Categories: World

ഗ്രീസില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

Published by

ഏഥന്‍സ്‌: ഗ്രീസില്‍ പുതിയ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ചെലവ് ചുരുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാറിന് കഴിയും. 143നെതിരെ 155 വോട്ടുകള്‍ നേടിയാണ്‌ പ്രധാനമന്ത്രി ജോര്‍ജ്ജ്‌ പാപ്പഡ്രോവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടിനെ അതിജീവിച്ചത്‌.

ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന വ്യവസ്ഥയോടെയാണ് യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും ഗ്രീസിന് 12 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്തത്.  ആഭ്യന്തര ഉത്പാദനത്തിന്റെ 150 ശതമാനവും കടം വീട്ടാന്‍ കൊടുക്കേണ്ട അവസ്ഥയിലാണ് ഗ്രീസ്. കടക്കെണിയില്‍ നിന്നും ഗ്രീസിനെ കര കയറ്റണമെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ സഹായം അനിവാര്യമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.

യൂറോപ്യന്‍ യൂണിയന്റെ സഹായത്തിന് ജൂണ്‍ 28നകം പാര്‍ലമെന്റിന്റെ അംഗീകാരം നേടുക എന്നതാണ് പാപ്പന്‍ഡ്രോയ്‌ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. എന്നാല്‍ കടക്കെണിയില്‍ നിന്നും കര കയറാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ചെലവ് ചുരുക്കല്‍ നടപടി എത്രമാത്രം ഗുണകരമാകുമെന്ന സംശയവുമുണ്ട്.

ചെലവ് ചുരുക്കല്‍ നടപടിക്ക് രാജ്യാവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. ഏഥന്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. തൊഴിലാളികളും ജീവനക്കാരുമാ‍ണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരില്‍ അധികവും.

ചെലവ് ചുരുക്കല്‍ നടപ്പാക്കിയാല്‍ നികുതി വര്‍ദ്ധന, ശമ്പളം വെട്ടിക്കുറയ്‌ക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്‌ക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by