തൃപ്പൂണിത്തുറ: ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ശിവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന രവിപുരം ഗോവിന്ദന് വികൃതി കാട്ടി ക്ഷേത്രത്തിന് പുറത്തേക്ക് ഓടി കായലില്‍ ചാടിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
ഇന്നലെ രാവിലെ 6 മണിയോടെ പടിഞ്ഞാറെ ഗോപുരവാതില്‍ വഴിയാണ് ആനയെ ക്ഷേത്രത്തിലെത്തിച്ചത്. ഉടനെ എഴുന്നള്ളിക്കാനുള്ളതിനാല് കൂച്ചുവിലങ്ങൊന്നും ഇട്ടിരുന്നില്ല. എന്നാല്‍ എഴുന്നള്ളിക്കുന്നതിന് തൊട്ടുമുമ്പ് പ്രകോപനമൊന്നും കൂടാതെ ആന കിഴക്കെ ഗോപുരം വഴി പുറത്തെ റോഡിലിറങ്ങി മുന്നോട്ട് ഓടുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്ന് പാപ്പാന്മാരും ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ക്ഷേത്രനടയില്‍നിന്ന് റോഡുവഴി സ്റ്റാച്യു ജംഗ്ഷനിലെത്തിയ ആന ഇടത്തോട്ട് തിരിഞ്ഞ് ലായം റോഡുവഴി ചക്കംകുളങ്ങര പടിഞ്ഞാറെ റോഡിലെത്തിശേഷം എന്‍എസ്എസ് റോഡ് വടക്കെ കോട്ടവഴി പെട്രോള്‍ പമ്പിനടുത്തെത്തി.തുടര്‍ന്ന് വടക്കോട്ടുള്ള റോഡുവഴി ചമ്പക്കര കായലിന്റെ കിഴക്കുഭാഗത്തെത്തി. ഇവിടെനിന്നും മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും കായലിന്റെ ഭാഗത്ത് കമ്പിവേലിയിട്ടിരുന്നതിനാല് കഴിഞ്ഞില്ല. പല ഭാഗത്തുകൂടി ശ്രമിച്ചിട്ടും പുറത്തുകടക്കാനാവാതെ വന്നതിനെത്തുടര്‍ന്ന് ആന ചമ്പക്കര കായലിലേക്കിറങ്ങി. വെള്ളത്തിലിറങ്ങിയതോടെ നീന്താന്‍ തുടങ്ങിയ ആന നടുഭാഗത്തെത്തിയതോടെ പുഴയില്‍ കുസൃതികാട്ടി കളി തുടങ്ങിയത് കാണികള്‍ക്ക് കൗതുകകാഴ്ചയായി.
ചമ്പക്കര കായലിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നീന്തിയ ആനയെ മാര്‍ക്കറ്റിന് സമീപം എത്തുംമുമ്പ് ഒന്നാംപാപ്പാന് ശ്യാം വടംകെട്ടിയെറിഞ്ഞ് കുരുക്കിയശേഷം മറ്റ് പാപ്പാന്മാരായ വിശ്വന്, ഗുരുവായൂരപ്പന് എന്നിവരുടെ സഹായത്തോടെ ഗന്ധര്വക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുകൂടി പുഴയില്‍നിന്ന് കരയ്ക്ക് കയറ്റി.
ക്ഷേത്രത്തില്‍നിന്ന് ഇറങ്ങി ഓടിയ ആന വഴിയില്‍ ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തില്ല. ആനയ്ക്ക് മദപ്പാട് ലക്ഷണവും ഉണ്ടായിരുന്നില്ല. ഏതാനും നാള് മുമ്പ് ഒരാളെ കൊന്ന ആനയാണ് കൊച്ചി ദേവസ്വംബോര്‍ഡിന്റെ രവിപുരം ഗോവിന്ദന്. ആന ഓടുന്ന വിവരം പരന്നതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ്, പോലീസ്, എലിഫെന്റ് സ്ക്വാഡ് എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ ശിവേലി വൈകി.
-മദനമോഹനന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: