Categories: Ernakulam

സര്‍ക്കാരിന്റെ അനാസ്ഥ: അരിവിതരണം അവതാളത്തിലായി

Published by

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന്‌ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കുള്ള അരിയുടെയം ഭക്ഷ്യധാന്യങ്ങളുടെയും വിതരണം അവതാളത്തിലായി. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ റേഷന്‍ വിതരണം ഏറെക്കുറെ കാര്യക്ഷമമായിരുന്നു. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളിലും കാര്യമായ പരാതികള്‍ ഇല്ലാതെയാണ്‌ വിതരണം നടന്നത്‌. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരുമാസം തികയുന്നതോടെതന്നെ റേഷന്‍ വിതരണത്തെ സംബന്ധിച്ച്‌ വ്യാപകമായ പരാതികളാണ്‌ ഉയര്‍ന്നുവരുന്നത്‌.

സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും സൗജന്യനിരക്കിലുള്ള അരിയും ഗോതമ്പുമാണ്‌ റേഷന്‍കടകളില്‍ കൃത്യമായ അളവില്‍ വിതരണം നടത്താത്തത്‌ എന്നാണ്‌ വ്യാപകമായ പരാതി. എന്നാല്‍ ആവശ്യമായ അളവില്‍ സപ്ലൈ ഓഫീസുകളില്‍നിന്നും ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു നല്‍കാത്തതിനാലാണ്‌ അളവില്‍ കുറവുവരുത്തി വിതരണം ചെയ്യുന്നതെന്നാണ്‌ റേഷന്‍കട ഉടമകള്‍ പറയുന്ന ന്യായീകരണം.

കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ സംസ്ഥാനത്തെ 1434750 ബിപിഎല്‍ കാര്‍ഡ്‌ ഉടമകള്‍ക്കായി 34,434 ടണ്‍ അരിയും 9025 ടണ്‍ ഗോതമ്പുമാണ്‌ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്‌. ഇതനുസരിച്ച്‌ ഈ വിഭാഗങ്ങള്‍ക്ക്‌ പ്രതിമാസം 24 കിലോ അരിയും ആര്‍കിലോ വീതം ഗോതമ്പും ലഭിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇതേ വിഭാഗങ്ങള്‍ക്ക്‌ 28 കിലോ വീതം അരിയും ഏഴ്‌ കിലോ വീതം ഗോതമ്പും അനുവദിച്ചതായി സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റെ അറിയിപ്പുണ്ടായെങ്കിലും 18326 ടണ്‍ അരിയും 6260 ടണ്‍ ഗോതമ്പും മാത്രമേ സപ്ലൈ ഓഫീസുകള്‍ക്ക്‌ ലഭ്യമാക്കിയിട്ടുള്ളൂ എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

എപിഎല്ലില്‍പ്പെട്ട 39 വിഭാഗങ്ങള്‍ക്ക്‌ പ്രതിമാസം രണ്ട്‌ രൂപ നിരക്കില്‍ 10 കിലോ അരിയും രണ്ട്‌ കിലോ ഗോതമ്പും ലഭിക്കേണ്ടതാണ്‌. ഇതിന്‌ പുറമെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കും എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ 2 രൂപ നിരക്കില്‍ 35 കിലോ വീതം അരി വേറെയും നല്‍കണം. ഇതിനായി 20855 ടണ്‍ അരി അനുവദിക്കേണ്ടതാണ്‌. എന്നാല്‍ ഇതിനായി ജൂണ്‍ മാസത്തില്‍ 14650 ടണ്‍ മാത്രമാണ്‌ ലഭ്യമാക്കിയിരിക്കുന്നത്‌ എന്നാണ്‌ ഔദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്‌.

തെരഞ്ഞെടുപ്പുകാലത്ത്‌ ഏറെ വിവാദമായിരുന്ന എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള അരിവിതരണം പാടെ അവതാളത്തിലാണ്‌. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ 8 രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരിയും 6.70 നിരക്കില്‍ രണ്ട്‌ കിലോ വീതം ഗോതമ്പും കാര്‍ഡ്‌ ഒന്നിന്‌ ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. പുറമെ ഇതേ അളവില്‍തന്നെ രണ്ട്‌ രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും അരിയും ഗോതമ്പും ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. എന്നാല്‍ ജൂണ്‍ മാസം തീരാറായിട്ടും ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ പരമാവധി കാര്‍ഡ്‌ ഒന്നിന്‌ 6 കിലോ അരിയാണ്‌ ലഭ്യമാവുക എന്നാണ്‌ സംസ്ഥാന സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ഔദ്യോഗികമായി അറിയിച്ചത്‌.

കാര്‍ഡ്‌ ഉടമകള്‍ക്ക്‌ കൃത്യമായ അളവില്‍ റേഷന്‍കടകളില്‍നിന്നും അരിയും ഗോതമ്പും ലഭിക്കുന്നില്ല എന്നു കാണിച്ച്‌ നിരവധി പരാതികളാണ്‌ താലൂക്ക്‌, ജില്ലാ സപ്ലൈ ഓഫീസുകളിലും സംസ്ഥാന സിവില്‍ സപ്ലൈസ്‌ ആസ്ഥാനത്തും ലഭിക്കുന്നത്‌. രാഷ്‌ട്രീയ സ്വാധീനത്തോടെ സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചുവരുന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കരിഞ്ചന്ത ലോബിയാണ്‌ അരിവിതരണം അട്ടിമറിച്ചതിന്‌ പിന്നിലെന്നാണ്‌ ആക്ഷേപം.

-എം.കെ. സുരേഷ്കുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by