ന്യൂദല്‍ഹി: ലോക്പാല്‍ കരട് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് പൗരപ്രതിനിധി അണ്ണാ ഹസാരെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഹസാരെയുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് ലോക്പാല്‍ സമിതി അംഗം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ദുര്‍ബലമായ ലോക്പാല്‍ ബില്ലിനായുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളിയും നിഗൂഢനീക്കങ്ങളും തുടക്കം മുതലേ ഹസാരെ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ബ്യൂറോക്രസിയെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന് ഹസാരെ തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെ സര്‍ക്കാരും കോണ്‍ഗ്രസും ശക്തിയുക്തം എതിര്‍ക്കുകയാണ്.
ഹസാരെയെ അനുനയിപ്പിക്കാനും തന്ത്രപൂര്‍വം വരുതിയിലാക്കാനുമുള്ള സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും അടവ് നയം ഫലിക്കാത്തതിന്റെ അസഹിഷ്ണുതയും സിബലിന്റെ വാക്കുകളിലുണ്ട്. നിലവിലുള്ള കരട് ബില്‍ രാഷ്ട്രീയകക്ഷികളുമായി നടത്തുന്ന ചര്‍ച്ചകള്‍ നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും സിബല്‍ പറഞ്ഞു. സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് സിബല്‍ അവകാശപ്പെട്ടു. ഭാവിയിലെ നിയമനിര്‍മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ അണ്ണാ ഹസാരെയെ ഭാഗഭാക്കാക്കില്ലെന്നും സിബല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറാക്കുന്ന കരട് ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും സിബല്‍ പറഞ്ഞു. ഹസാരെ ആഗസ്റ്റ് 16 മുതല്‍ നിരാഹാരസത്യഗ്രഹം ആരംഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്ദര്‍ഭം വന്നാല്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്യും എന്ന് തനിക്കുറപ്പുണ്ടെന്നും സിബല്‍ പറഞ്ഞു.
ജൂലൈ മൂന്നിന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയും സ്വാമി അഗ്നിവേശും നിരാഹാര സമരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നറിയിച്ചപ്പോള്‍ തനിക്കും രാജ്യത്തിനും വേണ്ടതെന്തെന്ന് തിരിച്ചറിയാനുള്ള കഴിവ് ഗാന്ധിയനുണ്ടെന്ന് ഹസാരെയെ പേരെടുത്ത് പറയാതെ സിബല്‍ മറുപടി നല്കി. സംയുക്ത സമിതി യോഗത്തില്‍ എന്തുകൊണ്ട് സമവായമുണ്ടായില്ലെന്നും പൊതു കരട്ബില്‍ ഉണ്ടാക്കാനായില്ലെന്നുമുള്ള ചോദ്യത്തിന് സര്‍ക്കാരും പൗരപ്രതിനിധികളും തമ്മിലുള്ള ഭിന്നത അത്രമേല്‍ രൂക്ഷമായിരുന്നെന്ന മറുപടിയാണ് സിബല്‍ നല്‍കിയത്.
ഇതേസമയം പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ജെ.എസ്. വര്‍മ്മ എതിര്‍ത്തു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയെ ലോക്പാലിന് കീഴിലാക്കിയാല്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്നും വര്‍മ്മ വിലയിരുത്തുന്നു. ജനാധിപത്യത്തിന്റെ സുസ്ഥിരതക്ക് നിഷ്പക്ഷമായ ജുഡീഷ്യല്‍ സംവിധാനം അത്യന്താപേക്ഷിതമാണെന്നും വര്‍മ്മ പറഞ്ഞു.
കീഴ്ക്കോടതികളെ നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഉന്നത നീതിപീഠങ്ങളുടെ അധികാരമാണെന്നും ഇത് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും വര്‍മ്മ വിശദീകരിച്ചു. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യവും അധികാര ദുര്‍വിനിയോഗവും കൈകാര്യം ചെയ്യുന്നതിന് നിയമനിര്‍മാണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നും വര്‍മ്മ പറഞ്ഞു. ലോക്പാലിന് കീഴില്‍ കോടതികള്‍ വന്നാല്‍ ജഡ്ജിമാരാവാന്‍ കഴിവുള്ളവര്‍ തയ്യാറാവില്ലെന്നും വര്‍മ്മ പറഞ്ഞു.
തന്റെ ശ്രമങ്ങളെ ‘സമാന്തര സര്‍ക്കാരിനുള്ള ശ്രമം’ എന്ന് സര്‍ക്കാര്‍ അധിക്ഷേപിച്ചതിനെ ഹസാരെ എതിര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സിവിസിക്കും സിബിഐക്കും തുല്യമാണ് ലോക്പാല്‍ എന്ന് പൗരപ്രതിനിധികള്‍ വിവക്ഷിക്കുന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കേണ്ടതെന്നും സിബല്‍ മറുപടി നല്കി. രാംദേവിനെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും കപില്‍ സിബല്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: