കന്മദഗന്ധമുള്ള തിരക്കഥകള്‍ മലയാള സിനിമയില്‍ ഇല്ലാതായിട്ട് രണ്ട് വര്‍ഷം തികയുന്നു. ജീവിതത്തെ കലയുടെ ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിച്ച സൂത്രധാരന്‍ എ.കെ. ലോഹിതദാസിന്റെ വേര്‍പാട് മലയാളത്തില്‍ അവശേഷിപ്പിച്ചത് തിരക്കഥയിലെ ഭാവനാ ദാരിദ്ര്യം.
അതിക്രമിച്ചു കടന്നുവന്ന മരണം ലോഹിയെന്ന എഴുത്തുകാരനെ അപഹരിക്കുമ്പോള്‍ കലയുടെ ചെങ്കോലും കിരീടവും ഉടയുന്നത് കണ്ട് മലയാളം ഞെട്ടി. ലോഹിയ്ക്ക് പകരക്കാരനില്ലാതെ ആ ഞെട്ടല്‍ നഷ്ടത്തിന്റെ ഉറഞ്ഞുകൂടിയ മൗനമായി ഇന്നും തുടരുന്നു.
മലയാള സിനിമയില്‍ കാലം പകുത്തെടുത്ത പദ്മരാജനോടൊപ്പം ഇന്ന് ലോഹിയും ഇല്ല. മലയാളത്തില്‍ ലോഹിയുടേതെന്ന് പ്രേക്ഷകന് പറഞ്ഞുപതിഞ്ഞ മുദ്രയാണ് അദ്ദേഹത്തിനുള്ളത് തിലോകദകം. ഉള്ളതിനേക്കാള്‍ ഇല്ലാതാകുമ്പോഴാണ് യോഗ്യത അറിയുന്നതെന്ന ചൊല്ല് ലോഹിയുടെ കാര്യത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെയെന്ന് തിരുത്തിപ്പറയണം. മരണത്തിനുശേഷവും ജീവന് പോലെ തന്നെ ശേഷിക്കുന്നതാണ് പ്രതിഭയുടെ സാന്നിധ്യം. ലോഹിയുടെ അസാന്നിധ്യം പോലും സാധ്യമാകുന്നത് അതുകൊണ്ടാണ്.
ജീവിതാനുഭവത്തിന്റെ ഖാനിയില്‍ നിന്നും പ്രതിഭയില്‍ വിളയിച്ചെടുത്തതാണ് ലോഹിയുടെ തിരക്കഥകള്‍. തനിയാവര്‍ത്തനം എന്ന സിനിമയില്‍ തുടങ്ങിയ നെരിപ്പോട് ചിന്തയും നിരീക്ഷണവും കൊണ്ട് അഗ്നിയായി സിനിമയിലും പ്രേക്ഷകനിലും വളരുകയായിരുന്നു. ജീവിതത്തെ അരികിലാക്കി വകഞ്ഞുമാറ്റിയ കഥയില്ലായ്മ ചുഴിയില്‍ ചുറ്റിയ മലയാള സിനിമയ്ക്ക് പുതിയ ശരീരവും മനസ്സുമാണ് ഈ എഴുത്തുകാരന് നല്‍കിയത്. ഒറ്റപ്പെട്ടവന്റെ അലട്ടും കുടുംബവും സമൂഹവും അവനു നല്കുന്ന പരീക്ഷണങ്ങളുടെ കിരീടവും ചെങ്കോലുമൊക്കെ മലയാള സിനിമക്ക് നല്കാന് ചുറ്റുപാടുകളിലെ ജീവിതത്തേയും മനുഷ്യനേയുമാണ് അദ്ദേഹം കരുവാക്കിയത്. അങ്ങനെ കിരീടം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രവും അതിലെ നായകന് സേതു മോഹന്‍ലാലിന്റെ എന്നത്തേയും അനശ്വര കഥാപാത്രവുമായി.
ജീവിതംകൊണ്ട് ചെത്തികൂര്‍പ്പിച്ചെടുത്ത തിരക്കഥ ശില്പമാണ് ലോഹിയുടേത്. സ്വാഭാവികതയുടെ സൂക്ഷ്മതയും വൈകാരിക സംഘര്‍ഷവും അന്ധക്ഷോഭവും വാക്കുകള്‍ക്കിടയില്‍ അമര്‍ന്നിരിക്കുന്ന വാചാല മൗനവും കൊണ്ട് ലോഹിയുടെ തിരക്കഥകള്‍ സിനിമകളുടെ സൂപ്പര്‍ സ്റ്റാറായി മാറുന്നത് മലയാളം കണ്ടു.
പദ്മരാജനും എംടിക്കും ശേഷം തിരക്കഥാകൃത്തിന്റെ പേരില്‍ പ്രേക്ഷകന് സിനിമയെ നെഞ്ചേറ്റിയ സൗഭാഗ്യം ലോഹിയുടെ മാത്രംസ്വകാര്യ സ്വത്തായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കഥാപാത്രങ്ങളായും കഥ ജീവിതമായും മാറുന്നത് ലോഹി ചിത്രങ്ങളുടെ കാഴ്ചയായി.
വിധിയുടെ നിര്ബന്ധങ്ങളില് ചുറ്റുപമ്പരമായി ജീവിതം മാറിപ്പോകുന്നതിലെ നാടകീയത മികച്ച നാടകകൃത്തുകൂടിയായ ലോഹി സിനിമയുടെ ശക്തിയാണ്. ഭരതവും കന്മദവും ദശരഥവും വാത്സല്യവുമൊക്കെ ഇത്തരം ഭൂമികയാണ് പകര്‍ന്നത്. വാടകക്ക് ഗര്‍ഭപാത്രം നല്കുന്ന ദശരഥം കാലത്തിന് മുന്‍പേ കുതിച്ച ലോഹി ഭാവനയായിരുന്നു. നല്ല കഥ പറച്ചിലുകാരന് എന്നതിലുപരി കഥകൊണ്ട് ജീവിതത്തെ വ്യാഖ്യാനിച്ച എഴുത്തുകാരനാണ് ലോഹി.
തിരക്കഥാകൃത്തും സംവിധായകനുമായി ലോഹി ഒന്നായപ്പോള്‍ ഭൂതക്കണ്ണാടിയും കന്മദവും പോലെ ചിത്രങ്ങള്‍ ശോഭിച്ചില്ല. ലോഹിയിലെ എഴുത്തുകാരന് അദ്ദേഹത്തിലെ തന്നെ സംവിധായകന് വേണ്ടി വഴങ്ങിയതാകണം കാരണം. അല്ലെങ്കില്‍ അദ്ദേഹത്തിലെ തിരക്കഥാകൃത്തിനപ്പുറം പോകാന്‍ സംവിധായകനെന്ന ലോഹിക്ക് കഴിഞ്ഞില്ല. കാരണം അടിസ്ഥാനപരമായി തിരക്കഥാകൃത്തായിരുന്നു അദ്ദേഹത്തിലെ സിനിമാക്കാരന്. തിരക്കഥ സാഹിത്യത്തിന് കീഴടങ്ങാതെ ദൃശ്യഭാഷയായതാണ് ഈ എഴുത്തുകാരന്റെ മികവ്. കാണുന്ന സാഹിത്യത്തിന് പകരം കാണുന്ന ഭാഷയായി ലോഹി സിനിമ.
1987-ല്‍ തനിയാവര്‍ത്തനത്തില്‍ തുടങ്ങി 2007-ല്‍ നിവേദ്യം വരെയുള്ള രണ്ട് പതിറ്റാണ്ടിന്റെ സിനിമാ ജീവിതം. തീവ്രാനുഭവങ്ങള്‍കൊണ്ട് ഉള്ള് കാച്ചിയെഴുതി കഥകളിലൂടെ പ്രേക്ഷകനെ ചുട്ടുപൊള്ളിക്കുന്ന സിനിമകള്‍ ബാക്കിയാവുന്നതുതന്നെയാണ് ലോഹിയുടെ അദൃശ്യസാന്നിധ്യം. ഭാവനയുടെ മഷികൊണ്ട് മനസ്സിലെഴുതിയ ഒരു കൂട്ടം പുതിയ കഥപറച്ചിലിന് തയ്യാറെടുത്തിരിക്കുന്ന വേളയിലാണ് ആയുസിന്റെ എഴുതാപ്പുറങ്ങളില്‍ മരണം കുറുകെ നേരം കുറിച്ചത്.
ജാതകം തെറ്റിയോടുന്ന ഇന്നത്തെ മലയാള സിനിമയുടെ നടപ്പുകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രതിഭകൊണ്ട് എഴുതിയ ലോഹിയുടെ അമരത്വം ഓര്‍മക്കടവില്‍ നൈവേദ്യമാകുന്നു.
-സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: