പറവൂര്‍: ജീവനില്ലെന്നു കരുതിയ റിട്ട. അധ്യാപിക സുഖം പ്രാപിച്ച് വരുന്നു. പറവൂര്‍ പുശാരിപ്പടി ആനാട്ടുവീട്ടില്‍ കൃഷ്ണകൃപയില്‍ ലെനിന്റെ ഭാര്യ മണി (65)യാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നത്. ബുധനാഴ്ച രാത്രി ഇവര്‍ വീടിനുള്ളില്‍ മരിച്ച് കിടക്കുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവും, മക്കളുമായി അകന്ന് താമസിക്കുകയായിരുന്നു മണി. രണ്ട് ദിവസം മുമ്പ് ഇവരുടെ ചില ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെതുടര്‍ന്ന് ബുധനാഴ്ച രാത്രി ഇവര്‍ മണിയുടെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ബന്ധുക്കള്‍ വന്നപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് വൃദ്ധ ബാത്ത് റൂമില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇവര്‍ മരിച്ചിട്ട് രണ്ട് ദിവസമായെന്ന് പോലീസ് വിധിയെഴുതി. ഇവരെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും പോലീസ് അതിന് സമ്മതിച്ചില്ല. രാത്രി വീട് പൂട്ടി പോലീസ് സ്ഥലം വിട്ടു. പിന്നീട് ഇന്നലെ രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനായി എത്തിയപ്പോഴാണ് വ്യദ്ധമരിച്ചിട്ടില്ലെന്ന് മനസ്സിലായത്. ബാത്ത് റൂമില്‍നിന്നും പുറത്ത് എടുക്കുന്നതിനിടെ അവര്‍ ഉറക്കെ നിലവിളിച്ചു. ഇതോടെ കൂടിനിന്നവര്‍ അന്ധംവിട്ടു. തുടര്‍ന്ന് മണിയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക്മാറ്റി. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: