ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലെ പി.ജി പ്രവേശനത്തിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു.
പി.ജി പ്രവേശനത്തിന് മെഡിക്കല്‍ പ്രവേശന കൗണ്‍സിലിന്റെ ചട്ടപ്രകാരമുള്ള സമയപരിധി കഴിഞ്ഞ മാസം 31ന് അവസാനിച്ചിരുന്നു. എന്നാല്‍ അഖിലേന്ത്യാ ക്വോട്ടയില്‍ ഈ മാസം 24 വരെ പ്രവേശനം നടത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
അഖിലേന്ത്യാ ക്വോട്ടയ്ക്കാണോ മിച്ചമുള്ള സംസ്ഥാന ക്വോട്ടയ്ക്കാണോ സമയം നീട്ടി നല്‍കിയതെന്ന ആശയകുഴപ്പം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സീറ്റുകള്‍ക്കും പ്രവേശനത്തിനുള്ള സമയം നീട്ടി വാങ്ങിയത്.
കഴിഞ്ഞ മാസത്തെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന ക്വോട്ടയ്ക്കും ബാധകമാണെന്ന് കരുതിയായിരുന്നു നടപടികളെന്ന് കേരളം നല്‍കിയിരിക്കുന്ന അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് നാളെ കേരളം കോടതിയില്‍ ആവശ്യപ്പെടും.
സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടാകുമെന്ന് കരുതി സ്വാശ്രയ കോളേജുകളിലെ പി.ജി കോഴ്സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് എം.ഇ.എസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: