തൊടുപുഴ: മൂലമറ്റത്തെ ഭൂഗര്‍ഭ പവര്‍ഹൗസില്‍ ഉണ്ടായ തീപിടിത്തവും പൊട്ടിത്തെറിയും മൂലം നിര്‍ത്തിവച്ച വൈദ്യുതോല്പാദനം ഇന്നലെ പുനരാരംഭിച്ചു. അപകടത്തില്‍ പ്രവര്‍ത്തന രഹിതമായിരുന്ന രണ്ടാം ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമായതോടെയാണ്വൈദ്യുതോല്പാദനം പുനരാരംഭിക്കാനായത്. മൂലമറ്റത്ത് വൈദ്യുതി ഉല്പാദനം പുനഃസ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി അധികൃതര്‍ രാവിലെ തന്നെ തുടങ്ങിയിരുന്നു. ആദ്യ ജനറേറ്റര്‍ നേരത്തെ പ്രവര്‍ത്തനക്ഷമമായിരുന്നു.
മൂലമറ്റം പവര്‍ ഹൗസിലെ ജനറേറ്ററിനു സമീപമുള്ള കണ്ട്രോള് പാനലും ട്രാന്സ്ഫോര്മറുമായിരുന്നു പൊട്ടിത്തെറിച്ചത്. ഇതേതുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പൊട്ടിത്തെറിയില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അസി. എന്‍ജിനീയര്‍ തൊടുപുഴ പൂമാല തെക്കോലിക്കല്‍ മെറിന് ഐസക്കിനും (26), സബ് എന്‍ജിനീയര്‍ തിരുവനന്തപുരം ഇഞ്ചമൂല വെള്ളാരൂര്‍ ജലജമന്ദിരം കെ.എസ്.പ്രഭയ്ക്കു(48ാമാണ് പൊള്ളലേറ്റത്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇരുവരേയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പവര്‍ഹൗസില്‍നിന്ന് വൈദ്യുതി കൊണ്ടുപോകുന്ന 220 കെ.വി. ലൈനുകളിലൊന്ന് തിങ്കളാഴ്ച ഉച്ചയോടെ ഡ്രിപ്പ് ആയിരുന്നു. ലൈന്‍ ഡ്രിപ്പ് ആയതിന്റെ തകരാര്‍ പരിഹരിച്ചശേഷം ജനറേറ്ററുകള്‍ ഓണ്‍ ചെയ്തപ്പോഴാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ രാത്രിയില്‍ ഇതേ ജനറേറ്ററിന്റെ ഗവേണിങ് യാര്‍ഡില്‍ ഓയില്‍ മര്‍ദം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മറ്റൊരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. അടിയന്തരമായി ഓയില്‍ തുറന്നുവിട്ട് മര്‍ദ്ദം കുറച്ചതിനാല്‍ മറ്റൊരു വലിയ ദുരന്തം കൂടി ഒഴിവാകുകയായിരുന്നു. ട്രാന്‍സ്ഫോര്‍മറിലെ പൊട്ടിത്തെറിക്കുശേഷം ഉടന്‍തന്നെ എല്ലാ യന്ത്രങ്ങളും ഓഫ് ചെയ്തതിനാല്‍ അഗ്നിബാധ നിയന്ത്രിക്കാനും വന്‍ ദുരന്തം ഒഴിവാക്കാനും കഴിഞ്ഞു. മൂലമറ്റത്തെ പൊട്ടിത്തെറിയില്‍ സുരക്ഷാ പാളിച്ച ഇല്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ മോഹന്‍ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വലിയ വൈദ്യുതോല്പാദന കേന്ദ്രമായ മൂലമറ്റത്ത് ഉല്പാദനം നിലച്ചതോടെ സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക വൈദ്യുതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണം ഇന്നു കൂടി തുടരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ് കൊച്ചിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സംഭവം അട്ടിമറിയാണെന്ന് കരുതുന്നില്ല. രണ്ട് ദിവസത്തിനുള്ളില്‍ പവര്‍ഹൗസ് സാധാരണ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മൂലമറ്റത്ത് ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതുവരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള അരമണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ് രണ്ടുദിവസത്തേക്ക് കൂടി തുടരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി താരീഫില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് മുന്‍ പ്രസിഡന്റ് കുര്യാക്കോസിന്റെ അനുസ്മരണയോഗത്തില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കി. 2003 ലെ താരീഫാണ് ഹോട്ടലുകള്‍ക്ക് ഇപ്പോഴുള്ളത്. ഹോട്ടലുകളില്‍ എല്ലാ വിഭവങ്ങള്‍ക്കും കാര്യമായ വിലവര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും വൈദ്യുതിച്ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. വൈദ്യുതിനിരക്ക് കുറയ്ക്കണമെന്നുള്ള ഹോട്ടല്‍ ഉടമകളുടെ ആവശ്യം ന്യായമാണെങ്കിലും തല്ക്കാലം വൈദ്യുതിനിരക്ക് കൂട്ടുന്നില്ലെന്നതാണ് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: