പഞ്ചവിംശതിനാമാഢ്യാ പഞ്ചാവിദ്യാനിവാരിണീ
പഞ്ചവിംശതിതത്ത്വവസ്ഥ പഞ്ചദേവീസ്വരൂപിണീ
പഞ്ചവിംശതിനാമാഢ്യാ- ഇരുപത്തി അഞ്ചുശ്രേഷ്ഠനാമങ്ങള്‍ ഉള്ളവള്‍, ഇരുപത്തി അഞ്ചുനാമങ്ങള്‍ സിംഹാസനേശീ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്നു. ഓരോ നാമത്തിന്റെയും അര്‍ത്ഥവും ചര്‍ച്ച ചെയ്തിരുന്നു. പദാര്‍ത്ഥത്തിനുപരി ഈ നാമങ്ങളുടെ മന്ത്രഘടന പ്രധാനമാണ്. ഇരുപത്തിനാല് ശ്ലോകങ്ങളിലായി ഇരുപത്തിയഞ്ചു നാമങ്ങളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഓംകാരസമ്പുടിതമായ മഹാഷോഡശീമന്ത്രവും ഇരുപത്തി അഞ്ചാം ശ്ലോകത്തില്‍ പഞ്ചവീം ശതിതത്ത്വങ്ങളും ആവിഷ്ക്കരിക്കുന്ന ഈ ശ്ലോകങ്ങള്‍ ഒരു സ്തോത്രമായും ജപിക്കാം എന്നുപറഞ്ഞിരുന്നു.
പഞ്ചാവിദ്യാനിവാരിണീ-അഞ്ച് അവിദ്യകളെ ഒഴിവാക്കുന്നവള്‍. അഞ്ച് രൂപത്തില്‍ അജ്ഞാനം മനുഷ്യരെ ആക്രമിക്കുന്നു. 1. അവിദ്യ-പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് അയഥാര്‍ത്ഥമായതിനെ യഥാര്‍ത്ഥമെന്നും അനിത്യമായതിനെ നിത്യമെന്നും തെറ്റിദ്ധരിക്കല്‍. 2. അസ്മിത-ഞ്ഞാന്‍ എന്നും എന്റേതെന്നുമുള്ള മിഥ്യാബോധം. 3. രാഗം-ഇന്ദ്രിയ ചോദനകൊണ്ടുണ്ടാകുന്ന ആഗ്രഹം. 4. കോപം-ഇന്ദ്രിയങ്ങളുടെ പ്രേരണകൊണ്ടുണ്ടാകുന്ന വെറുപ്പും നശിപ്പിക്കണമെന്ന ആഗ്രഹവും. 5. അഭിനിവേശം-ശരീരത്തോടുള്ള മമതയും അതുമൂലമുണ്ടാകുന്ന മരണഭയവും. അവിദ്യയുടെ ഈ അഞ്ചുരൂപങ്ങളും മനുഷ്യര്‍ക്ക് ദുഃഖ കാരണങ്ങളാണ്. ഇവയെ ജ്ഞാനംകൊണ്ടുമാത്രം നശിപ്പിക്കാനാവില്ല. ദേവീഭക്തികൊണ്ട് ഇവയെ ഒഴിവാക്കാന്‍ കഴിയും. ദേവീകാരുണ്യം ഇവയെ നിവാരണം ചെയ്യും.
പഞ്ചവിംശതിതത്ത്വസ്ഥാ- ഇരുപത്തിയഞ്ചു തത്ത്വങ്ങളില്‍ സ്ഥിതി ചെയ്യുന്നവള്‍. സാംഖ്യദര്‍ശനപ്രകാരം തത്ത്വസംഘാതരൂപമാണ് ലോകം. തത്ത്വങ്ങളുടെ സംഖ്യ പലതരത്തില്‍പറയും. ഇരുപത്തിയഞ്ചു തത്ത്വങ്ങളെന്ന അഭിപ്രായമാണ് ഇവിടെ സ്വീകരിച്ചത്. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മേന്ദ്രിയങ്ങള്‍, മനസ്സ്, മഹത്തത്ത്വം, അഹങ്കാരം, പ്രകൃതി, പുരുഷന്‍ എന്നിവ ഇരുപത്തിയഞ്ചുതത്വങ്ങള്‍ (തത്വങ്ങളുടെ സംഖ്യയും പേരും വ്യത്യാസപ്പെട്ടുള്ള അഭിപ്രായങ്ങള്‍ പലതുണ്ട്) ഈ തത്വങ്ങളില്‍ സ്ഥിതി ചെയ്ത് മഹാദേവി പ്രപഞ്ചമായി പ്രവര്‍ത്തിക്കുന്നു.
പഞ്ചദേവീ സ്വരൂപിണീ-അഞ്ചുദേവിമാരുടെ രൂപം സ്വീകരിച്ചവള്‍. മഹാലക്ഷ്മി, മഹാസരസ്വതി, ദുര്‍ഗ്ഗ, സാവിത്രി, രാധ എന്നീ ദേവിമാരായി ലോകത്തെ അനുഗ്രഹിക്കുന്നവള്‍.(ദേവീ നാമങ്ങള്‍ ചിലതൊക്കെ ചില ഗ്രന്ഥങ്ങളില്‍ മാറിക്കാണാം). ദേവി പരാശക്തിയാണ്. രൂപവും നാമവും ഗുണവും ഒന്നും ദേവിക്ക് ബാധകമല്ല. നമ്മുടെ സൗകര്യത്തിനുവേണ്ടി അവ്യാജ കരുണാമൂര്‍ത്തിയായ ദേവി പല രൂപങ്ങളും സ്വീകരിക്കുന്നു എന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: