Categories: Vicharam

കേരളത്തിലും താലിബാനിസം

Published by

സ്മാര്‍ട്ട്‌ സിറ്റി വരുമ്പോള്‍ കൊച്ചി മെട്രോ നഗരത്തിലെ തൊഴില്‍സാധ്യതകള്‍ വര്‍ധിക്കുമെന്നതായിരുന്നു അതിന്റെ ഏറ്റവും ആകര്‍ഷകമായ വശം. ഈ അവസര വികസനത്തില്‍ സ്ത്രീകള്‍ക്ക്‌ പങ്കില്ല എന്ന പ്രഖ്യാപനമാണ്‌ ചൊവ്വാഴ്ച ഐടി മേഖലയിലെ ഉദ്യോഗസ്ഥയായ തസ്നിബാനുവിനുനേരെ ഉണ്ടായ അക്രമം. കേരളം താലിബനൈസ്ഡ്‌ ആകുകയാണ്‌. ഇവിടെ സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത്‌ സംശയദൃഷ്ടിയോടെ സമൂഹം വീക്ഷിക്കുമ്പോള്‍ ലൈംഗിക ഇര തേടുന്ന ഒരു വലിയ കൂട്ടം വേട്ടക്കാര്‍ ഇവരെ എങ്ങനെ തങ്ങളുടെ ആവേശപൂര്‍ത്തീകരണത്തിനുപയോഗിക്കാം എന്ന ലക്ഷ്യത്തോടെ സമീപിക്കുന്നു. തസ്നിബാനു കാക്കനാട്ടെ സെസ്സിലെ ബിപിഒയില്‍ ജോലിനോക്കുകയാണ്‌. രാത്രി 11 മണിക്ക്‌ തുടങ്ങുന്ന ജോലിയില്‍ കയറാന്‍ ഒരു സുഹൃത്തിന്റെ ബൈക്കില്‍ പോകവെയാണ്‌ ഒരുകൂട്ടം ആളുകള്‍ അവരെ ചോദ്യംചെയ്തതും ഇത്‌ ബാംഗ്ലൂരല്ലെന്നും ഇത്തരം പരിപാടികള്‍ ഇവിടെ നടക്കില്ലെന്നും പറഞ്ഞത്‌. പ്രതികരിച്ചപ്പോള്‍ തസ്നിയുടെ കരണത്തടിക്കാന്‍പോലും ഒരാള്‍ തയ്യാറായി.

ഭരണഘടന സ്ത്രീകള്‍ക്ക്‌ തുല്യ അവകാശവും അവസര സമത്വവും നല്‍കുന്നു. അഭ്യസ്ത കേരളത്തില്‍ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. പക്ഷെ ഒരു സ്ത്രീയെ പുരുഷനോടൊപ്പം കണ്ടാല്‍ അവരെ സംശയദൃഷ്ട്യാ വീക്ഷിക്കുന്ന പുരുഷസമൂഹമാണ്‌ കേരളത്തിലേത്‌. അതേസമയം ഇതേ പുരുഷസമൂഹംതന്നെയാണ്‌ പിഞ്ചുബാലിക മുതല്‍ 92 വയസായ വൃദ്ധയെവരെ ലൈംഗികമായി ആക്രമിക്കുന്നത്‌. കേരളം സ്ത്രീകള്‍ക്ക്‌ സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറുന്നതിനെപ്പറ്റി ഇവിടത്തെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒട്ടും ജാഗ്രത പാലിക്കുന്നില്ല. രാഷ്‌ട്രീയത്തിലും അസംബ്ലിയിലും സ്ത്രീകള്‍ കുറവാണെങ്കിലും അണികളായി ധാരാളം സ്ത്രീകളുണ്ട്‌.
ഇവരാരും പൊതുനിരത്തിലോ വീട്ടിലോ ഓഫീസിലോ പൊതുവാഹനങ്ങളിലോ സുരക്ഷിതരല്ല എന്ന സത്യം ദിനംപ്രതി തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. തസ്നിബാനു ആക്രമിക്കപ്പെട്ട്‌ പോലീസ്‌ സ്ഥലത്തെത്തിയിട്ടും ക്രിമിനലിനെ പിടിക്കാന്‍ തയ്യാറായില്ല. പരാതി ലഭിച്ചില്ല എന്നതായിരുന്നു ന്യായീകരണം. സ്ത്രീയുടെ സുരക്ഷക്കുള്ള ഒരു സംവിധാനവും സ്ത്രീകളുടെ രക്ഷക്കെത്തുന്നില്ലെങ്കില്‍ സ്ത്രീ തുല്യാവകാശമുള്ള ഒരു പൗരയായി എങ്ങനെ മാനുഷികവിഭവശേഷിയായി ജീവിക്കും? ഇതിനെപ്പറ്റി ഭരണ-പ്രതിപക്ഷഭേദമെന്യേ ചിന്തിക്കേണ്ടതാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by