തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ മാറ്റം വരുത്തില്ല. നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സെസ് നിയമത്തില്‍ നിന്നുകൊണ്ടാകും സ്മാര്‍ട്ട് സിറ്റി നടപ്പാക്കുക. ഒക്ടോബര്‍ 31നു മുമ്പ് ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടും. 2012 ഒക്ടോബര്‍ 31നു മുമ്പ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടീകോം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന്റെ നയംമൂലം അഞ്ച് വര്‍ഷം നഷ്ടമായി. എല്‍ഡിഎഫിന്റെ തെറ്റായ നയം യുഡിഎഫ് പിന്തുടരില്ല. കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാല്‍ ഇനിയും പദ്ധതി നടപ്പാക്കുന്നതിനു കാലതാമസം ഉണ്ടാകുമെന്നും ടീകോം പ്രതിനിധികള്‍ അറിയിച്ചു. കരാര്‍ പുതുക്കി കാലതാമസം വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പത്തു ദിവസത്തിനകം ടീകോം അപേക്ഷ നല്‍കും. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വിജ്ഞാപനം ഇറക്കും.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഉടന്‍ തുടങ്ങും. പദ്ധതി പ്രദേശം 250 ഏക്കറാക്കും. കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി കൂടി നല്‍കും. പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയാക്കും. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നെടുമ്പാശേരിയിലേക്കു നീട്ടും. മെട്രോ റെയില്‍ പദ്ധതി പേട്ടയില്‍ നിന്ന് ഇരുമ്പനം വഴി സ്മാര്‍ട്ട് സിറ്റി പ്രദേശത്തേക്ക് നീട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് കേന്ദ്രനിയമത്തിന് വിരുദ്ധമായ ചില ഉറപ്പുകള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നെന്നും എന്നാല്‍ വിജ്ഞാപനം ഇറങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്രയുടെ നാല് ഏക്കര്‍ കൂടി ടീകോമിന് നല്‍കും. യുഡിഎഫ് സ്മാര്‍ട്ട് സിറ്റി കരാര്‍ തന്നെയായിരുന്നു നല്ലതെന്നും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെസ് എന്ന വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്താനാണ് നാല് ഏക്കര്‍ കൂടി നല്‍കി 250 ഏക്കര്‍ സ്ഥലം ടീകോമിന് അനുവദിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതി ചെയര്‍മാനായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സെക്രട്ടറിയായി ടി. ബാലകൃഷ്ണനേയും ഡയറക്ടര്‍ ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പേട്രണായും മന്ത്രി കെ. ബാബു, വ്യവസായി എം.എ. യൂസഫലി എന്നിവരെ പ്രത്യേക പ്രതിനിധികളായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി പ്രദേശം ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആയി നോട്ടിഫൈ ചെയ്യും. മെട്രോ റെയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തേക്ക് കൂടി നീട്ടും. തുറമുഖവിമാനത്താവള റോഡ് തെക്കോട്ട് നീട്ടി കൊച്ചിമധുര ഹൈവേയിലെ തൃപ്പൂണിത്തുറ റോഡുമായി ബന്ധിപ്പിക്കുക തുടങ്ങി ചില നിര്‍ദേശങ്ങള്‍ കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ വിശദമായി ഈ മാസം 25 ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ആദ്യഘട്ട കെട്ടിടം പൂര്‍ത്തിയാക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ബാബു, ടീകോം പ്രതിനിധികള്‍, എം.എ. യൂസഫലി, ടി.ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: