നമ്മള് യാത്ര പോവുമ്പോള്‍ കല്ലും മുള്ളും കണ്ടാല്‍, അതെടുത്തുമാറ്റിയിട്ട് മുന്നോട്ട്പോകും. അങ്ങനെ ചെയ്തില്ലെങ്കില്‍, എന്നായാലും അതവിടെക്കിടക്കും. നമ്മിലുള്ള കാമക്രോധങ്ങളെ ഇതോടുകൂടി പിഴുതുമാറ്റുകയാണ്. വാസന അധികമായുള്ള മക്കളോട് വിവാഹം കഴിക്കാന്‍ അമ്മ പറയാറുണ്ട്. അമര്‍ത്തിവച്ചുകൊണ്ടുപോയാല്‍ ഇന്നല്ലെങ്കില്‍ നാളെ അവ പൊട്ടിത്തെറിക്കും. അവയെ അതിജീവിക്കുവാന്‍ കഴിയണം. അതിനുള്ള സാഹചര്യം ഒരുക്കിത്തരികയാണ് കുടുംബജീവിതം. മനനം ചെയ്ത് മനസ്സിന് ശക്തിപകരണം. കുട്ടിമറിഞ്ഞ് വീണാല്‍ എഴുന്നേല്ക്കാന് ശ്രമിക്കണം. അവിടെതന്നെക്കിടന്നാല്‍ മുന്നോട്ടുള്ള യാത്ര പറ്റില്ല. കുടുംബജീവിതം ഈശ്വരനില്‍നിന്ന് അകറ്റാനല്ല, അടുപ്പിക്കാനാണ്. ഈ ജീവിതം അവിടുത്തോടടുപ്പിക്കാനാണെന്നുമാത്രം ചിന്തിച്ച് മക്കള്‍ അവിടുത്തോടടുക്കാന്‍ ശ്രമിക്കൂ.
കുടുംബജീവിതത്തിലൂടെ നമ്മളിലെ വാസനകളെ ജയിക്കാന്‍ ശ്രമിക്കുകയാണ്. വാസനകളില്‍ തന്നെ മുങ്ങിപ്പോകരുത്. അവ എന്താണ് മനസ്സിലാക്കിയിട്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്.ഇന്നല്ലെങ്കില്‍ നാളെ വാസനകളുടെ മുമ്പില്‍ ഒരു വൈരാഗ്യം വന്നാലേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റുകയുള്ളു.ഇവയൊക്കെ ഇത്രയേഉള്ളൂ എന്ന് തോന്നിയാല്‍ പിന്നെ മനസ്സ് അവയുടെ പിന്നാലെ പായുകയില്ല.നമ്മെ വാസനകള്‍ മുന്നോട്ട് വലിക്കുമ്പോള്‍ അവയൊന്നുമല്ല യഥാര്‍ത്ഥആനന്ദത്തിന്റെ ഉറവ, അവ നാളെ നമ്മുടെ ദുഃഖത്തിനേ കാരണമാകൂ എന്നറിഞ്ഞാല്‍ മനസ്സ് പിന്നെ അതിലേയ്ക്ക് പോകില്ല.
പക്ഷേ, ഈ വിചാരം മനസ്സിലും ബുദ്ധിയിലും ഉറയ്ക്കണം എന്ന് മാത്രം. മറിച്ച് മനസ്സിലെ ചിന്തകള്‍ക്കടിപ്പെട്ട് , ഒരടിമയെപ്പോലെ ജീവിച്ച് മക്കള്‍ ജീവിതം നഷ്ടമാക്കരുത്.ഭൗതികവിഷയങ്ങള്‍ക്ക് നമ്മള് നല്കുന്ന അമിതപ്രാധാന്യം ഒഴിവാക്കിയാല്‍ തന്നെ മനസ്സ് കുറെ അടങ്ങും. അതിനുള്ള ശക്തി അത്രപെട്ടെന്ന് കിട്ടിയില്ല എന്ന് കരുതി മക്കള്‍ വിഷമിക്കേണ്ട. ദിവസവും അല്പനേരം ഏകാന്തതയില്‍ ഇരുന്ന് സാക്ഷിയായി മനനം ചെയ്യുക. അത് ശീലമാക്കുക. തീര്ച്ചായായും നമുക്ക് ശക്തി കണ്ടെത്തുവാന്‍ കഴിയും. ദുര്‍ബലനാണെന്ന് പറഞ്ഞ് കുത്തിയിരുന്നുകരഞ്ഞിട്ടുകാര്യമില്ല.ശക്തി കണ്ടെത്തുകയാണ് വേണ്ടത്.അങ്ങനെ വരുമ്പോള്‍ നമുക്ക് ഏത് സാഹചര്യത്തിലും തളരാതെ പിടിച്ചുനില്ക്കുവാന് കഴിയും.അല്ലാതെ എനിക്കര്‍ഹതയില്ലല്ലോ എന്നോര്‍ത്ത് കരയല്ലേ. അത് നമ്മുടെ ശക്തി നഷ്ടമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: