തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നലെ രണ്ട് നിലവറകള്‍ കൂടി പരിശോധിച്ചു. ഡിഎഫ് എന്നീ അറകളാണ് ഇന്നലെ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. 350 കോടിയോളം രൂപവിലമതിക്കുന്ന വിവിധ ഉരുപ്പടികളാണ് ഇന്നലെ കണ്ടെത്തിയത്. സ്വര്‍ണം, വെള്ളി, രത്നങ്ങളും ഉള്‍പ്പെടെ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അല്ലാത്തതുമായ ആഭരണങ്ങള്‍ കണ്ടെത്തി. ആദ്യ ദിവസം ‘സി’ അറ തുറന്നപ്പോല്‍ 450 കോടിയോളം രൂപയുടെ വസ്തുവകകളാണ് കണ്ടെത്തിയിരുന്നത്. ‘എ’, ‘ബി’, ‘സി’,’ഡി’, ‘ഇ’, ‘എഫ്’ എന്നീ ആറ് അറകളാണ് തുറന്ന് പരിശോധിച്ച് അതിലെ വസ്തു വകകള്‍ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുറന്നിട്ട് നൂറ്റാണ്ടുകളായ ‘എ’, ‘ബി’ അറകള്‍ വെള്ളിയാഴ്ച പ്രത്യേക യോഗം ചേര്‍ന്ന്തിന് ശേഷമേ തുറക്കൂ എന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ മൂന്ന് അറകള്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും രണ്ടെണ്ണം തുറന്ന് പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ സമയം വൈകി. ‘ഇ’ അറ ഇന്ന് തുറക്കും. ഇന്നലെ തുറന്ന രണ്ട് അറകളില്‍ നിന്നും 400 മരതകം പതിച്ച ശരപ്പൊളി മാലകള്‍, രത്നം പതിച്ച രണ്ട് കിരീടങ്ങള്‍, 7 കൈവളകള്‍, മഹാവിഷ്ണു അങ്കി, ചതുര്‍ബാഹു അങ്കി തുടങ്ങിയ തങ്ക അങ്കികള്‍, നാഗപത്തി, സ്വര്‍ണവില്ല്, തിരുവാഭരണങ്ങള്‍, എന്നിവ കണ്ടെത്തി. ഇന്നലെ തുറന്ന രണ്ട് അറകളും വര്‍ഷത്തില്‍ പലതവണ തുറക്കുന്നവയാണ്. മറ്റ് അറകള്‍ തുറക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ 11ന് സമിതി അംഗങ്ങള്‍ പ്രത്യേക യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: