കുലനാഥാ കലാനാഥാ കുലകുണ്ഡനിവാസിനീ
ക്ലീം കാരിണീ കാത്യായനീ കുലാചാരപരായണാ
കുലനാഥാ- കുലത്തിനുനാഥയായവള്. ലളിതാദേവിയുടെ മന്ത്രഭൂതമായ ഇരുപത്തിഅഞ്ച് നാമങ്ങളില്‍ ഇരുപത്തിരണ്ടാമത്തേത്. കുലം എന്നാല്‍ സജാതീയഗണം, ഗോത്രം എന്നും സാമാന്യമായ അര്‍ത്ഥം. കുടുംബങ്ങളിലും ജനപദങ്ങളിലും ഗോത്രങ്ങളിലും നാഥയായി ആരാധിക്കപ്പെടുന്നതിനാല്‍ കുലനാഥാ എന്ന് നാമം. ‘കുലനാഥാ പതിവ്രതാ’ എന്ന നിര്പചനപ്രകാരം പതിവ്രതയായ കുടുംബനാഥയായി അംഗങ്ങളെ രക്ഷിക്കുന്ന ദേവി സദാശിവപതിവ്രതയായി ലോകമാകുന്ന കുടുംബത്തെയും രക്ഷിക്കുന്നു. ഗുപ്തമായ ‘കൗളം’ എന്ന ആരാധനാസമ്പ്രദായത്തില്‍ ആരാധിക്കപ്പെടുന്നതിനാലും കുലനാഥാ എന്ന് നാമം.
കലാനാഥാ- കലകള്‍ക്ക് നാഥയായവള്‍. കല എന്ന പദത്തിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് നൃത്തം, ഗീതം, ചിത്രരചന തുടങ്ങിയവ ഉള്‍പ്പെട്ട ലളിതകലകളാണ്. അറുപത്തിനാലുകലകളെപ്പറ്റി ശാസ്ത്രങ്ങള്‍ പറയുന്നു. എണ്ണം അതിലും കൂടുതലുണ്ടാകും. ഇവയുടെ സാമാന്യസ്വഭാവം ആഹ്ലാദിപ്പിക്കലാണ്. ആ കലകള്‍ക്കെല്ലാം നാഥയായ മഹാസരസ്വതി എന്ന് ഒരു വ്യാഖ്യാനം.
കാലം അളക്കാനുള്ള ഒരു തോതിന് കലാഎന്ന് പേരുണ്ട്. ഈ അര്‍ത്ഥത്തില്‍ നിന്ന് കാലത്തിന് നാഥയായവള്‍. കാലത്തെ നിയന്ത്രിക്കുന്നവള്‍ എന്ന് നാമത്തിന് അര്‍ത്ഥം. ‘കലാകാഷ്ഠാദിരുപേണ പരിണാമ പ്രദായിനീ’ എന്ന് ദേവീമാഹാത്മ്യത്തില്‍ ദേവിയെ സ്തുതിക്കുന്നു.
ചന്ദ്രന്റെ പതിനാറില്‍ ഒരംശത്തിന് കല എന്ന് പറയും. കലകളുള്ളതിനാല് ചന്ദ്രനെ കലാനാഥന് എന്ന് പറയുന്നു. ചന്ദ്രന് ദേവിയുടെ ഒരു കര്ണാഭാരണം മാത്രമാണ്. കലാനാഥനുനാഥയായ ദേവിയെ കലാനാഥ എന്ന് വിളിക്കാം. ചന്ദ്രകലകള്‍ തിഥികളുമായി ബന്ധപ്പെടുന്നു. തിഥിദേവതമാരായ നിത്യാദേവിമാരാല് സേവിക്കപ്പെടുന്നതിനാലും ദേവി കലാനാഥയാണ്. ഈ വ്യാഖ്യാനവും കാലവുമായി ബന്ധപ്പെട്ടതാണ്.
ശരീരത്തിലെ സ്പതധാതുക്കളായ ത്വക്ക്, അസ്ഥി ,മാംസം തുടങ്ങിയവയ്ക്ക് കാരണമായ മാംസധര തുടങ്ങിയ ഏഴുകലകള് ശരീരത്തിലുണ്ട്. ആ കലകള്‍ക്ക് നാഥനായി കുണ്ഡലിനീരുപത്തില് വര്‍ത്തിക്കുന്നതിനാലും കലാനാഥ.
കലയ്ക്ക് തേജസ്സെന്നും അര്‍ത്ഥമുണ്ട്. എല്ലാ തേജസ്സിനും നാഥയാകയാലും ദേവി കലാനാഥയാണ്. ഇനിയും പലതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം.
കുലകുണ്ഡനിവാസിനീ- കുലകുണ്ഡത്തില്‍ വസിക്കുന്നവള്‍. മനുഷ്യശരീരത്തിനുള്ളില്‍ നട്ടെല്ലിന്റെ കീഴറ്റത്താണ് മൂലാധാരം,താമരക്കിഴങ്ങിന്റെ ആകൃതിയിലുള്ള മൂലാധാരത്തിനുള്ളില് അതിസൂക്ഷ്മമായ ഒരു കുഹരമുണ്ട്. അതിനുള്ളില്‍ കുണ്ഡലിനീ ശക്തി മൂന്നരചുറ്റായ ഒരു സര്‍പ്പത്തെപ്പോലെ ഉറങ്ങുന്നു.ഈ കുഹരത്തെ കുലകുണ്ഡം എന്ന്പറയുന്നു. കുലകുണ്ഡത്തില്‍ കുണ്ഡലിനീരുപത്തില് വസിക്കുന്നതിനാല്‍ ദേവിക്ക് കുലകുണ്ഡനിവാസിനി എന്ന് പേര്.
ക്ലീം കാരിണീ- ‘ക്ലീ’ എന്ന മന്ത്രാക്ഷരമായവള്.കഴിഞ്ഞ ശ്ലോകത്തിന്റെ രണ്ടാംപാദം തുടങ്ങിയത് ഐം എന്ന മന്ത്രാക്ഷരം കൊണ്ടാണ്. ഈ ശ്ലോകത്തില്‍ ‘ക്ലീം ‘അടുത്ത ശ്ലോകത്തില്‍ സൗഃ മൂന്നും ചേര്‍ത്താല്‍ ഐം ക്ലീം സൗഃ എന്ന ബാലാമന്ത്രമായി ഈ മൂന്നുശ്ലോകങ്ങളും ചൊല്ലുമ്പോള്‍ ബാലാമന്ത്രജപം നടത്തിയ ഫലം ലഭിക്കും. മന്ത്രസാധന ചെയ്യാതെ മന്ത്രദേവതകളെ പ്രസാദിപ്പിക്കാനാണ് മന്ത്രഘടിതമായ സ്തോത്രങ്ങള്‍.ഇവിടെ ഇപ്പോള്‍ ബാലാമന്ത്രത്തിന്റെ രണ്ടാം അക്ഷരമായ ക്ലീം അവതരിപ്പിക്കാനാണ്. ഈ നാമം.’ക്ലീം’ കാരത്തെ മന്ത്രശാസ്ത്രം കാമരാജബീജം എന്ന് പറയുന്നു.
കാത്യായനീ- പാര്‍വതീദേവി. കത്യായനമഹര്ഷിയുടെ മകളായി ജനിച്ചതുകൊണ്ട് കാത്യായനീ എന്ന് പേരുണ്ടായി.കത്യായനഗോത്രത്തില് ജനിച്ചതുകൊണ്ടെന്നും പുരാണകര്‍ത്താക്കള്‍.
കുലാചാരപരായണാ- ഓരോ കുലത്തിനും പാരമ്പര്യമായി ലഭിച്ചിട്ടുള്ള കീഴ്വഴക്കങ്ങളെ കുലാചാരം എന്ന് പറയും. ശാക്തേയതന്ത്രത്തില് അനേകം സമ്പ്രദായഭേദങ്ങള്‍ കാണുന്നവയെ കുലാചാരം എന്നും കൗളാചാരം എന്നും പറയും. കാലഗതിയില്‍ ദേവീ പൂജയ്ക്ക് സമയം എന്നും കൗളമെന്നും രണ്ടുശാഖകളുണ്ടായി . അവയില്‍ കൗളാചാരങ്ങളെ കുലാചാരങ്ങള്‍ എന്ന് പറയും. അവയില്‍ താത്പര്യമുള്ളവള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: