പതിനാലാം നൂറ്റാണ്ടില്‍ കാശ്മീരിലെ സമ്പന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ലല്ല പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയായി. ആ ചെറുപ്രായത്തിലും കാലത്തിന് മുന്‍പേ സഞ്ചരിച്ച അവളുടെ വിചാരധാരകള്‍ ദാമ്പത്യദൈര്ഘ്യത്തിന് വിഘാതമായിത്തീര്‍ന്നു. പതിവ്രതയായിരുന്നിട്ടും ലല്ല ഭര്‍ത്താവിനാല്‍ തിരസ്കൃതയായി. നിഷ്കളങ്കതയുടെ ബാല്യകാലത്തിനുശേഷം തന്നില്‍ രൂപംകൊള്ളുന്ന ചോദ്യങ്ങള്‍ക്കുത്തരം തേടി, ആത്മസംതൃപ്തിക്കായി ലല്ല ഗുരുവിനെ തേടിയലഞ്ഞു. ആത്മീയ ഗുരുവിന്റെ സന്ദേശമുള്‍ക്കൊണ്ട് അവള് ‘ബാഹ്യ പ്രപഞ്ചത്തില്‍നിന്നും കണ്കള് പിന്‍വലിച്ച് ആന്തരസത്തയിലേക്കുറ്റു നോക്കാന്‍ പഠിച്ചു’. ലളിതവും മനോഹരവുമായ ഭാഷയില്‍ ആത്മീയഗീതങ്ങള്‍ ആലപിച്ച് നഗ്നസന്ന്യാസിനിയായി അലഞ്ഞു. പക്ഷെ ജീവിച്ച കാലഘട്ടത്തിന് മുന്നില്‍ അവളൊരു പരിഹാസ പാത്രമായി.
ലല്ല, അവള് അതിപുരാതന കഥയിലെ കഥാപാത്രമല്ല. ജീവിതംകൊണ്ട് കഥ രചിച്ചവളാണ്. സത്യസാക്ഷാത്ക്കാരത്തിനായി ജീവിതം സമര്‍പ്പിച്ചവളാണ്. കാലവിഗതികളെ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ച മഹദ് സ്വരൂപമാണ്.
അനശ്വരമായ ശിവചൈതന്യത്തെ തേടിയാണ് ലല്ല ആത്മസമര്‍പ്പണം നടത്തിയത്. ഭൗതിക സുഖദുഃഖങ്ങള്‍ വെടിഞ്ഞത്. സ്വന്തം ശരീരത്തില്‍ കുടികൊള്ളുന്ന ശിവചൈതന്യത്തെ തേടിയുള്ള യാത്ര ലല്ലയെ ജനിമൃതി ചക്രത്തില്‍നിന്നും മുക്തയാക്കി. അബോധ മനസ്സിന്റെ അഗാധതലത്തിലെവിടെയോ അവള് അവളെ തിരിച്ചറിഞ്ഞു. സ്വന്തം കഴിവില്‍, സ്വന്തം സൗന്ദര്യത്തില്‍, സ്വന്തം ആരോഗ്യത്തില്‍ മതിമറന്ന വിഡ്ഢിയായ മനുഷ്യനെ നോക്കി അത്യുച്ചത്തില്‍ അവള് ആജ്ഞാപിച്ചു;
ഹേ, ദേഹം സിദ്ധിച്ചവനേ,
ഇങ്ങനെ നിന്റെ ദേഹത്തെ
സ്നേഹിക്കാതിരിക്കൂ
ഇത്ര മേലതിനെ
അലങ്കരിക്കാതിരിക്കൂ.
ആരാധിക്കാതിരിക്കൂ.
ആഡംബര സമൃദ്ധിയി-
ലാഴ്ത്താതിരിക്കൂ.
അതിന്റെ ചാരം പോലും
അവശേഷിക്കുകയില്ല.
യാഥാസ്ഥിതിക മനോവൈകല്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ നിന്നിരുന്ന കാലമായിരുന്നിട്ടുപോലും നഗ്ന സന്ന്യാസിനിയായി ദേവകാവ്യങ്ങളാലപിച്ച് ദേശദേശാന്തരങ്ങളില്‍ ലല്ല സഞ്ചരിച്ചത് തടഞ്ഞു നിര്‍ത്താനാവാത്ത ആത്മചൈതന്യം അവളില്‍ ഉറഞ്ഞൊഴുകിയതുകൊണ്ടുതന്നെയാണ്. എന്നാല്‍ ആത്മസംശുദ്ധിയുടെ തീവ്രവികാരത്തെ അന്യര്‍ തിരിച്ചറിയുവാന്‍ ഒരായുഷ്ക്കാലം മുഴുവന്‍ ലല്ലേശ്വരിക്ക് കാത്തിരിക്കേണ്ടി വന്നത് ആത്മീയ തലത്തിലും ആദ്ധ്യാത്മിക തലത്തിലും എത്രതന്നെ ഉന്നതി നേടിയാലും എന്നും ഒരിന്ത്യന്‍ സ്ത്രീയ്ക്ക് കരഞ്ഞതിനുശേഷം മാത്രമേ ചിരിക്കാനവകാശമുള്ളൂ എന്ന അവബോധത്തിന്റെ അല്പ്പത്തംകൊണ്ടാണ്.
ആധുനിക സ്ത്രീത്വത്തിന് വൈരൂപ്യം മെനയുന്ന നവീന ഭാരത കവി സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമായി പുരാതന ഭാരത സ്ത്രീകളിലെ വ്യത്യസ്ത വ്യക്തിത്വത്തെ വൈവിധ്യപൂര്ണതയോടെ, തന്മയത്വത്തോടെ പുതുതലമുറയ്ക്ക് മുന്പില് അവതരിപ്പിക്കുവാന്‍ ‘ലല്ലേശ്വരി കവിതകളിലൂടെ’ വേണു വി.ദേശത്തിന് സാധിച്ചിട്ടുണ്ട്. ഒരു സാധാരണ പെണ്കുട്ടിയില്നിന്നും ലല്ല കലാപ ബാധിത കാശ്മീരിലെ ഹിന്ദു-മുസ്ലീം ജനതയുടെ ആത്മീയ ഗുരുവായി അംഗീകരിക്കപ്പെടാന്‍ കാരണമായ കഥ, ‘ലല്ലയും ദൈവവും ശാന്തിയും ഒന്നെന്ന്’ ജനത തിരിച്ചറിഞ്ഞ കഥ കവി നമ്മോട് പറയുന്നു.
ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ സംസ്കൃതിയെ, ആധുനിക കാശ്മീരി ഭാഷയുടെ ജനനിയെ, പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയ വേണു വി.ദേശത്തിന് അഭിനന്ദനങ്ങള്‍.
പ്രസാധകര് റാസ്ബെറി ബുക്ക്സ്
വില ഭ110
-രശ്മി ഭാസ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: