മക്കള്‍ എന്താണ് ചെയ്യുന്നത്” എന്ന് എന്നോട് ചോദിക്കുന്നവരോട് ഞാന്‍ “മക്കളില്ല” എന്ന് പറയുമ്പോള്‍ എല്ലാ മുഖങ്ങളിലും വിരിയുന്നത് കടുത്ത അനുകമ്പയും സഹതാപവുമാണ്. ഒരിക്കല്‍ മക്കള്‍ വൃദ്ധസദനത്തിലാക്കിയ ഒരു സ്ത്രീയുടെ അഭിമുഖം എടുക്കവേ അവരും ഇതേ ചോദ്യം ചോദിക്കുകയും ഞാന്‍ ഇതേ ഉത്തരം നല്‍കുകയും ചെയ്തു. ‘കഷ്ടം’ എന്നവര്‍ പറഞ്ഞപ്പോള്‍ “മക്കള്‍ ഉണ്ടായിട്ടും അമ്മയ്‌ക്ക് അഭയം ഈ വൃദ്ധസദനമായില്ലേ?” എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.
എന്റെ അമ്മ പലപ്പോഴും പറയാറുള്ള ഒരു വാചകം എന്റെ ഓര്‍മയിലേക്ക് ഓടിവരുന്നു. “മക്കള്‍ ഇല്ലെങ്കില്‍ ഇല്ലാ എന്ന ഒരു ദുഃഖം മാത്രമേയുള്ളൂ. മക്കള്‍ ഉണ്ടെങ്കില്‍ ദുഃഖം പലതാണ്”. ഇപ്പോള്‍ ഞാന്‍ ഇതോര്‍ത്തത് ഇന്ന് ആറ് മക്കളുടെ, ആരും നോക്കാനില്ലാതെ അവശനിലയില്‍ വ്രണങ്ങളായി കഴിഞ്ഞ അമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് അവര്‍ക്കുള്ളത്. പെണ്‍മക്കള്‍ അച്ഛനമ്മമാരെ വയസുകാലത്ത് പരിരക്ഷിക്കുമെന്ന വിശ്വാസം മിഥ്യയാണെന്ന് തെളിയിക്കുന്ന ആദ്യ സംഭവമല്ല ഇത്.
കേരളത്തിന് ഇന്ന് വൃദ്ധസമൂഹത്തെ വേണ്ടാതായിരിക്കുന്നു. വികസന സൂചികകള്‍ ഉയര്‍ന്ന് ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചത് കേരളത്തിലെ നല്ലൊരു വിഭാഗം വൃദ്ധസമൂഹത്തിനും ഒരു ശാപമായി മാറുകയാണ്. സ്ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ എന്നതിനാല്‍ അവരാണ് കൂടുതല്‍ ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. കുറച്ചുനാള്‍ മുമ്പാണ് ഒരു അമ്മയെ മകന്‍ പശുത്തൊഴുത്തില്‍ ഒരു കട്ടിലിട്ട് വസ്ത്രങ്ങളില്ലാതെ, ഭക്ഷണമില്ലാതെ കിടത്തിയതും നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ചതും. ഇത്തരം വാര്‍ത്തകള്‍ ഇന്ന് അപൂര്‍വമല്ല, സര്‍വസാധാരണമാണ്.
കേരളത്തിലെ കുടുംബബന്ധങ്ങള്‍ എന്തുകൊണ്ട് ശിഥിലമാകുന്നു. ഭാര്യാ-ഭര്‍തൃബന്ധവും മാതൃ-പിതൃ-മക്കള്‍ ബന്ധവും ഇന്ന് സ്വത്ത് കേന്ദ്രീകൃതം മാത്രമാണ്. സ്വത്ത് എഴുതി കിട്ടുന്നതുവരെ പീഡനം. എഴുതി കിട്ടിയാല്‍ പുറത്ത്. അമ്മ, അച്ഛന്‍, മുത്തശ്ശന്‍, മുത്തശ്ശി എന്ന ബന്ധങ്ങള്‍ക്കൊന്നും ഇന്ന് യാതൊരു പവിത്രതയോ ഊഷ്മളതയോ ഇല്ല.
വളരെയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹമായി കേരളം മാറുമ്പോഴും ഒരു കാര്യത്തില്‍ മലയാളി ഏക മനസ്ക്കരാണ്; ധനസമ്പാദനത്തില്‍. എത്ര എളുപ്പത്തില്‍, ഏത് ഹീനമാര്‍ഗമായാലും ധനം സമ്പാദിക്കണമെന്നത് ജീവിതലക്ഷ്യമാക്കുകയാലാണ് നാം പലവിധ തട്ടിപ്പുകള്‍ക്ക് വിധേയരായത്. ഇപ്പോള്‍ സ്വന്തം മക്കളെപ്പോലും ലൈംഗിക ഉപഭോഗത്തിന് വിറ്റും മലയാളി പണമുണ്ടാക്കുന്നു. മറുവശത്ത് കുട്ടികള്‍ മാതാപിതാക്കളില്‍നിന്നും അകലുന്നു. ഈ ഹൈടെക് സൊസൈറ്റിയില്‍, അച്ഛനും അമ്മയും ഉദ്യോഗസ്ഥരായ അണുകുടുംബത്തില്‍ ടിവിയും വീഡിയോ ഗെയിംസും ഇന്റര്‍നെറ്റും മൊബെയില്‍ ഫോണുമായി കാര്‍ട്ടൂണ്‍ ലഹരിയില്‍, നീലലഹരിയില്‍ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും ഒളിച്ചോടുന്ന ഒരു തലമുറ രൂപാന്തരപ്പെടുന്നു. കുട്ടികള്‍ക്ക് ശ്രദ്ധ നല്‍കാന്‍ സാധിക്കാത്തതിലെ കുറ്റബോധം പേറുന്ന അച്ഛനമ്മമാര്‍ അവരെ പ്രീതിപ്പെടുത്താന്‍ എന്തിനും തയ്യാറാകുമ്പോള്‍ അത് മുതലെടുക്കുന്ന ഒരു തലമുറയാണ് വളരുന്നത്. മൂല്യങ്ങളും പാരമ്പര്യ രീതികളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അപ്രത്യക്ഷമായപ്പോഴും പുതിയ ഒരു ആധുനിക മൂല്യബോധം വളര്‍ത്തിയെടുക്കാന്‍ നമുക്കായിട്ടില്ല. അതുകൊണ്ട് ഇന്ന് രക്ഷിതാക്കള്‍ ഒരു ‘ക്രൈസിസ് ഓഫ് കോണ്‍ഫിഡന്‍സ്’ നേരിടുന്നത് അവര്‍ക്ക് ഈ യാന്ത്രികയുഗത്തില്‍ കുട്ടികള്‍ക്കൊപ്പം ചുവടുവയ്‌ക്കാന്‍ സാധ്യമാകാത്തതിനാലാണ്.
കുട്ടികളില്‍ നിരാശാബോധവും ആത്മഹത്യാ പ്രവണതയും ഉടലെടുക്കുമ്പോള്‍ അവര്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും വഴുതിവീഴുന്നു. ഇവിടെ കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണല്ലൊ. വിവാഹബന്ധം ശിഥിലമാകുമ്പോള്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് വേറെ വിവാഹിതരാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കുന്നത് കുട്ടികളാണ്. ഇങ്ങനെയുള്ള ബന്ധങ്ങളിലെ പെണ്‍കുട്ടികള്‍ രണ്ടാനച്ഛനാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കഥകള്‍ ധാരാളം.
നഗരവല്‍ക്കരണം, പാശ്ചാത്യ അനുകരണം, മുതലാളിത്ത സമൂഹം, സംസ്ക്കാരം എന്നെല്ലാം പഴി കേള്‍ക്കുമ്പോഴും ഇന്ന് തലമുറകള്‍ തമ്മില്‍ വലിയ ഒരു വിടവ് പ്രത്യക്ഷമാണ്. തലമുറകള്‍ തമ്മില്‍ ഒരുതരം യുദ്ധവും രൂപപ്പെടുകയാണ്. കാര്‍ഷിക സംസ്ക്കാരം നിലനിന്നിരുന്ന കാലത്ത് തലമുറകള്‍ തമ്മില്‍ വിടവില്ലായിരുന്നു. സ്കൂളില്‍നിന്ന് തിരിച്ചുവരുമ്പോള്‍ അമ്മ വീട്ടിലുണ്ടാകും. കളിക്കാന്‍ വിശാലമായ പറമ്പും പൊതുസ്ഥലത്തെ കളിയുമെല്ലാം കുട്ടികളില്‍ ഏകാന്തതയ്‌ക്ക് അവസരം നല്‍കിയിരുന്നില്ല. സ്കൂള്‍ വിടുമ്പോള്‍ ദേഹത്തോട് ചേര്‍ത്തുനിര്‍ത്തി തലോടി കാപ്പിയും പലഹാരവുമെല്ലാം തരുന്ന അമ്മയെ സ്നേഹത്തോടെയല്ലാതെ എങ്ങനെ സ്മരിക്കും? എന്റെ അമ്മയുടെ ശരീരത്തിന്റെ ഗന്ധവും ചേര്‍ന്നുകിടക്കുമ്പോള്‍ ലഭിച്ചിരുന്ന ചൂടും ഇന്നും സുഖകരമായ ഓര്‍മയാണ്. അമ്മയെ അനാഥത്വത്തിലാക്കുന്നത് എനിക്ക് സ്മരിക്കാന്‍ പോലും സാധ്യമല്ല.
പക്ഷേ ഇന്ന് അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുന്നത് ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെയാണ്. അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുന്നതും മദ്യപിച്ചുവന്ന് മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുന്നതും ഇന്ന് വാര്‍ത്തയല്ല. ഇങ്ങനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മദ്യപനായ മകനെ കൊന്ന് ജയിലില്‍ കഴിയുന്ന അച്ഛനെ കണ്ട കഥ ഈയിടെ നടന്‍ മമ്മൂട്ടി ലഹരിവിരുദ്ധ ദിനാചരണ പ്രസംഗത്തില്‍ പറയുകയുണ്ടായി. “ഇപ്പോള്‍ സമൂഹം പരസ്പരം കാണുന്നത് സ്ത്രീയും പുരുഷനും എന്ന ലിംഗപരമായ വീക്ഷണത്തില്‍ക്കൂടി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇത്തരം ബലാത്സംഗങ്ങള്‍ നടക്കുന്നത് അത് കാരണമാണ്” എന്ന് മനഃശാസ്ത്രജ്ഞനായ ഡോ. എസ്.ഡി.സിംഗ് പറയുന്നു.
കേരളത്തില്‍ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ കൂടിയെന്ന് ജനുവരി മുതല്‍ ഏപ്രില്‍വരെ നടന്ന ബലാത്സംഗങ്ങളും സ്ത്രീപീഡന കണക്കുകളും നിരത്തി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറഞ്ഞുകഴിഞ്ഞു. ജനുവരി മുതല്‍ ഏപ്രില്‍വരെ കേരളത്തില്‍ 357 ബലാത്സംഗങ്ങളാണ് നടന്നത്. 2010 ല്‍ 12 മാസത്തില്‍ നടന്നത് 617 ബലാത്സംഗങ്ങളായിരുന്നു. മായാവതിയുടെ ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ മുന്നിലാണ് വികസിത കേരളമെന്ന് നമുക്ക് അഭിമാനിക്കാം.
മാധ്യമങ്ങള്‍ സ്ത്രീയുടെ സുരക്ഷിതത്വമില്ലായ്മയെപ്പറ്റി വാചാലമാകുന്നുണ്ട്. ഇതിന് പ്രധാന കാരണം 3000 കോടി അരിക്ക് ചെലവാക്കുന്ന മലയാളി 10,000 കോടി മദ്യത്തിന് ചെലവാക്കുന്നതിനാലാണ് എന്ന് വാദിക്കുകയും ചെയ്യുന്നു. ഇവിടെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു നിഷിദ്ധ യാഥാര്‍ത്ഥ്യം പെണ്‍കുട്ടികള്‍ ഇന്ന് ധനസമ്പാദന ഉപകരണമായി/ഉല്‍പ്പന്നമായി മാറിയിരിക്കുന്നുവെന്നതാണ്. മട്ടന്നൂര്‍ പെണ്‍വാണിഭവും പറവൂര്‍ പെണ്‍വാണിഭവുമെല്ലാം ഈ വസ്തുത വിളിച്ചോതുമ്പോള്‍ ഇവരെ ലൈംഗിക കമ്പോളത്തില്‍ വിറ്റഴിക്കുന്നതും സ്ത്രീകള്‍തന്നെ എന്നതും വസ്തുതയാണ്. മുഖംപോലും മറയ്‌ക്കാന്‍ മെനക്കെടാതെ മത്സരത്തില്‍ വിജയിച്ച സൗന്ദര്യറാണിയെപ്പോലെ മട്ടന്നൂര്‍ കേസിലെ ഇടനിലക്കാരി ക്യാമറയ്‌ക്ക് മുമ്പില്‍ പോസ് ചെയ്യുന്നു. സദാചാരതിലകമായ സഖാവ് വിഎസിന്റെ പാര്‍ട്ടിക്കാരനും കൂസലേതുമില്ലാതെ, മുഖം ക്യാമറയില്‍ നിന്നൊളിക്കാതെ പറവൂര്‍ കേസിലെ പ്രതിയായി പോലീസിനെ അനുഗമിക്കുന്നു.
കുറ്റബോധമോ, ലജ്ജയോ, അപമാനഭീതിയോപോലും ഇല്ലാത്തവരായി ലൈംഗിക കുറ്റവാളികള്‍ മാറുമ്പോള്‍, പെണ്‍കുട്ടികള്‍ വില്‍പ്പനച്ചരക്കാകുമ്പോള്‍ കേരളസമൂഹം എങ്ങോട്ടെന്ന ചോദ്യം ഉയരുന്നില്ലേ?
റിയാലിറ്റി ഷോയുടെ ഗ്ലാമര്‍ ലഹരിയിലാണ്, അല്ലെങ്കില്‍ മൊബെയില്‍ പ്രണയ വലയിലാണ് പെണ്‍കുട്ടികള്‍ കുടുങ്ങുന്നതെന്ന് കുറ്റപ്പെടുത്തുമ്പോഴും പെണ്‍കുട്ടികളെ ലൈംഗിക വില്‍പ്പനച്ചരക്കാക്കാന്‍ വെമ്പുന്ന ഒരു സമൂഹവും ഇവിടെ രൂപപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്‌ക്കാന്‍ സാധ്യമല്ല.
അങ്ങനെ കേരളത്തിലെ നരച്ച തലമുറയും ഇളം തലമുറയും ഇന്ന് പ്രതിസന്ധിയിലാണ്. മൂല്യങ്ങളെല്ലാം അസ്തമിച്ച് പണം, ആഡംബരം, സുഖം (ലൈംഗികസുഖം ഉള്‍പ്പെടെ) എന്ന തൃത്താല ലക്ഷ്യമുള്ള സമൂഹമായി കേരളസമൂഹം രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.
ലീലാമേനോന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: