Categories: Kerala

സിയാല്‍: അനധികൃത നിയമനത്തിന്‌ പിന്നില്‍ ശര്‍മ്മയും അരുണ്‍കുമാറുമെന്ന്‌ ആരോപണം

Published by

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാല്‍)യിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഉന്നതര്‍ കുടുങ്ങുമെന്ന്‌ സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ മന്ത്രി കെ. ബാബു അധ്യക്ഷനായി അന്വേഷണത്തിനായി ഉപസമിതിയെ നിയോഗിച്ചത്‌.

സിയാലിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചെയര്‍മാനും മുന്‍ മന്ത്രി എസ്‌. ശര്‍മ ഡയറക്ടറുമായിരുന്നു. സിയാലില്‍ നടന്ന എല്ലാ നിയമനങ്ങള്‍ക്കും പിന്നില്‍ ശര്‍മ്മയും വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറുമാണ്‌ ചരട്‌ വലിച്ചിരുന്നതെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. വലിയ ശമ്പളമുള്ള സിയാലില്‍ ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 10ഉം 20ഉം ലക്ഷം രൂപയായിരുന്നു വാങ്ങിയിരുന്നതെന്ന്‌ പറയപ്പെടുന്നു. അച്യുതാനന്ദന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു വിമാനത്താവളം.

ചില ഡയറക്ടര്‍മാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന വന്‍ലോബിയാണ്‌ ഇവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്‌. സിയാലിലെ നിയമനത്തിലെ അഴിമതികളെക്കുറിച്ച്‌ വളരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇത്‌ സംബന്ധിച്ച്‌ വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വ്യാപകമായ ആരോപണങ്ങളെത്തുടര്‍ന്ന്‌ സിയാലിലെ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം ഇതേക്കുറിച്ച്‌ അന്വേഷിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്‌ നിയമനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുവാന്‍ ഓഡിറ്റ്‌ വിഭാഗം ഡയറക്ടര്‍ ബോര്‍ഡിന്‌ ശുപാര്‍ശ ചെയ്യുകയായിരുന്നു.

നൂറിലേറെ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സിയാലിന്റെ റിക്രൂട്ട്മെന്റ്‌ പ്രമോഷന്‍ പോളിസിക്കെതിരായി തങ്ങള്‍ക്കിഷ്ടമുള്ളവരെ വീണ്ടും തിരുകിക്കയറ്റാനുള്ള നീക്കത്തിനെതിരെ ഒരു ഓഹരി ഉടമ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിനിടയില്‍ സംസ്ഥാനത്ത്‌ യുഡിഎഫ്‌ ഭരണം വരികയും സിയാല്‍ എംഡിയായി വി.ജെ. കുര്യനെ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണിപ്പോള്‍ അന്വേഷണം.

ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ മന്ത്രി കെ. ബാബു അധ്യക്ഷനായുള്ള ഉപസമിതിയില്‍ ഡയറക്ടര്‍മാരായ സി.വി. ജേക്കബ്‌, എം.എ. യൂസഫലി, എന്‍.പി. ജോര്‍ജ്‌, മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യന്‍ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. അതേസമയം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗീകാരം നല്‍കിയ നിയമനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ അതേ ഡയറക്ടര്‍മാര്‍ അംഗങ്ങളായുള്ള ഉപസമിതിയെ നിയോഗിച്ചാല്‍ എത്രകണ്ട്‌ അന്വേഷണം ഫലപ്രദമാകുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്‌. നീതിപൂര്‍വമായ ഒരന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. രണ്ട്‌ മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുവാന്‍ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ചേരും.

സ്വന്തം ലേഖകന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by