Categories: India

അമര്‍നാഥ്‌ യാത്ര തുടങ്ങി

Published by

ജമ്മു: അമര്‍നാഥ്‌ യാത്രയ്‌ക്ക്‌ തുടക്കമായി. 13,500 മീറ്റര്‍ ഉയരത്തില്‍ ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ തുടക്കമായി. ആദ്യ സംഘത്തില്‍ 2,096 പേരാണുള്ളത്‌. 73 വാഹനങ്ങളില്‍ തീര്‍ത്ഥാടകരുമായി ബഗ്‌വട്ടി നഗറില്‍ നിന്നാണ്‌ യാത്ര ആരംഭിച്ചത്‌. ടൂറിസം-സാംസ്ക്കാരികവകുപ്പ്‌ മന്ത്രി നവാങ്ങ്‌ ഋഗ്സിന്‍ ജോറ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. സംഘത്തില്‍ 421 സ്ത്രീകളും 110 കുട്ടികളും നിരവധി സന്യാസിമാരും ഉള്‍പ്പെടുന്നു. തീര്‍ത്ഥയാത്രയ്‌ക്ക്‌ സിആര്‍പിഎഫിന്റെ കനത്ത സുരക്ഷയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇന്നലെ പുറപ്പെട്ട സംഘം ഇന്ന്‌ ക്ഷേത്രത്തില്‍ എത്തുമെന്നും ഭഗവാന്‍ ശിവനെ ദര്‍ശിക്കുമെന്നും കരുതുന്നു. രാജ്യത്തുടനീളമുള്ള ഭക്തര്‍ വിവിധ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ മുഖേനയും അമര്‍നാഥ്‌ യാത്രയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ഏകദേശം 2.30 ലക്ഷം ഭക്തരാണ്‌ ഇപ്രാവശ്യം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക്‌ യാത്രക്കിടയില്‍ വിശ്രമകേന്ദ്രം അനുവദിച്ചിട്ടുണ്ട്‌. ക്ഷേത്രം സംബന്ധിച്ച ലഘുലേഖകളും ഭൂപടങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നും ഡിഐജി ഫറൂഖ്‌ ഖാന്‍ അറിയിച്ചു. ആഗസ്റ്റ്‌ 13 വരെയാണ്‌ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by