതി പ്രവേശനത്തിനുള്ള തീയതി നീട്ടി നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേരളവും സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ചായിരിക്കണം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. പ്രവേശന കാര്യത്തില്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ തെറ്റായ പ്രവണത വച്ചു പുലര്‍ത്തുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം സീറ്റുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അമരീന്ദര്‍ ശരണ്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: