Categories: Samskriti

യഥാര്‍ത്ഥഭക്തി

Published by

ദേഹാസക്തിവെടിയൂ. ആത്മബോധം വളര്‍ത്തൂ. ആത്മാനന്ദം തന്നെ അമൃതാനന്ദം. ഭഗവാന്‍ പരമാനന്ദസ്വരൂപന്‍.

അറിവിന്‍പൊരുളും തന്നെപ്പോലെ രണ്ടാമതൊന്നില്ലാത്തവനും വൈരുധ്യങ്ങള്‍ക്കപ്പുറമുള്ളവനും ആകാശംപോലെ വിശാലമായി എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നവനും തത്തവമസി എന്ന മഹാവാക്യത്താല്‍ സൂചിപ്പിക്കപ്പെടുന്നവനും എന്നെന്നും നിലനില്‍ക്കുന്നവനും പരിശുദ്ധനും മാറ്റമില്ലാത്തവനും എല്ലാ ബുദ്ധിവ്യാപാരങ്ങള്‍ക്കും സാക്ഷിയായുള്ളവനും സകലവിധ മാനസികാവസ്ഥകള്‍ക്കും മേലെയുള്ളവനും സത്വരജസ്തമോഗുണാതീതനുമാണ്‌ ഭഗവാന്‍.

സര്‍വവും നിങ്ങളില്‍ത്തന്നെ. എല്ലാ ഗുണങ്ങള്‍ക്കുമിരിപ്പിടം നിങ്ങള്‍ തന്നെ. അതിനാല്‍ ഉള്ളിലുള്ള പ്രേമം,പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കൂ. അത്‌ നിങ്ങള്‍ക്ക്‌ പുറമെ കിട്ടില്ല.

പ്രേമമൂര്‍ത്തിയാണ്‌ നിങ്ങള്‍. ദേഹത്തോട്‌ ഒട്ടലുണ്ടാക്കിയെടുക്കരുത്‌. ഒരു ദിവസമല്ലെങ്കില്‍ മറ്റൊരു ദിവസം നശിക്കേണ്ടതാണത്‌. ഈ നശ്വരശരീരത്തില്‍ നിങ്ങളെന്തിന്‌ മോഹിതമാകുന്നു?

അനശ്വരമായതെന്തോ അതാണാത്മാവ്‌ ആത്മാനന്ദമനുഭവിക്കണോ പ്രേമം കൂടിയേ തീരൂ. അതുവളര്‍ത്തിയെടുക്കുമ്പോള്‍ നിങ്ങള്‍ ദിവ്യരാകുന്നു.

ഭഗവാന്‍ നിങ്ങളില്‍ നിന്നന്യനെന്ന്‌ ഒരിക്കലും കരുതരുത്‌. ‘ഈശ്വരോളഹം’ (ഞാന്‍ ഈശ്വരന്‍) എന്ന്‌ പറയാനുള്ള തന്റേടമുണ്ടാകണം. മാനവനല്ല,മാധവനാണ്‌ നിങ്ങള്‍. ഈ ഉറച്ച വിശ്വാസമാണ്‌ വേണ്ടത്‌. ആദ്യം മാതാപിതാക്കളെ സ്നേഹിക്കണം.

അവര്‍ നിങ്ങള്‍ക്ക്‌ തങ്ങളുടെ രക്തവും സമ്പത്തും തന്നു. ഒട്ടേറെ കഷ്ടപാടുകള്‍ സഹിച്ച്‌ സ്നേഹത്തോടെ ശ്രദ്ധയോടെ നിങ്ങളെ വളര്‍ത്തി. അതുകൊണ്ട്‌ അവരോട്‌ നന്ദിയുള്ളവരായിരിക്കുക. അതാണ്‌ യഥാര്‍ത്ഥഭക്തി. ഇതിലും വലിയതൊന്നുമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by